പശുപതി പരസിനെ പാർലമെന്ററി പാർട്ടി നേതാവാക്കിയുള്ള തീരുമാനം പാർട്ടി വ്യവസ്ഥാ ലംഘനം; സ്പീക്കർക്ക് കത്തെഴുതി ചിരാഗ് പസ്വാൻ

പശുപതി പരസിനെ എൽജെപി പാർലമെന്ററി പാർട്ടി നേതാവാക്കിയുള്ള തീരുമാനം പാർട്ടി ഭരണ ഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ചിരാഗ് പസ്വാൻ സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതി. ലോക്ജനശക്തി പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് ചിരാഗ് പസ്വാനെ നീക്കിയതിന് പിന്നാലെയാണ് സ്പീക്കർക്ക് കത്തെഴുതിയത്. എൽജെപി നേതാവെന്ന നിലയിൽ തനിക്ക് അനുകൂലമായി പുതിയ സർക്കുലർ പുറപ്പെടുവിക്കണമെന്നും ചിരാഗ് ആവശ്യപ്പെട്ടു.
‘ലോക്‌സഭയിൽ നമ്മുടെ പാർട്ടിയുടെ നേതാവ് ആരായിരിക്കുമെന്ന് തീരുമാനിക്കാൻ എൽജെപിയുടെ ഭരണഘടനാ ആർട്ടിക്കിൾ 26 പ്രകാരം അധികാരമുള്ളതിനാൽ പശുപതി പരസ് എംപിയെ പാർട്ടി നേതാവായി തീരുമാനിക്കാനുള്ള പ്രഖ്യാപനം പാർട്ടി ഭരണ ഘടനയ്ക്ക് വിരുദ്ധമാണ്’. സ്പീക്കർക്ക് അയച്ച കത്തിൽ ചിരാഗ് പസ്വാൻ കത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം പശുപതി പരസിന്റെ വസതിക്ക് പുറത്ത് എൽജെപിയിലെ ചിരാഗിന്റെ പിന്തുണയ്ക്കുന്നവർ പ്രകടനം നടത്തി.
ഒരാൾക്ക് ഒരു പദവി മതിയെന്ന നയത്തെ തുടർന്നാണ് ചിരാഗ് പസ്വാനെ എൽജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. ദേശീയ അധ്യക്ഷ പദവിക്ക് പുറമേ എൽജെപി പാർലമെന്ററി പാർട്ടി നേതാവ്, പാർലമെന്ററി ബോർഡ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളും ചിരാഗ് ആണ് വഹിച്ചിരുന്നത്. ആകെ ആറ് എംപിമാരുള്ള എൽജെപിയിലെ അഞ്ചുപേരും ചിരാഗിനെതിരായിരുന്നു. കഴിഞ്ഞ ദിവസമാണ് ചിരാഗ് പസ്വാനെ ഒറ്റപ്പെടുത്തി ഒപ്പമുണ്ടായിരുന്ന എംപിമാർ എതിർപക്ഷത്തേക്ക് നീങ്ങിയത്. ചിരാഗിനെതിരെ വിമത നീക്കം നടത്തിയ അഞ്ച് എംപിമാരെയും എൽജെപി സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. പുറത്താക്കപ്പെട്ട വിമത എംപിമാരാണ് ചിരാഗിന്റെ പിതൃസഹോദരൻ പശുപതി പരസിനെ പാർലമെന്ററി പാർട്ടി നേതൃസ്ഥാനത്ത് നിയമിച്ചത്.
Story Highlights: LJP, chirag paswan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here