‘എന്റെ സ്വപ്‌നത്തിന് വേണ്ടി വണ്ടിക്കൂലി പോലും വാങ്ങാതെ അവർ അഭിനയിച്ചു’; അമീറായുടെ സംവിധായകൻ

മുഹമ്മദ് റിയാസ് സംവിധാനം ചെയ്ത അമീറാ എന്ന ചിത്രം ശ്രദ്ധേയമാകുന്നു. ജൂൺ നാലിന് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്ത ചിത്രത്തിൽ ബാലതാരം മീനാക്ഷിയുൾപ്പെടെ നിരവധി പേരാണ് അണിനിരക്കുന്നത്.
ജീവിതം മുന്നോട്ട് വച്ച പ്രതിസന്ധികൾക്കിടയിലും ചെലവ് ചുരുക്കി സിനിമയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ റിയാസ് മുഹമ്മദിന് ഒട്ടേറെ യാതനകൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. തന്റെ സിനിമയ്ക്കായി ഓൺലൈൻ ഫുഡ് ഡെലിവറി ബോയിയായും റിയാസ് ജോലി ചെയ്തു.
സിനിമയുടെ ആകെ ചെലവ് പതിനഞ്ച് ലക്ഷത്തിലേക്കാണ് റിയാസ് ഒതുക്കിയത്. തന്റെ സ്വപ്‌നം പൂവണിയാൻ പ്രതിദിനം 70,000 രൂപ വരെ പ്രതിഫലം വാങ്ങുന്ന മീനാക്ഷി അടക്കമുള്ള താരങ്ങൾ പ്രതിഫലമൊന്നും വാങ്ങാതെ അഭിനയിച്ചുവെന്ന് റിയാസ് പറയുന്നു.
മീനാക്ഷിയുടെ പിതാവ് അനൂപ് ആർ പാദുവയും സംവിധായകൻ റിയാസും ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമ തുടങ്ങുന്നതിന് മുൻപ് പ്രതിഫലത്തെ കുറിച്ച് സംസാരിച്ചപ്പോൾ ‘ ആദ്യം സിനിമ നടക്കട്ടെ, എന്നിട്ട് മതി പ്രതിഫലം’ എന്നായിരുന്നു ഉത്തരം. സിനിമയുടെ റിലീസിന് ശേഷം ലഭിക്കുന്ന വരുമാനത്തിൽ നിന്ന് പ്രതിഫലം മതിയെന്ന് അഭിനേതാക്കൾ പറഞ്ഞു.

ഒരു സിനിമാ നിർമാതാവിനെ കണ്ടെത്താനാണ് ഓൺലൈൻ ഫുഡ് ഡെലിവറി ബോയിയായി റിയാസ് ജോലി ചെയ്തത്. തുടർന്ന് നിർമാതാവിനെ കണ്ടെത്തി ചിത്രീകരണം ആരംഭിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചുവെങ്കിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വീണ്ടും പ്രതിസന്ധിയിലായി. ഒരിടവേളയ്ക്ക് ശേഷം ഷൂട്ടിംഗ് ആരംഭിച്ചുവെങ്കലും, മാതാവിന് അപ്രതീക്ഷിതമായി വന്ന സ്‌ട്രോക്ക്, വെള്ളപ്പൊക്കം എന്നിവയുടെ രൂപത്തിൽ മറ്റും പ്രതിസന്ധികൾ വന്നുകൊണ്ടേയിരുന്നു. ഇതെല്ലാം മറികടന്നാണ് ആനുകാലിക പ്രസക്തിയുള്ള ‘അമീറാ’ എന്ന ചിത്രം റിയാസ് ഒരുക്കിയത്. പൗരത്വ ബില്ലിനെക്കുറിച്ചുള്ള ചർച്ചകളിലൂന്നി സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം പറയുന്നത്. ജി.ഡബ്ല്യു.കെ എന്റർടൈൻമെന്റ്‌സ്, ടീം ഡിസംബർ മിസ്റ്റ് എന്നിവരുടെ ബാനറിൽ അനിൽ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.

മീനാക്ഷിയെ കൂടാതെ സഹോദരൻ ഹാരിഷ്, കോട്ടയം രമേഷ്, കോട്ടയം പുരുഷൻ, സംവിധായകൻ ബോബൻ സാമുവൽ, സുമേഷ് ഗുഡ്‌ലക്ക്, മീനാക്ഷി മഹേഷ്, ഉമേഷ് ഉണ്ണികൃഷ്ണൻ,സന്ധ്യ, സുജാത ബിജു,മായ സജീഷ് , രാഹുൽ ഫിലിപ്പ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ്.
ജി.ഡബ്ല്യു.കെ എന്റർടൈൻമെന്റ്‌സ്, ടീം ഡിസംബർ മിസ്റ്റ് എന്നിവരുടെ ബാനറിൽ അനിൽ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ജൂൺ 4 ന് ഫസ്റ്റ് ഷോസ് ലൈം ലൈറ്റ് സിനിയാ എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തു. പി.പ്രജിത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സനൽ രാജാണ്. പ്രോജക്ട് ഡിസൈനർ റിയാസ് മുഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോസ് കുരിയാക്കോസ്, ടോണി ജോസഫ്, കലാ സംവിധാനം ഫാരിസ് മുഹമ്മദ്, സംഗീത സംവിധാനം അനൂപ് ജേക്കബ്, ബിജിഎം ജോയൽ ജോൺസ്,കോസ്റ്റ്യൂം ടി.പി ഫർഷാൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് രാജീവ് ശേഖർ, വാർത്ത പ്രചരണം പി. ശിവപ്രസാദ്, സുനിത സുനിൽ .
Story Highlights: director riyas muhammed about ameera
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here