കൊല്ലത്ത് സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവം; എന്‍ഐഎ പ്രാഥമിക അന്വേഷണം തുടങ്ങി

കൊല്ലം പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്. ഏജന്‍സി പൊലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. തീവ്രവാദ ബന്ധത്തിന് തെളിവുകള്‍ ലഭിച്ചതായി സ്ഥിരീകരിച്ചിട്ടില്ല. എന്‍ഐഎ ക്യൂ ബ്രാഞ്ചുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്‍ഐഎ കൊച്ചി യൂണിറ്റ് ടീം പൊലീസിനൊപ്പം സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതിനിടെ പാടത്ത് നിന്ന് കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മിച്ചത് തമിഴ്‌നാട്ടിലെ കമ്പനിയിലാണെന്ന് കണ്ടെത്തി. തിരുച്ചിയിലെ സ്വകാര്യകമ്പനിയില്‍ നിര്‍മിച്ചതാണിതെന്നാണ് പൊലീസ് കണ്ടെത്തല്‍. സണ്‍ 90 ബ്രാന്‍ഡ് ജലാറ്റിന്‍ സ്റ്റിക്കാണിത്. എന്നാല്‍ ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കാണ് വിറ്റതെന്ന് കണ്ടെത്താനായിട്ടില്ല. ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കും.
അതേസമയം സ്ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ചത് മൂന്നാഴ്ച മുമ്പാണെന്നാണ് പൊലീസ് നിഗമനം. ഭീതിപരത്താനാണോ സ്ഫോടകവസ്തുക്കള്‍ പ്രദേശത്ത് ഉപേക്ഷിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. കണ്ടെത്തിയ ഡിറ്റനേറ്റര്‍ സ്‌ഫോടനശേഷിയില്ലാത്തതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
Story Highlights: kollam, explosives, pathanapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here