കുട്ടമ്പുഴയിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

കോതമംഗലം കുട്ടമ്പുഴയിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി . ജെസിബി ഉപയോഗിച്ച് കിണർ ഇടിച്ചു നിരത്തിയാണ് ആനയെ കിണറ്റിൽ നിന്ന് കയറ്റിയത്. നേര്യമംഗലം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനപാലക സംഘവും നാട്ടുകാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം.
പിണവൂർകുടി ആദിവാസി കോളനിയിൽ പുലർച്ചെയാണ് കാട്ടാനക്കൂട്ടം എത്തിയത്. അതിനിടെ കൂട്ടം തെറ്റിയ പിടിയാന കോളനിയിലെ ഗോപാലകൃഷ്ണന്റെ റബർ തോട്ടത്തിലുള്ള കിണറ്റിൽ വീഴുകയായിരുന്നു. ഏകദേശം പത്ത് വയസ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് കിണറ്റിൽ വീണത്. വനപാലകരും പ്രദേശവാസികളും മൂന്ന് മണിക്കൂറോളം നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ആനയെ കിണറ്റിൽ നിന്ന് കയറ്റിയത്.
രക്ഷപ്പെട്ടയുടൻ ആന പൂയംകുട്ടി വനമേഖലയിലേയ്ക്ക് തിരികെ പോയി. കാട്ടാനക്കൂട്ടം സമീപത്തെ കൃഷിയിടങ്ങൾ നശിപ്പിച്ചതായി നാട്ടുകാർ പരാതിപ്പെടുന്നു. ജനവാസ കേന്ദ്രമായ ഇവിടെ കാട്ടാനശല്യം രൂക്ഷമാണ്. കാട്ടാനക്കൂട്ടത്തെ തുരുത്തുവാനായി യാതൊരു നടപടികളും ഉണ്ടാകാത്തതിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
Story Highlights: kuttambuzha wild elephant rescued
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here