ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സ്റ്റീവ് സ്മിത്ത്; കോലിക്കും നേട്ടം

ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ഇംഗ്ലണ്ട് പരമ്പരയിൽ മോശം പ്രകടനം നടത്തിയ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണെ മറികടന്നാണ് സ്മിത്ത് ഒന്നാം സ്ഥാനത്ത് എത്തിയത്. ഇന്ത്യൻ നായകൻ വിരാട് കോലി നാലാം സ്ഥാനത്തേക്ക് കയറി.
ഒന്നാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തിന് 891 പോയിൻ്റാണ് ഉള്ളത്. വില്ല്യംസണ് 886 പോയിൻ്റുണ്ട്. 878 പോയിൻ്റുള്ള ഓസീസ് താരം മാർനസ് ലബുഷെയ്നാണ് മൂന്നാമത്. നാലാം സ്ഥാനത്തുള്ള കോലിക്ക് 814 പോയിൻ്റാണ് ഉള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, ഇംഗ്ലണ്ട് പര്യടനം എന്നിവയൊക്കെ ഉള്ളതുകൊണ്ട് തന്നെ കോലിക്ക് റാങ്കിംഗിൽ മുന്നേറാൻ അവസരമുണ്ട്.
കോലിക്കൊപ്പം ഋഷഭ് പന്ത്, രോഹിത് ശർമ്മ എന്നിവരാണ് ആദ്യ 10 സ്ഥാനങ്ങളിൽ ഉള്ള ഇന്ത്യൻ താരങ്ങൾ. ഇരുവരും 747 പോയിൻ്റുമായി ആറാം സ്ഥാനത്താണ്.
ബൗളർമാരിൽ അർ അശ്വിൻ (850) രണ്ടാം സ്ഥാനം നിലനിർത്തി. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസ് (908) ആണ് ഒന്നാമത്. അശ്വിൻ മാത്രമാണ് ബൗളർമാരിൽ ആദ്യ പത്തിലുള്ള ഇന്ത്യൻ താരം. ഓൾറൗണ്ടർമാരിൽ രവീന്ദ്ര ജഡേജ (386) വിൻഡീസ് താരം ജേസൻ ഹോൾഡറിനു (412) പിന്നിൽ രണ്ടാമതുണ്ട്. ജഡേജക്കൊപ്പം ആർ അശ്വിൻ (353) ഓൾറൗണ്ടർമാരിൽ നാലാമതുണ്ട്.
അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഈ മാസം 18ന് ഇംഗ്ലണ്ടിനെ സതാംപ്ടണിൽ ആരംഭിക്കും. ജൂൺ 23 റിസർവ് ഡേ ആയിരിക്കും. കളി സമനിലയിൽ പിരിഞ്ഞാൽ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും.
Story Highlights: Steve Smith replaces Kane Williamson as top-ranked Test batsman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here