396ൽ ഡിക്ലയർ ചെയ്ത് ഇംഗ്ലണ്ട് വനിതകൾ; ഇന്ത്യ വിയർക്കും

ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് വനിതകൾക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ 396 റൺസ് നേടി ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഇംഗ്ലണ്ടിനായി മൂന്ന് താരങ്ങൾ ഫിഫ്റ്റിയടിച്ചു. 95 റൺസെടുത്ത ക്യാപ്റ്റൻ ഹെതർ നൈറ്റാണ് ആതിഥേയരുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി സ്നേഹ് റാണ 4 വിക്കറ്റ് വീഴ്ത്തി. ദീപ്തി ശർമ്മയ്ക്ക് മൂന്ന് വിക്കറ്റുണ്ട്.
ആദ്യ വിക്കറ്റിൽ തന്നെ 69 റൺസ് കൂട്ടുകെട്ടുയർത്തിയ ഇംഗ്ലണ്ട് ഇന്ത്യയെ മത്സരത്തിൽ നിന്ന് തന്നെ പുറത്താക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത്. രണ്ടാം വിക്കറ്റിൽ 71 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ തമി ബ്യൂമൊണ്ടും ഹെതർ നൈറ്റും തുടക്കം ഓപ്പണർമാർ നൽകിയ തുടക്കം നന്നായി മുതലെടുത്തു. 66 റൺസെടുത്ത തമിയെ പുറത്താക്കിയ സ്നേഹ് റാണ ഈ കൂട്ടുകെട്ട് പൊളിച്ചു. മൂന്നാം വിക്കറ്റിൽ നതാലി സിവറും ഹെതർ നറ്റും ചേർന്ന് നേടിയ 90 റൺസ് ഇംഗ്ലണ്ടിനെ വീണ്ടും ഡ്രൈവിംഗ് സീറ്റിലാക്കി.
സിവറിനെ (42) പുറത്താക്കിയ ദീപ്തി മധ്യനിരയുടെ തകർച്ചയ്ക്ക് തുടക്കമിട്ടു. ഏമി ജോൻസ് (1), ജോർജിയ എല്വിസ് (5) എന്നിവരെ സ്നേഹ് റാണ പുറത്താക്കിയപ്പോൾ ഹെതർ നൈറ്റ് (95) ദീപ്തിയുടെ ഇരയായി മടങ്ങി. കാതറിൻ ബ്രണ്ട് (8) ഝുലൻ ഗോസ്വാമിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 7 വിക്കറ്റ് നഷ്ടത്തിൽ 270 എന്ന നിലയിൽ നിന്ന് 8, 9 വിക്കറ്റുകളിൽ വാലറ്റത്തിനൊപ്പം ചേർന്ന് സോഫി ഡങ്ക്‌ലി നടത്തിയ ചെറുത്തുനിൽപ്പാണ് ഇംഗ്ലണ്ട് സ്കോർ 400നരികെ രഎത്തിച്ചത്. സോഫി എക്ലെസ്റ്റൺ (17) ദീപ്തി ശർമ്മയുടെ പന്തിൽ പുറത്തായതിനു ശേഷം 9ആം വിക്കറ്റിൽ സോഫി ഡങ്ക്ലി-ആന്യ ശ്രബ്സോൾ എന്നിവർ ചേർന്ന് 70 റൺസിൻ്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്തു. ടി-20 ശൈലിയിൽ ബാറ്റ് വീശിയ ശ്രബ്സോൾ 33 പന്തുകളിൽ 47 റൺസെടുത്ത് സ്നേഹ് റാണയുടെ പന്തിൽ കീഴടങ്ങി. ഈ വിക്കറ്റോടെ ഇംഗ്ലണ്ട് ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. സോഫി ഡങ്ക്ലി (74) പുറത്താവാതെ നിന്നു.
Story Highlights: england women 396 vs india women
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here