Advertisement

ഗംഭീര തുടക്കം കൈവിട്ട് ഇന്ത്യൻ വനിതകൾ; അഞ്ച് വിക്കറ്റ് നഷ്ടം

June 17, 2021
Google News 1 minute Read
india women innings england

ഇന്ത്യൻ വനിതകൾക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനു മുൻതൂക്കം. രണ്ടാം ദിനം അവസാനിക്കുമ്പോൾ 187 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് 5 വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. ഓപ്പണർമാരായ ഷഫാലി വർമ്മയും സ്മൃതി മന്ദനയും ചേർന്ന് നൽകിയ മികച്ച തുടക്കം മുതലാക്കാൻ ഇന്ത്യൻ മധ്യനിരയ്ക്ക് സാധിച്ചില്ല. ആദ്യ വിക്കറ്റിൽ 167 റൺസാണ് ഷഫാലിയും സ്മൃതിയും ചേർന്ന് അടിച്ചുകൂട്ടിയത്. ഷഫാലി 96 റൺസെടുത്ത് ഇന്ത്യൻ ടോപ്പ് സ്കോറർ ആയപ്പോൾ സ്മൃതി മന്ദന 78 റൺസെടുത്ത് പുറത്തായി.

ഇന്ത്യൻ ഇന്നിംഗ്സിൽ 17കാരി ഷഫാലി വർമ്മയാണ് താരമായത്. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 396 എന്ന കൂറ്റൻ സ്കോറിനു മറുപടിയുമായി ഇറങ്ങിയ ഇന്ത്യയെ സ്മൃതിക്കൊപ്പം ചേർന്ന് ഷഫാലി മുന്നോട്ടുനയിച്ചു. ആദ്യ ഓവറുകളിൽ പ്രതിരോധം സ്വീകരിച്ച ഇരുവരും പന്ത് പഴകിയതിനു ശേഷം യഥേഷ്ടം ഷോട്ടുകൾ കളിച്ചു. 22 ടി-20 ടെസ്റ്റ് മത്സരങ്ങളുടെ മാത്രം അനുഭവസമ്പത്തുമായി ടെസ്റ്റ് ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ഷഫാലി ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ചില പിഴവുകൾ ബാക്കിനിൽക്കുന്നുണ്ടെങ്കിലും പഴുതടച്ച പ്രതിരോധം കാഴ്ചവച്ച് ഇംഗ്ലണ്ട് ബൗളർമാരെ തളർത്തിയ ഷഫാലി പിച്ചും പന്തും പഴകിയപ്പോൾ ബീസ്റ്റ് മോഡിലേക്ക് മാറി. ഗ്രൗണ്ടിൻ്റെ നാലുപാടും പന്തെത്തി. ഷഫാലിക്ക് സ്മൃതി മന്ദന ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യ കുതിച്ചു. ഇരുവരും ഫിഫ്റ്റി തികച്ചു. ഒടുവിൽ, അരങ്ങേറ്റ മത്സരത്തിലെ സെഞ്ചുറിക്ക് 4 റൺസകലെ ഷഫാലി വീണു. കേറ്റ് ക്രോസിനെ ഉയർത്തിയടിക്കാനുള്ള ശ്രമം ആന്യ ശ്രബ്സോളിൻ്റെ കൈകളിൽ അവസാനിച്ചു.

ഷഫാലിയുടെ വിക്കറ്റ് വീണതോടെ ഇന്ത്യക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. സ്മൃതി മന്ദനയും (78) കൂറ്റൻ ഷോട്ടിനുള്ള ശ്രമത്തിനിടെ നതാലി സിവർക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പൂനം റാവത്ത് (2), ശിഖ പാണ്ഡെ (0) എന്നിവരെ ഹെതർ നൈറ്റ് പുറത്താക്കി. മിതാലി രാജ് (2) സോഫി എക്ലെസ്റ്റണിനു മുന്നിൽ വീണു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഹർമൻപ്രീത് കൗർ (4), ദീപ്തി ശർമ്മ (0) എന്നിവരാണ് ക്രീസിൽ.

Story Highlights: india women first innings vs england

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here