രണ്ട് വർഷത്തെ കരാർ ആവശ്യപ്പെട്ടപ്പോൾ ഒരു വർഷത്തേത് തന്നു; അത് സ്വീകരിച്ചപ്പോൾ കരാർ റദ്ദാക്കി: റാമോസ്

ക്ലബ് വിടാൻ കാരണം കരാർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നെന്ന് റയൽ മാഡ്രിഡ് വിട്ട സ്പാനിഷ് താരം സെർജിയോ റാമോസ്. താൻ രണ്ട് വർഷത്തെ കരാർ ആവശ്യപ്പെട്ടപ്പോൾ ക്ലബ് നൽകിയത് ഒരു വർഷത്തെ കരാർ ആണെന്നും അത് സ്വീകരിച്ചപ്പോൾ കരാർ റദ്ദായെന്ന് ക്ലബ് തന്നെ അറിയിച്ചു എന്നും റാമോസ് പറഞ്ഞു. ക്ലബ് വിടുന്നു എന്ന് അറിയിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് റാമോസിൻ്റെ വെളിപ്പെടുത്തൽ.
“ഞാൻ ക്ലബ് വിടാൻ ആഗ്രഹിച്ചിരുന്നില്ല. ഇവിടെ തുടരാനായിരുന്നു താത്പര്യം. പ്രതിഫലം വെട്ടിക്കുറച്ചുകൊണ്ടുള്ള ഒരു വർഷത്തെ കരാറാണ് ആദ്യം ക്ലബ് എനിക്ക് ഓഫർ ചെയ്തത്. എന്നാൽ എനിക്കും കുടുംബത്തിനും വേണ്ടി ഞാൻ രണ്ട് വർഷത്തെ കരാർ ആവശ്യപ്പെട്ടു. എന്നാൽ ക്ലബ് ഈ ആവശ്യം അംഗീകരിച്ചില്ല. അങ്ങനെ അവസാന ചർച്ചയിൽ ഞാൻ ക്ലബ് മുന്നോട്ടുവച്ച ഒരു വർഷത്തെ കരാർ വാസ്വീകരിക്കാൻ തയ്യാറായി. എന്നാൽ ആ ഓഫർ അംഗീകരിക്കുന്നതിനുള്ള കാലാവധി അവസാനിച്ചെന്ന് ക്ലബ് അറിയിച്ചു. ഒരു വർഷത്തെ കരാറിന് എക്സ്പയറി ഡേറ്റുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. അവർ എന്നോടത് പറഞ്ഞിരുന്നില്ല. അതെന്നെ അത്ഭുതപ്പെടുത്തി.”- റാമോസ് പറഞ്ഞു.
16 വർഷം നീണ്ട ബ്രഹത്തായ കരിയറിനു ശേഷമാണ് റാമോസ് ക്ലബ് വിട്ടത്. നിറകണ്ണുകളോടെയാണ് സ്പാനിഷ് പ്രതിരോധ താരം ക്ലബിനോടും ആരാധകരോടും വിടപറഞ്ഞത്. 2005ലാണ് 19 കാരനായ റാമോസ് റയൽ മാഡ്രിഡിൽ എത്തുന്നത്. സെവിയ്യയിൽ നിന്ന് റെക്കോർഡ് തുകയ്ക്ക് സ്പാനിഷ് വമ്പന്മാർക്കൊപ്പം പന്ത് തട്ടിത്തുടങ്ങിയ റാമോസ് 16 വർഷങ്ങൾ കൊണ്ട് 671 തവണയാണ് റയലിനായി കളത്തിലിറങ്ങിയത്. 101 തവണ റാമോസ് എതിരാളികളുടെ ഗോൾവലയം ഭേദിച്ചു. അഞ്ച് ലാലിഗ കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ 22 കിരീടങ്ങളാണ് റയലിനൊപ്പം റാമോസ് നേടിയത്.
Story Highlights: sergio ramos about contract problems in real madrid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here