സ്വപ്ന ലക്ഷ്യത്തിലേക്ക് ഒരു പടിയകലം; ആദർശിന് സ്പെയിനിലെ ഫുട്ബോള്‍ ക്ലബ്ബിലേക്കുള്ള വഴിയൊരുങ്ങുന്നു

ഫുട്ബോൾ താരങ്ങളുടെ പറുദീസയായ സ്പെയിനിൽ കളിക്കാനും പരിശീലിക്കാനുമുള്ള ആദർശിന്റെ സ്വപ്ന തുല്യമായ ആഗ്രഹം സാക്ഷാത്ക്കരിക്കാൻ ഇനി അധിക നാളുകളില്ല. ആലപ്പുഴ മാന്നാർ സ്വദേശിയായ ഇരുപത്തൊന്നുകാരൻ പി.ആർ. ആദർശ് സ്പെയ്നിലെ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബായ സിഡിലാവിർ ജെൻഡൽ കാമിനോയുടെ ക്ഷണം ലഭിച്ചപ്പോൾ അതിയായ ആഹ്ലാദത്തിലും അമ്പരപ്പിലുമായിരുന്നു.
സ്പാനിഷ് ഫുട്ബോളിൽ ഗ്രൂപ്പ് എട്ടിൽ ഡിവിഷൻ 3 വിഭാഗത്തിൽ വരുന്ന ക്ലബ്ബാണിത്. മേയ് എട്ടുമുതൽ 21വരെയാണ് പരിശീലനത്തിനായുള്ള ആദ്യം അറിയിപ്പ് ലഭിച്ചിരുന്നതെങ്കിലും കൊവിഡിന്റെ രണ്ടാംതരംഗം മൂലം മാറ്റിവെച്ചു. ഇപ്പോൾ ഓഗസ്റ്റ് 16 മുതൽ 30വരെ നടക്കുന്ന പരിശീലനത്തിലും കളികളിലും പങ്കെടുക്കാനാണു ക്ഷണം.
ക്ലബ് സ്‌കൗട്ടുകളാണ് തന്നെ തെരഞ്ഞെടുത്തതെന്ന് ആദർശ് അറിയിച്ചു. ഈ നേട്ടം ആദർശിന്റെ പിതാവ് പ്രകാശ് പുതുപ്പള്ളിയുടെ കൂടെ സ്വപ്ന സാക്ഷാത്ക്കരമാണ്. തന്റെ മകനെ ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാക്കാൻ സഹായിക്കുന്ന ഒരു ശ്രമവും അദ്ദേഹം ഒഴിവാക്കിയിട്ടില്ല. ടെമ്പോ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടയിൽ പ്രകാശ് തന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും മകന്റെ സ്വപ്നത്തിന്റെ പൂർത്തീകരണത്തിനായി ചെലവഴിച്ചു. സ്പാനിഷ് ക്ലബ്ബിന്റെ ക്ഷണം ആ ദിശയിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണെന്ന് മുൻ ഫത്തേ എഫ്.സി ഹൈദരാബാദ് കളിക്കാരൻ ആദർശ് വിശ്വസിക്കുന്നു.
കൊവിഡ് വാക്സിനുകളുടെ കുറവും ഒരു തടസ്സമായിരുന്നു. “ആദ്യത്തെ ഡോസ് സ്വീകരിക്കാൻ മന്ത്രിമാരും മറ്റ് രാഷ്ട്രീയ നേതാക്കളും എന്നെ സഹായിച്ചു. രണ്ടാമത്തെ ഡോസ് ലഭിച്ച ശേഷം ഞാൻ സ്പെയിനിലേക്ക് പോകും, ”ആദർശ് പറഞ്ഞു. ഒരു ഫുട്ബോൾ കളിക്കാരനാകാനുള്ള തന്റെ ബാല്യകാല സ്വപ്നം പൂർത്തീകരിക്കപ്പെട്ടിട്ടില്ലെന്നും ഇത് മകനിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നുവെന്നും പിതാവ് അറിയിച്ചു.
സ്പെയിനിൽ പരിശീലനത്തോടൊപ്പം മൂന്നു ക്ലബ്ബുകളുമായി കളിക്കാനും അവസരം കിട്ടും. മൂന്നരലക്ഷം രൂപയോളം ചെലവഴിച്ചാണ് സ്‌പെയിൽ പോകുന്നത്. സുമനസ്സുകളുടെ സഹായത്തോടെയാണ് തുക കണ്ടെത്തിയത്.
പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്ന ആദർശ്, 2018 ൽ ആദ്യമായി ശ്രദ്ധ നേടിയത് ഷില്ലോങ്ങിലെ കേരള യൂത്ത് ടീമിനായി കളിക്കുമ്പോൾ രണ്ട് ഗോളുകൾ നേടുകയും മൂന്ന് ഗോളുകൾക്ക് അവസരമൊരുക്കിയുമാണ്.
ഇൻഡ്യൻലീഗ് ഡിവിഷൻ 2 സീനിയർ ടീമായ രാജസ്ഥാൻ ഫുട്ബോൾ ക്ലബ്ബ്, പഞ്ചാബ് മിനർവ എന്നിവയ്ക്കുവേണ്ടിയും ആദര്‍ശ് കളിച്ചിട്ടുണ്ട്. ഹൈദരാബാദ് ക്ലബ്ബിന്റെ അണ്ടർ 18 ടീം അംഗമായ സമയത്ത് പഞ്ചാബ്, ഹരിയാന, ഗോവ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി മത്സരങ്ങളിൽ ഈ താരം പങ്കെടുത്തിരുന്നു. തിരുവല്ല മാർത്തോമ കോളേജിലെ അവസാന വർഷ ധനതത്വശാസ്ത്ര ബിരുദ വിദ്യാർഥിയായ ആദർശ് അന്തർ സർവ്വകലാശാല മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here