Advertisement

ഇന്ത്യയിൽ മൂന്നാം തരംഗം ഒക്ടോബറിൽ എത്തിയേക്കുമെന്ന് വിദഗ്‌ധർ; ഒരു വർഷം കൂടി ആശങ്ക തുടരും

June 18, 2021
Google News 1 minute Read

കൊവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയിൽ ഒക്ടോബറിൽ എത്തിയേക്കുമെന്ന് വിദഗ്ദർ. രാജ്യത്ത് കൊവിഡ് മഹാമാരി ഒരു വര്‍ഷംകൂടി പൊതുജനാരോഗ്യ പ്രശ്‌നമായി തുടരുമെന്നും അവർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 40 ആരോഗ്യ പരിചരണ വിദഗ്ധര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, വൈറോളജിസ്റ്റുകള്‍, പ്രൊഫസര്‍മാര്‍ എന്നിവരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയാണ് ഇത് റിപ്പോർട്ട് ചെയ്തത്.

കൊവിഡ് രണ്ടാം തരംഗത്തേക്കാൾ മികച്ച രീതിയിൽ മൂന്നാം തരംഗത്തെ നേരിടാൻ കഴിയുമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു. ജൂൺ മൂന്നിനും 17 നും ഇടയാണ് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി ഇത് സംബന്ധിച്ച സർവേ നടത്തിയത്. 85 ശതമാനം വിദഗ്ധരും മൂന്നാം തരംഗം ഒക്ടോബറിൽ ഉണ്ടാകുമെന്ന് പ്രവചിച്ചു. മൂന്ന് വിദഗ്ദർ മൂന്നാം തരംഗം ഓഗസ്റ്റിൽ എത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 12 പേർ സെപ്റ്റംബറിൽ എത്തുമെന്ന് അഭിപ്രായപ്പെട്ടു. നവംബറിനും അടുത്തവര്‍ഷം ഫെബ്രുവരിക്കും ഇടയിലാവും മൂന്നാം തരംഗം എത്തുകയെന്നും ഒരു വിഭാഗം വിദഗ്ധര്‍ വിലയിരുത്തി. രണ്ടാം തരംഗത്തെക്കാള്‍ മികച്ച രീതിയില്‍ മൂന്നാം തരംഗത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് 70 ശതമാനം വിദഗ്ധരും പ്രതീക്ഷ പ്രകടിപ്പിച്ചത്.

ഏപ്രിൽ – മെയ് മാസങ്ങളിലാണ് രണ്ടാം തരംഗം അതിന്റെ ഉച്ചസ്ഥായിയിൽ രാജ്യത്തെ ആഞ്ഞടിച്ചത്. ഏറ്റവും ഉയർന്ന മരണ നിരക്കും രോഗബാധയും റിപ്പോർട്ട് ചെയ്തതും ഈ സമയത്താണ്. വാക്‌സിന്‍, ഓക്‌സിജന്‍, മരുന്നുകള്‍, ആശുപത്രി കിടക്കകള്‍ എന്നിവയുടെ ക്ഷാമവും രണ്ടാം തരംഗത്തിനിടെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. അതിനുശേഷമാണ് രാജ്യത്തെ കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ അടക്കമുള്ളവയാണ് രോഗവ്യാപനം കുറയാന്‍ ഇടയാക്കിയത്.

കൂടുതൽ പേർക്ക് വാക്സിൻ ലഭിക്കുന്നതോടെ മൂന്നാം തരംഗത്തെ കാര്യക്ഷമമായി നിയന്ത്രിക്കാൻ കഴിയുമെന്ന് ഡൽഹി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ അഭിപ്രായപ്പെട്ടു. രോഗബാധിതരുടെ എണ്ണത്തിലും കുറവ് ഉണ്ടായേക്കാം. രോഗപ്രതിരോധ ശേഷിയും മൂന്നാം തരംഗത്തിനിടെ വര്‍ധിച്ചേക്കാമെന്നും ഗുലേറിയ അറിയിച്ചു.

എന്നിരുന്നാലും, മൂന്നാം തരംഗം കുട്ടികളെയും 18 വയസില്‍ താഴെയുള്ളവരെയും എത്തരത്തില്‍ ബാധിക്കും എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമാണ് വിദഗ്ധര്‍ പങ്കുവച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സര്‍വെയില്‍ പങ്കെടുത്ത 40 ല്‍ 26 വിദഗ്ധരും കുട്ടികളില്‍ രോഗബാധയ്ക്ക് സാധ്യതയുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. 14 പേര്‍ മാത്രമാണ് വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. കൊവിഡ് ഒരു വര്‍ഷംകൂടി പൊതുജനാരോഗ്യ പ്രശ്‌നമായി രാജ്യത്ത് നിലനില്‍ക്കുമെന്ന് 30 വിദഗ്ധരും പ്രവചിച്ചു,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here