കോൺഗ്രസിൽ ചതിയന്മാർ എല്ലാക്കാലത്തും ഉണ്ടായിരുന്നു; ചതിയന്മാരുള്ള പാർട്ടിയെ എങ്ങനെ വിശ്വസിക്കുമെന്ന് എംവി ജയരാജൻ

കോൺഗ്രസിൽ എല്ലാക്കാലത്തും ചതിയന്മാർ ഉണ്ടായിരുന്നെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പകരം കോർപറേറ്റുകൾക്ക് വേണ്ടിയുള്ള നയം സ്വീകരിക്കുന്നവരെ എങ്ങവരെ വിശ്വസിക്കുമെന്ന് അദ്ദേഹം ചോദിച്ചു. 1995 മാർച്ച് 15 ന് പുത്തരിക്കണ്ടം മൈതാനിയിൽ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ രാജിക്ക് മുമ്പ് നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം പങ്കുവെച്ചാണ് എംവി ജയരാജൻ കോൺഗ്രസിന് നേരെ വിമർശനമുന്നയിച്ചത്.
‘1995 മാർച്ച് 15 ന് പുത്തരിക്കണ്ടം മൈതാനിയിൽ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ നടത്തിയ രാജിക്ക് മുമ്പുള്ള പ്രസംഗത്തിൽ നിന്നാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർത്ത. അന്ന് കരുണാകരൻ പറഞ്ഞത് എന്നെ പിന്നിൽനിന്ന് കുത്തിയത് ചതിയന്മാരായ എന്റെ സഹപ്രവർത്തകരാണ്. അത് മറ്റാരുമായിരുന്നില്ല ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ്. അന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കരുണാകരനെ പുകച്ച് പുറത്ത് ചാടിക്കാൻ കേരളത്തിൽ അങ്ങോളമിങ്ങോളം പൊതുയോഗങ്ങളിൽ പ്രസംഗിക്കുകയും ഹൈക്കമാൻഡിന് പരാതി നൽകുകയും അങ്ങനെ കരുണാകരന്റെ രാജിയിലേക്ക് സംഭവങ്ങൾ എത്തിക്കുകയും ചെയ്തത് ഉമ്മൻചാണ്ടിയടക്കമുള്ളവരായിരുന്നു.
ഇപ്പോൾ 2021 ൽ രമേശ് ചെന്നിത്തലയെ പ്രതിപക്ഷസ്ഥാനത്തു നിന്ന് നീക്കം ചെയ്യാൻ അദ്ദേഹത്തിനെയും ചതിച്ചത് അദ്ദേഹം പാലൂട്ടി വളർത്തിയ കോൺഗ്രസ് നേതാക്കന്മാരാണ് എന്നതാണ് അദ്ദേഹം പറയുന്നത്. ഒരു കാര്യം വ്യക്തമാണ്. കോൺഗ്രസിൽ ചതിയന്മാർ എല്ലാ കാലത്തും ഉണ്ടായിരുന്നു. ഈ ചതിയന്മാരുള്ള പാർട്ടിയെ എങ്ങനെ വിശ്വസിക്കാൻ കഴിയും. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി പൊരുതുന്നതിനു പകരം അവിടെയും കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള നയം സ്വീകരിക്കുന്ന ഇവരെ എങ്ങനെ വിശ്വസിക്കാൻ പറ്റും. ഇത് അന്നും ഇന്നും കോൺഗ്രസിനെ അലട്ടുന്ന ഒരു മുഖ്യവിഷയമാണ്’.
Story Highlights: MV Jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here