തറയിൽ ഫിനാൻസ് തട്ടിപ്പ് : സജി സാമിന്റെ ഭാര്യയെ കൂടി പ്രതിചേർത്തു; റാണി ഒളിവിൽ

പത്തനംതിട്ട തറയിൽ ഫിനാൻസ് തട്ടിപ്പ് കേസിൽ സ്ഥാപന ഉടമ സജി സാമിന്റെ ഭാര്യയെ കൂടി പ്രതിചേർത്തു. റാണി നിലവിൽ ഒളിവിലാണ്. സജിയുടെ വസ്തു ഇടപാടുകളും പൊലീസ് പരിശോധിക്കും. റിമാൻഡിലുള്ള സജി സാമിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകും.
തറയിൽ ഫിനാൻസ് നിക്ഷേപ തട്ടിപ്പിൽ പ്രതി സജി സാമിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. മക്കളായ ശ്രേയ, ഷിനോജ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. സൈബർ സാമ്പത്തിക വിദഗ്ധർക്കൂടി അന്വേഷണത്തിൽ പങ്കാളികളാണ്.
സ്വർണ പണയം കുറഞ്ഞതും പോപ്പുലർ ഫിനാൻസിന്റെ തകർച്ചയുമാണ് തിരിച്ചടിയായതെന്ന സജിയുടെ മൊഴി വിശ്വാസത്തിൽ എടുത്തിട്ടില്ല. തട്ടിപ്പിന് പിന്നിലെ ആസൂത്രണ സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. സജിക്കൊപ്പം ഒളിവിൽ പോയ മാനേജിംഗ് പാട്ണറായ ഭാര്യ റാണിയെയും പ്രതി ചേർത്തിട്ടുണ്ട്.
അടുത്തിടെ പലയിടങ്ങളിലായി 52 സെന്റ് സ്ഥലം സജി വിൽപന നടത്തിയിരുന്നു. ഇത് സംബന്ധിച്ച രേഖകൾ പൊലീസ് താലൂക്ക് ഓഫിസിൽ നിന്ന് ശേഖരിക്കും. റിമാൻഡിൽ കഴിയുന്ന സജിയെ കസ്റ്റഡിയിൽ വാങ്ങി നിക്ഷേപകരുടെ പണം സംബന്ധിച്ച് വിശദമായി ചോദ്യം ചെയ്യും. വിവിധ സ്റ്റേഷനുകളിലായി 59 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള തറയിൽ ഫിനാൻസ് തട്ടിപ്പിൽ 70 കോടിയിലധികം രൂപ നഷ്ടമായിട്ടുണ്ടെന്നാണ് നിഗമനം.
Story Highlights: saji sam wife absconding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here