ഇറാനിൽ അധികാര മാറ്റം; ഇബ്രാഹിം റെയ്‌സി പുതിയ പ്രസിഡന്റ്

ഇറാനിൽ അധികാര മാറ്റം, തീവ്ര യാഥാസ്ഥിതികനായ പണ്ഡിതന്‍ ഇബ്രാഹിം റെയ്‌സിയെ ഇറാന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റായ ഹസന്‍ റൂഹാനി പുതിയ പ്രസിഡന്റിന് അഭിനന്ദനങ്ങൾ അറിയിച്ചു. പുതിയ പ്രസിഡന്റിനെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനെ തുടർന്ന് പേര് പറയാതെയാണ് റുഹാനി അഭിനന്ദനം അറിയിച്ചത്.
മറ്റ് സ്ഥാനാർഥികളായിരുന്ന മുഹ്‌സിന്‍ റെസായ്, ആമിര്‍ ഹുസൈന്‍ ഗാസിസാദി ഹാശിമി എന്നിവരും പുതിയ പ്രസിഡന്റിന് അഭിനന്ദനങ്ങൾ അറിയിച്ചു. പുതിയ പ്രസിഡന്റിന് ശക്തവും ജനകീയവുമായ സർക്കാരിനെ കെട്ടിപ്പടുക്കാൻ സാധിക്കട്ടെയെന്നും റെസായ് ആശംസിച്ചു.
അമേരിക്കയുടെ ഉപരോധം നേരിടുന്ന വ്യക്തിയാണ് ഇബ്രാഹിം റെയ്‌സി. അദ്ദേഹം ഉൾപ്പെട നാല് പേരാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. 2017ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനേക്കാള്‍ കുറഞ്ഞ വോട്ടുകളാണ് ഇത്തവണ രേഖപ്പെടുത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് പോളിങ് അവസാനിച്ചു. കൊറോണ മൂലമാണ് ഇത്രയും സമയം നീട്ടി നല്‍കിയത്. ആദ്യ ഫല സൂചനകള്‍ ശനിയാഴ്ച രാവിലെ തന്നെ വന്നിരുന്നു. അതോടെയാണ് മറ്റു സ്ഥാനാര്‍ഥികള്‍ ഇബ്രാഹിം റെയ്‌സിക്ക് ആശംസ അറിയിച്ച് രംഗത്തുവന്നത്. വെള്ളിയാഴ്ചയാണ് ഇറാനില്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന്റെ പോളിങ് നടന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രാഥമിക ഫലങ്ങള്‍ അനുസരിച്ച് വന്‍ ഭൂരിപക്ഷം നേടി സയ്യിദ് ഇബ്രാഹിം റെയ്‌സി ഇറാന്‍ പ്രസിഡന്റ് പദവിയിലേക്ക്. തിരഞ്ഞെടുപ്പില്‍ 2.86 കോടി ജനങ്ങള്‍ പങ്കാളികളായതായും 90 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ 1.78 കോടി വോട്ടുകള്‍ ഇബ്രാഹിം റെയ്‌സി നേടിയതായും ഇറാന്‍ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ജമാല്‍ ഓര്‍ഫ് പറഞ്ഞു. നാസര്‍ ഹെമ്മാതി 24 ലക്ഷം വോട്ടുകളും അമീര്‍ ഹുസൈന്‍ ഗാസിസാദെ ഹാഷിമി പത്തുലക്ഷം വോട്ടുകളും നേടിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here