Advertisement

ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ വിലക്ക് നീക്കി; ഔദ്യോഗിക പ്രതികരണവുമായി ക്ലബ്

June 19, 2021
Google News 2 minutes Read
kerala blasters transfer lifted

കേരള ബ്ലാസ്റ്റേഴ്സിന് ഏർപ്പെടുത്തിയ ട്രാൻസ്ഫർ വിലക്ക് നീക്കി ഫിഫ. ബ്ലാസ്റ്റേഴ്സ് തന്നെയാണ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം പങ്കുവച്ചത്. തൻ്റെ ശമ്പളം ഇനിയും തന്നുതീർത്തിട്ടില്ലെന്നാരോപിച്ച് മുൻ താരം മതേജ് പോപ്ലാറ്റ്നിക് നൽക്ലിയ പരാതിയിലാണ് ബ്ലാസ്റ്റേഴ്സിനെതിരെ ഫിഫ നടപടി സ്വീകരിച്ചത്. എന്നാൽ, ബ്ലാസ്റ്റേഴ്സ് ശമ്പളം കൊടുത്തുതീർത്തുവെന്നും അതുകൊണ്ട് തന്നെ ഏറെ വൈകാതെ ഈ വിലക്ക് ഫിഫ നീക്കുമെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

ഈ മാസം ഏഴിനാണ് ഫിഫ ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ, ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിച്ചു എന്നും ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും ക്ലബ് പിന്നീട് പ്രതികരിച്ചു. 2018ൽ ബ്ലാസ്റ്റേഴ്സിലെത്തിയ പോപ്ലാറ്റ്നികിനെ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് ഹം​ഗറി ക്ലബിനു വായ്പ നൽകി. കഴിഞ്ഞ സീസണിൽ താരം സ്കോട്ടിഷ് ക്ലബ് ലിവിങ്സ്റ്റിണിൽ എത്തിയിരുന്നു.

അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ സെർബിയക്കാരനായ ഇവാൻ വുകുമാനോവിച്ച് പരിശീലിപ്പിക്കും. ബെൽജിയൻ ക്ലബ്ബായ സ്റ്റാൻഡേഡ് ലീഗിന്റെ സഹപരിശീലകനായാണ് വുകുമാനോവിച്ച് തന്റെ പരിശീലക കരിയർ ആരംഭിക്കുന്നത്. 20-14 സീസണുകളിലായിരുന്നു ഇത്. 2017ൽ സ്ലൊവാക് സൂപ്പർ ലീഗ് ക്ലബ്ബായ സ്ലോവൻ ബ്രാറ്റിസ്ലാവയുടെ പരിശീലകനായ അദ്ദേഹം സ്ലോവൻ ബ്രാറ്റിസ്ലാവയെ സൂപ്പർ കപ്പ് ചാമ്പ്യന്മാരാക്കി. സൈപ്രിയറ്റ് ഒന്നാം ഡിവിഷൻ ക്ലബ്ബായ അപോലൻ ലിമസോളിനെയാണ് അദ്ദേഹം അവസാനം പരിശീലിപ്പിച്ചത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച് മികച്ച പ്ലേമേക്കർ എന്ന ഖ്യാതി നേടിയ ഫക്കുണ്ടോ പെരേര വുകുമാനോവിച്ചിന് കീഴിൽ അപോലൻ ലിമസോളിൽ കളിച്ചിട്ടുണ്ട്.

Story Highlights: kerala blasters transfer ban lifted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here