‘ഭയരഹിതമായ ബാറ്റിംഗ് അതിഗംഭീരം’; ഷഫാലി വർമ്മയെ പുകഴ്ത്തി സെവാഗ്

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ കൗമാര താരം ഷഫാലി വർമ്മയെ പുകഴ്ത്തി മുൻ ഓപ്പണർ വീരേന്ദർ സെവാഗ്. ഷഫാലിയുടെ ഭയരഹിതമായ ബാറ്റിംഗ് അതിഗംഭീരമാണെന്ന് സെവാഗ് പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് എതിരാളികളെ വിറപ്പിച്ചിരുന്ന സെവാഗ് കൗമാര താരത്തെ പുകഴ്ത്തിയത്.
രണ്ട് ഇന്നിംഗ്സിലും ഫിഫ്റ്റി നേടിയ ഷഫാലിയാണ് മത്സരത്തിൽ ഇന്ത്യയെ മുന്നോട്ടുനയിക്കുന്നത്. ആദ്യ ഇന്നിംഗ്സിൽ 96 റൺസ് നേടി പുറത്തായ താരം രണ്ടാം ഇന്നിംഗ്സിൽ 55 റൺസോടെ ബാറ്റിംഗ് തുടരുകയാണ്. രണ്ട് ഇന്നിംഗ്സുകളിലും കാഴ്ചവച്ച ബാറ്റിംഗ് പ്രകടനം ക്രിക്കറ്റ് ലോകം ആകമാനം അഭിനന്ദിച്ചിരുന്നു.
അതേസമയം, ഇംഗ്ലണ്ടിനെതിരായ ആദ്യ ഇന്നിംഗ്സിൽ ഫോളോ ഓൺ വഴങ്ങിയ ഇന്ത്യ തോൽവി ഒഴിവാക്കാൻ പൊരുതുകയാണ്. ഇംഗ്ലണ്ടിൻ്റെ 396 റൺസെന്ന കൂറ്റൻ സ്കോർ പിന്തുടർന്നിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 231 റൺസിന് എല്ലാവരും പുറത്തായി. ഓപ്പണർമാരെക്കൂടാതെ ദീപ്തി ശർമ്മയ്ക്കും പൂജ വസ്ട്രാക്കർക്കും മാത്രമേ ഇരട്ടയക്കം കടക്കാൻ കഴിഞ്ഞുള്ളൂ. 96 റൺസെടുത്ത ഓപ്പണർ ഷഫാലി വർമ്മയാണ് ഇന്ത്യയുടെ ടോപ്പ സ്കോറർ. സ്മൃതി മന്ദന 78 റൺസെടുത്തു. ഇംഗ്ലണ്ടിനായി സോഫി എക്സ്ലെസ്റ്റൺ 4 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് സ്കോർബോർഡിൽ 29 റൺസ് ആയപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി. സ്മൃതി മന്ദനയാണ് (8) പുറത്തായത്. മഴയെ തുടർന്ന് മൂന്നാം ദിനം നേരത്തെ കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് എന്ന നിലയിലാണ്. ഷഫാലി വർമ്മ (55), ദീപ്തി ശർമ്മ (18) എന്നിവർ ക്രീസിൽ തുടരുകയാണ്. ഇരുവരും ചേർന്ന് അപരാജിതമായ 54 റൺസാണ് രണ്ടാം വിക്കറ്റിൽ കണ്ടെത്തിയത്. ഇന്ത്യൻ ഇന്നിംഗ്സിൽ നിന്നും ഇനിയും 82 റൺസ് കൂടി അകലെയാണ് ഇന്ത്യ.
Story Highlights: Virender Sehwag Enjoys Watching Shafali Verma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here