25
Jul 2021
Sunday

മികച്ച രോഗ പ്രതിരോധ സംവിധാനം നിലനിർത്താൻ ലോക ആരോഗ്യ സംഘടനയുടെ ചില നിർദേശങ്ങൾ

ആരോഗ്യപൂർണമായ ജീവിതത്തിന് മികച്ച ഒരു രോഗ പ്രതിരോധ സംവിധാനം അനിവാര്യമാണ്. കൊവിഡ് 19 നു കാരണമാകുന്ന നോവൽ കൊറോണ വൈറസ് ഉൾപ്പടെയുള്ള വൈറസുകളോടു പൊരുതാനും പ്രതിരോധിക്കാനുമെല്ലാം ശക്തമായ ഒരു രോഗപ്രതിരോധ സംവിധാനം ഈ സമയത്ത് ആവശ്യമാണ്. ശരിയായ പോഷകാഹാരവും ജലാംശവും വളരെ പ്രധാനമാണ്. സമീകൃത ഭക്ഷണത്തെ ശീലമാക്കിയ ആളുകൾ മികച്ച രോഗപ്രതിരോധ ശേഷിയുള്ളവരും ആരോഗ്യമുള്ളവരുമായിരിക്കും, അതിനാൽ വിട്ടുമാറാത്ത രോഗങ്ങളും പകർച്ചവ്യാധികളും അവരെ പിടിപെടാനുള്ള സാധ്യതയും വളരെ കുറവാണ്.

വിറ്റാമിനുകൾ, ധാതുക്കൾ, ഡയറ്ററി ഫൈബർ, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ മുതലായവ അടങ്ങിയ ഭക്ഷണരീതി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. അത് പോലെ തന്നെ പ്രധാനമാണ് ജലാംശം നിലനിർത്തുക എന്നത്, അതിനായി നന്നായി വെള്ളം കുടിക്കുക. അമിതഭാരം, അമിതവണ്ണം, ഹൃദ്രോഗം, ഹൃദയാഘാതം, പ്രമേഹം, ചിലതരം അർബുദം എന്നിവയ്ക്കുള്ള അപകടസാധ്യത ഗണ്യമായി കുറയ്ക്കുന്നതിന് പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ ഒഴിവാക്കുക.

ദിവസവും ഫ്രഷായ ഭക്ഷണം കഴിക്കുക

 • പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, പരിപ്പ്, ധാന്യങ്ങൾ (സംസ്കരിച്ചിട്ടില്ലാത്ത ചോളം, മില്ലറ്റ്, ഓട്സ്, ഗോതമ്പ്, തവിട് അരി, ഉരുളക്കിഴങ്ങ്, ചേന, കപ്പ), മാംസം, മത്സ്യം, മുട്ട, പാൽ എന്നിവ കഴിക്കുക.
 • ലഘുഭക്ഷണത്തിനായി, പഞ്ചസാര, കൊഴുപ്പ് അല്ലെങ്കിൽ ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണത്തേക്കാൾ അസംസ്കൃത പച്ചക്കറികളും ഫ്രഷ് പഴങ്ങളും തെരഞ്ഞെടുക്കുക.
 • പച്ചക്കറികളും പഴങ്ങളും അമിതമായി വേവിക്കരുത്, കാരണം ഇത് പ്രധാനപ്പെട്ട വിറ്റാമിനുകളുടെ നഷ്ടത്തിന് കാരണമാകും.
 • പാക്കറ്റിൽ ലഭിക്കുന്ന ഉണങ്ങിയ പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുമ്പോൾ ഉപ്പും പഞ്ചസാരയും ചേർക്കാത്ത ഇനങ്ങൾ തെരഞ്ഞെടുക്കുക.

ധാരാളം വെള്ളം കുടിക്കുക

 • വെള്ളം അത്യാവശ്യമാണ്. ഇത് രക്തത്തിലെ പോഷകങ്ങളും സംയുക്തങ്ങളും കടത്തിവിടുകയും, നിങ്ങളുടെ ശരീര താപനില നിയന്ത്രിക്കുകായും, മാലിന്യങ്ങൾ അകറ്റുകയും ചെയ്യും.
 • ദിവസവും 8 മുതൽ 10 കപ്പ് വെള്ളം കുടിക്കുക.
 • വെള്ളം അടങ്ങിയ മറ്റ് പാനീയങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയും നിങ്ങൾക്ക് കഴിക്കാം, ഉദാഹരണത്തിന് നാരങ്ങ നീര്, ചായ, കോഫി. എന്നാൽ അമിതമായി കഫീൻ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക, മധുരമുള്ള പഴച്ചാറുകൾ, സിറപ്പുകൾ, ഫ്രൂട്ട് ജ്യൂസ് തുടങ്ങിയവ എപ്പോഴും കുടിക്കുന്നത് ഒഴിവാക്കുക.

കൊഴുപ്പും എണ്ണയും മിതമായ അളവിൽ കഴിക്കുക

 • പൂരിത കൊഴുപ്പുകളേക്കാൾ അപൂരിത കൊഴുപ്പുകൾ കഴിക്കുക. മത്സ്യം, അവോക്കാഡോ, പരിപ്പ്, ഒലിവ് ഓയിൽ, സോയ, സൂര്യകാന്തി, ധാന്യ എണ്ണ എന്നിവയിൽ കാണപ്പെടുന്നതാന് അപൂരിത കൊഴുപ്പുകൾ.
 • ചുവന്ന മാംസത്തേക്കാൾ കൊഴുപ്പ് കുറവുള്ള വെളുത്ത മാംസവും (കോഴി) മത്സ്യവും തിരഞ്ഞെടുക്കുക.
 • സംസ്കരിച്ച മാംസത്തിൽ കൊഴുപ്പും ഉപ്പും കൂടുതലായതിനാൽ ഒഴിവാക്കുക.
 • കൊഴുപ്പ് കുറഞ്ഞ പാൽ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കുക.
 • വ്യാവസായികമായി ഉൽ‌പാദിപ്പിക്കുന്ന ട്രാൻസ് ഫാറ്റ് ഒഴിവാക്കുക. സംസ്കരിച്ച ഭക്ഷണം, ഫാസ്റ്റ് ഫുഡ്, ലഘുഭക്ഷണം, വറുത്ത ഭക്ഷണം, ഫ്രോസൺ പിസ്സ, എന്നിവയിൽ ഇവ കൂടുതലായി കാണപ്പെടുന്നു.

ഉപ്പും പഞ്ചസാരയും മിതമായി കഴിക്കുക

 • ഭക്ഷണം പാചകം ചെയ്യുമ്പോഴും തയ്യാറാക്കുമ്പോഴും ഉപ്പിന്റെയും ഉയർന്ന സോഡിയം മസാലകളുടെയും അളവ് പരിമിതപ്പെടുത്തുക (ഉദാ. സോയ സോസ്, ഫിഷ് സോസ്).
 • നിങ്ങളുടെ ദൈനംദിന ഉപ്പ് ഉപഭോഗം 5 ഗ്രാമിൽ (ഏകദേശം 1 ടീസ്പൂൺ) പരിമിതപ്പെടുത്തുക, അയോഡൈസ്ഡ് ഉപ്പ് ഉപയോഗിക്കുക.
 • ഉപ്പും പഞ്ചസാരയും കൂടുതലുള്ള ഭക്ഷണങ്ങൾ (ലഘുഭക്ഷണങ്ങൾ) ഒഴിവാക്കുക.
 • പഞ്ചസാര കൂടുതലുള്ള ശീതളപാനീയങ്ങൾ, സോഡകൾ, മറ്റ് പാനീയങ്ങൾ എന്നിവ കഴിക്കുന്നത് പരിമിതപ്പെടുത്തുക.
 • കേക്ക്, ചോക്ലേറ്റ് എന്നിവ പോലുള്ള മധുര പലഹാരങ്ങൾക്ക് പകരം ഫ്രഷ് പഴങ്ങൾ തെരഞ്ഞെടുക്കുക.

പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക

മറ്റ് ആളുകളുമായുള്ള നിങ്ങളുടെ സമ്പർക്ക നിരക്ക് കുറയ്ക്കുന്നതിനും കൊവിഡിന് വിധേയമാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. നിങ്ങൾക്കും മറ്റുള്ളവർക്കും ഇടയിൽ കുറഞ്ഞത് 1 മീറ്ററെങ്കിലും ദൂരം നിലനിർത്താൻ ശ്രദ്ധിക്കുക. റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവ പോലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ അത് എല്ലായ്പ്പോഴും സാധ്യമല്ല.

കൗൺസിലിംഗും മനഃശാസ്ത്രപരമായ പിന്തുണയും

ശരിയായ പോഷകാഹാരവും ജലാംശം ആരോഗ്യവും പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും കൊവിഡിൽ നിന്ന് പൂർണ സംരക്ഷണം നല്കാൻ അവ മാന്ത്രിക മരുന്നുകളല്ല. കൊവിഡ് എന്ന് സംശയിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്ത ഒരാൾക്ക് നല്ല ആരോഗ്യം നിലനിർത്താൻ അവരുടെ മാനസികാരോഗ്യവും ഭക്ഷണക്രമവും വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ഉചിതമായ പരിശീലനം ലഭിച്ച ആരോഗ്യ പരിപാലന വിദഗ്ധരിൽ നിന്നും കൗൺസിലർമാരിൽ നിന്നും ആവശ്യമെങ്കിൽ കൗൺസിലിംഗും മനഃശാസ്ത്രപരമായ പിന്തുണയും തേടുക.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top