മനംമയക്കും കാഴ്ചകൾ ഒരുക്കുന്ന ഇന്ത്യൻ തീവണ്ടി യാത്രാ റൂട്ടുകൾ

ഏറ്റവും സുന്ദരവും, നോസ്റ്റാള്‍ജിക്കുമായ യാത്ര ഏതായിരിക്കും എന്നുചോദിച്ചാല്‍ പലരുടെയും ഉത്തരം ട്രെയിന്‍ യാത്ര എന്നായിരിക്കും. മനുഷ്യന്റെ ജീവിത രീതികള്‍ തന്നെ മാറ്റിമറിച്ച ഗതാഗത സംവിധാനമാണ് റെയില്‍വേ. വിദൂരതയെയും, സമയത്തെയും മനുഷ്യന്‍ കീഴടക്കാന്‍ തുടങ്ങിയത് തന്നെ റെയില്‍വേയുടെ ഇരുമ്പ് പാളങ്ങളും കൂകിയോടുന്ന എഞ്ചിനുകളും വന്നതിന് ശേഷമാണ്. കൂകിപാഞ്ഞ് അരികിലുള്ളവയെ ഒക്കെ പിന്നിലാക്കി പാളത്തിലൂടങ്ങനെ പായാന്‍ ഒരു പ്രത്യേക രസം തന്നെയാണ്. വശ്യമനോഹരമായ പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാവുന്ന ട്രെയിന്‍ പാതകള്‍ ഇന്ത്യയില്‍ ധാരാളമുണ്ട്. ഒരിക്കല്‍ സഞ്ചരിക്കുന്നവര്‍ക്ക് മറക്കാനാവാത്ത യാത്രാനുഭവം സമ്മാനിക്കുന്ന ചില റെയില്‍പ്പാതകളിലൂടെ നമുക്കൊരു യാത്ര നടത്താം.
ജമ്മു – ബാരാമുള്ള റെയിൽപാത
പരുക്കൻ മലമ്പാതയിലൂടെയുള്ള യാത്ര മനോഹാരിതയ്ക്കു പുറമേ സാഹസികം കൂടിയാണ്. ജമ്മു, ഉദംപൂര്‍, ബാരാമുള്ള എന്നി പാതകളെ ബന്ധിപ്പിക്കുന്ന മനോഹരമായ ഒരു യാത്രായാണിത്. കാടുകളും മലകളും പാലങ്ങളും തുരങ്കങ്ങളും താണ്ടിയുള്ള വശ്യമനോഹരകാഴ്ചകള്‍ സമ്മാനിക്കുന്ന യാത്ര. ഭൂകമ്പസാധ്യത വളരെയേറിയ പ്രദേശം കൂടിയാണിത്.
പത്താന്‍കോട്ട് – ജോഗീന്ദര്‍നഗര്‍ റെയിൽപാത
കാന്‍ഗ്ര ഗ്രാമത്തിലൂടെയുള്ള ഈ ട്രെയിന്‍ യാത്ര നിങ്ങളുടെ കണ്ണുകള്‍ക്ക് ഒരു ദൃശ്യ വിരുന്ന് തന്നെയൊരുക്കും. നദികളും പാലങ്ങളും മലയിടുക്കുകളും നിറഞ്ഞ വശ്യമനോഹര കാഴ്ചകൾ സമ്മാനിക്കുന്നതാണ് ഹിമാചല്‍ പ്രദേശിലെ പത്താന്‍ കോട്ടില്‍ നിന്ന് ജോഗീന്ദര്‍നഗര്‍ വരെയുള്ള 164 കിലോമീറ്റര്‍ യാത്ര.
കല്‍ക്ക – ഷിംല റെയിൽപാത
ഒരു പഴയകാല യാത്രാനുഭവമാണ് ഹിമാലയന്‍ മല നിരകളുടെ താഴ്വരയിലൂടെയുള്ള ഈ യാത്ര സമ്മാനിക്കുക. ഇവിടം യുനെസ്കൊയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് നാരോ ഗേജ് റെയില്‍പാതയായ കല്‍ക്ക – ഷിംല പാത നിര്‍മ്മിച്ചതോടെയാണ് ഇവിടം ആള്‍ താമസമുള്ളതായി തീര്‍ന്നത്. കല്‍ക്ക-ഷിംല റെയില്‍വേ ലൈനിലെ മല തുരന്നുണ്ടാക്കിയ തുരങ്കം ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കങ്ങളില്‍ ഒന്നാണ്. 1143.61 മീറ്ററാണ് തുരങ്കത്തിന്റെ നീളം. ദുർഘടമായ മലനിരകൾ, മനോഹരമായ താഴ്‌വരകള്‍, പുല്‍മേടുകള്‍ നിറഞ്ഞതാണ് നാരോ ഗേജ് ട്രെയിന്‍ ഷിംല യാത്ര. ഹരിയാനയിലെ കല്‍ക്കയില്‍ നിന്ന് 96 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ 102 തുരങ്കങ്ങള്‍ കയറിയിറങ്ങുന്നു. 82 പാലങ്ങള്‍, ആഴത്തിലുള്ള താഴ്‌വരങ്ങള്‍, 900 കുത്തനെയുള്ള ചരിവുകള്‍, പൈനും ഓക്കുകളും നിറഞ്ഞ വനങ്ങള്‍ പിന്നിട്ട് ഹിമാലയന്‍ സാനുക്കളുടെ താഴ്‌വരയില്‍ എത്തുന്ന ഈ ട്രെയിന്‍ യാത്ര അവിസ്മരണീയമായ ഒരനുഭവമാണ്. ഏകദേശം 5 മണിക്കൂര്‍ ആണ് ഈ യാത്രയുടെ ദൈര്‍ഘ്യം. കല്‍ക്ക-ഷിംല , ഹിമാലയന്‍ ക്യൂന്‍ , റെയില്‍ മോട്ടോര്‍ എന്നി ട്രെയിനുകള്‍ ഈ റൂട്ടില്‍ ലഭ്യമാണ്.
മുംബൈ – ഗോവ റെയിൽപാത
മുംബൈയില്‍ നിന്ന് ഗോവയിലേക്ക് യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഫലപ്രദവും ചെലവുകുറഞ്ഞതുമായ മാര്‍ഗം ട്രെയിന്‍ യാത്രയാണ്. ഗോവയിലെ മഡ്‌ഗോവ മുതല്‍ മുംബൈ വരെ കൊങ്കണ്‍ പാതയിലൂടെ പുരാതന കടൽത്തീരങ്ങളും ഗ്രാമങ്ങളും കടന്നുള്ള ഈ യാത്ര യാത്രാപ്രേമികളിൽ ആവേശമുണർത്തും. സഹ്യാദ്രിക്കും അറബിക്കടലിനുമിടയിലൂടെ നീളുന്ന കൊങ്കണ്‍ റെയില്‍വെയിലൂടെ പോകുന്ന ഏത് ട്രെയിന്‍ യാത്രയും അവിസ്മരണീയമാണ്. സഹ്യാദ്രിയുടെ അടുക്കൽ എത്തുമ്പോൾ ഘോരവനങ്ങൾക്കിടയിലൂടെ മലഞ്ചരിവുകളിലൂടെയാകും യാത്ര. പിന്നീട് പോകുന്നത് താഴ്വരകൾക്കിടയിലൂടെ വെള്ളച്ചാട്ടങ്ങളെ തൊട്ടുരുമികൊണ്ടാണ്. മനോഹരമായ ഭൂപ്രകൃതിയും പുല്‍മേടുകളും നൂറുകണക്കിന് നദികളും 92 തുരങ്കങ്ങളും അനേകം പാലങ്ങളും കടന്നുള്ള ഈ യാത്ര 12 മണിക്കൂര്‍ നീളുന്നതാണ്. ഇന്ത്യയിലെ സുന്ദരമായ ട്രെയിൻ പാതകളിൽ ഒന്നാണ് ഗോവ – മുംബൈ റെയിൽപാത. കെങ്കണ്‍ കന്യാ എക്‌സ്പ്രസ്, മാണ്ഡോവി എക്‌സ്പ്രസ് എന്നിവയാണ് പ്രധാന ട്രെയിനുകള്‍.
ഹൂബ്ലി- മഡ്ഗാവ് റെയിൽപാത
ഹൂബ്ലിയിൽ നിന്ന് മഡ്ഗാവ്‌ലേക്കുള്ള ട്രെയിന്‍ യാത്ര ആനന്ദിപ്പിക്കുന്ന ഒന്നായിരിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരവുമായ വെള്ളച്ചാട്ടങ്ങളിലൊന്നായ ദൂധ്സാഗർ റെയിൽപാലത്തിനരികിലൂടെയാണ് ഒഴുകുന്നത്. പാലൊഴുകും വിതം വെള്ളം ഒഴുകുന്നതിലാണ് ഇതിനെ പാൽക്കടൽ അഥവ ദൂധ്സാഗർ എന്ന് വിളിക്കുന്നത്. ഏകദേശം 300 അടി ഉയരത്തിൽ നിന്നും കുത്തനെ വെള്ളം പതിക്കുന്ന സൗന്ദര്യകാഴ്ച സമ്മാനിച്ചുകൊണ്ടാണീയാത്ര കടന്നുപോകുന്നത്. ദൂധ്സാഗറിനടുത്തുള്ള ലോണ്ട സ്റ്റേഷനിൽ ഇറങ്ങിയാൽ ഈ കാഴച കൂടുതൽ അടുത്ത് കാണാനാകും. കൊങ്കൺ റെയിൽപാതയിലെ ഒരു ഭാഗമാണ് ഹൂബ്ലി – മഡ്ഗാവ് പാത.
തമിഴ്‌നാട് – രാമേശ്വരം റെയിൽപാത
ഇന്ത്യയിലെ രണ്ടാമത്തെ വലിയ കടല്‍പ്പാലമാണ് പാമ്പന്‍ പാലം. ഇന്ത്യന്‍ റെയില്‍വെയ്ക്ക് എന്നും അഭിമാനമായി നിലകൊള്ളുന്ന നിര്‍മ്മിതി. തമിഴ്‌നാട്ടിലെ രാമേശ്വരത്തെയും പാമ്പന്‍ ദ്വീപിനെയും കടലിലൂടെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാമ്പന്‍ റെയില്‍പാലത്തിന് 2 കിലോമീറ്ററോളം നീളമുണ്ട്. 143 തൂണുകളിലാണ് ഇതിനെ താങ്ങിനിര്‍ത്തിയിരിക്കുന്നത്. ഈ പാലത്തിലൂടെയുള്ള ട്രെയിൻ യാത്ര എന്നും മനസ്സിലോര്‍മ്മിക്കുന്നതായിരിക്കും.
ജയ്പൂർ – ജെയിസാൽമർ റെയിൽപാത
പ്രകൃതി വൈവിധ്യത്തിന്റെ നാടാണ് ഇന്ത്യ. ഒരു ഭാഗത്ത് പച്ചപ്പ് പുതച്ച പ്രദേശങ്ങളാണെങ്കിൽ രാജ്യത്തിന്റെ ഒരു ഭാഗം അനന്തമായ തരിശ് മരുഭൂമിയാണ്. മരുഭൂമിയുടെ മനോഹാരിത അതിലുപരി കാഠിന്യം അടുത്തറിയാൻ ഏറ്റവും നല്ലൊരവസരം ജയ്പൂർ – ജെയിസാൽമർ തീവണ്ടി യാത്രയാണ്. വിവിധതരം ഭൂപ്രദേശങ്ങളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. കൃഷിയിടങ്ങളും പച്ചപ്പ് നിറഞ്ഞ ഗ്രാമങ്ങളും നിറഞ്ഞ ജയ്പൂരിൽ നിന്ന് തുടങ്ങുന്ന തീവണ്ടിയാത്ര പിന്നീട് നമ്മെ കൊണ്ടുപോകുന്നത് മരുഭൂമി ജീവിതത്തിലെ കാഴ്ചകളിലേക്കാണ്. ചെമ്മൺചെളിയിൽ നിർമ്മിതമായ കുടിലുകളും മരുഭൂമിയിൽ അലഞ്ഞുനടക്കുന്ന ഒട്ടകങ്ങളും നിറഞ്ഞ കാഴ്ചകൾ വേറിട്ട യാത്രാനുഭവമായിരിക്കും സമ്മാനിക്കുന്നത്.
ഗുവാഹതി – സിൽചാർ റെയിൽപാത
ഇരുണ്ട കൊടുംക്കാട്ടിലൂടെ വെള്ളച്ചാട്ടങ്ങളും പുൽത്തകിടികളും കണ്ടുള്ള യാത്രയാണ് ഗുവാഹതി – സിൽചാർ റെയിൽപാത നൽകുന്നത്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ട്രെയിൻ റൂട്ടുകളിൽ ഒന്നാണിത്. അസം വാലിയും തേയില തോട്ടങ്ങളും നടിക്കുകളും കണ്ണിന് കുളിര്മയേകുന്ന കാഴ്ചകൾ സമ്മാനിക്കും.
മതേരാന്‍ – നേരാല്‍ റെയിൽപാത
മഹാരാഷ്ട്രയിൽ ഇപ്പോൾ നിലവിലുള്ള ഒരേയൊരു നാരൊ ഗേജ് മലമ്പാതയാണ് മതേരാനിലേത്. നരാലിൽ നിന്നും മതേരാൻ വരെ 20 കിലോമീറ്റർ നീളുന്ന മനോഹര ഹിൽറെയിൽവെയാണിത്.
ന്യൂ ജൽപായ്ഗുരി- ഡാര്‍ജിലിംഗ് റെയിൽപാത
ഇന്ത്യയിലെ പശ്ചിമബംഗാള്‍ സംസ്ഥാനത്തിലെ പട്ടണങ്ങളായ സിൽഗുഡി, ഡാര്‍ജിലിംഗ് എന്നിവയെ ബന്ധിപ്പിക്കുന്ന 78 കിലോമീറ്റര്‍ നീളമുള്ള ഈ മലയോര തീവണ്ടിപ്പാത സഞ്ചാരികളെ ഏറെ ആസ്വദിപ്പിക്കുന്നതാണ്. തികച്ചും ഒരു ബ്രിട്ടീഷ് എഞ്ചിനീയറിംഗ് വൈഭവം തന്നെയാണ് ഡാർജിലീങിലെ നാരൊ ഗേജ് പാത. 1999 മുതൽ ഇവിടം യുനെസ്കോയുടെ പൈതൃക പട്ടികയിലുണ്ട്. മലനിരകളും താഴ്വരകളും കാടുകളും തെയില തോട്ടങ്ങളും ചെറിയ ഗ്രാമങ്ങളും ഒക്കെ കടന്നാണ് ഈ യാത്ര. തികച്ചും കണ്ണിന് കുളിർമയേകുന്ന കാഴചയായിരിക്കും അത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here