Advertisement

യൂറോ കപ്പ്: ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബെൽജിയവും നെതർലൻഡും; തകർപ്പൻ ജയത്തോടെ ഡെന്മാർക്കും പ്രീക്വാർട്ടറിൽ

June 22, 2021
Google News 1 minute Read
Euro Netherlands Belgium Denmark

യൂറോ കപ്പിൽ തകർപ്പൻ ജയവുമായി ബെൽജിയവും നെതർലൻഡും ഡെന്മാർക്കും. ജയത്തോടെ ഗ്രൂപ്പ് സിയിൽ നെതർലൻഡും ഗ്രൂപ്പ് ബിയിൽ ബെൽജിയവും അതാത് ഗ്രൂപ്പുകളുട ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് ബിയിൽ തന്നെ നടന്ന മറ്റൊരു മത്സരത്തിൽ റഷ്യയെ പരാജയപ്പെടുത്തിയ ഡെന്മാർക്കും രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടർ പ്രവേശനം നേടി.

ഇന്നലെ ആദ്യം നടന്ന മത്സരത്തിൽ വടക്കൻ മാസിഡോണിയയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് കെട്ടുകെട്ടിച്ചാണ് ഓറഞ്ച് പട ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്. നെതർലൻഡിനായി ജോർജീഞ്ഞോ വൈനാൾഡം ഇരട്ടഗോളുകൾ നേടി. ശേഷിക്കുന്ന ഒരു ഗോൾ എഫ്സി ബാഴ്സലോണയുടെ ഏറ്റവും പുതിയ സൈനിങ് ആയ മെംഫിസ് ഡിപായ് ആണ് നേടിയത്.

നെതർലൻഡിനെ ഞെട്ടിച്ചാണ് വടക്കൻ മാസിഡോണിയ ആരംഭിച്ചത്. 10ആം മിനിട്ടിൽ മാസിഡോണിയൻ മുന്നേറ്റനിര താരം ഇവാൻ ട്രിക്കോവ്സ്കി നെതർലൻഡ് ഗോൾ കീപ്പർ മാർട്ടെൻ സ്റ്റെക്ലെൻബെർഗിനെ കീഴടക്കിയെങ്കിലും വാറിലൂടെ അത് ഓഫ്സൈഡാണെന്ന് തെളിഞ്ഞു. കൊണ്ടും കൊടുത്തും ഇരു ടീമുകളും മുന്നേറുന്നതിനിടെ 24ആം മിനിട്ടിൽ ആദ്യ ഗോൾ വീണു. ഡെയ്ലി ബ്ലിൻഡിലൂടെ തുടങ്ങിയ ഒരു കൗണ്ടർ അറ്റാക്ക് മെംഫിസ് ഡിപായ് ഗോളാക്കി മാറ്റി. രണ്ടാം പകുതിക്ക് 5 മിനിട്ട് പ്രായമുള്ളപ്പോൾ ഹോളണ്ട് അടുത്ത ഗോളടിച്ചു. ഡിപായുടെ ഒരു ഇഞ്ച് പെർഫക്ട് ക്രോസ് ടാപ്പി ചെയ്ത് വൈനാൾഡം ആണ് സ്കോർഷീറ്റിൽ ഇടം നേടിയത്. അടുത്ത ഗോളും ഡിപായ്-വൈനാൾഡം സഖ്യത്തിലൂടെയാണ് വന്നത്. ഡിപായ് അടിച്ച ഷോട്ട് മാസിഡോണിയൻ കീപ്പർ ദിമിത്രൊവേസ്കി തടഞ്ഞു.പക്ഷേ, റീബൗണ്ടിലൂടെ വൈനാൾഡം ലക്ഷ്യം ഭേദിച്ചു. വീണ്ടും ഹോളണ്ടിന് അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവുകൾ തിരിച്ചടിയായി.

രണ്ടാം മത്സരത്തിൽ റഷ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് ഡെന്മാർക്ക് പ്രീക്വാർട്ടർ പ്രവേശനം നേടിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൊരുതി കീഴടങ്ങിയ ഡാനിഷ് പട നിർണായകമായ മത്സരത്തിൽ അവസരത്തിനൊത്തുയരുകയായിരുന്നു. മൈക്കൽ ദംസ്ഗാർഡ്, യൂസുഫ് പോൾസൺ, ആന്ദ്രേസ് ക്രിസ്തെൻസൺ, ജോക്കിം മെയിൽ എന്നിവരാണ് ഡെന്മാർക്കിൻ്റെ ഗോൾ സ്കോറർമാർ. ആർതം സ്യൂബയാണ് റഷ്യയുടെ ആശ്വാസ ഗോൾ നേടിയത്.

കഴിഞ്ഞ മത്സരത്തിൽ ബെൽജിയത്തിനെതിരെ നിർത്തിയ ഇടത്തുനിന്നാണ് ഡെന്മാർക്ക് തുടങ്ങിയത്. ആദ്യ മത്സരത്തിൽ, കളിക്കളത്തിൽ കുഴഞ്ഞുവീണ ക്രിസ്ത്യൻ എറിക്സണിൽ നിന്ന് ഊർജ്ജം സംഭരിച്ച് ഒരു തിരമാല പോലെ ഡെന്മാർക്ക് റഷ്യയെ വളഞ്ഞാക്രമിക്കുകയായിരുന്നു. ഒരു സമനില കൊണ്ട് പോലും പ്രീക്വാർട്ടർ ഉറപ്പിക്കാൻ കഴിയുമായിരുന്ന റഷ്യയെയാണ് ഡാനിഷ് സംഘം തകർത്തുവിട്ടത്. ആക്രമണ ഫുട്ബോളാണ് ഇരു ടീമുകളും കാഴ്ചവച്ചത്. 38ആം മിനിട്ടിൽ ആദ്യ ഗോൾ. ഡെന്മാർക്ക് യുവതാരം മൈക്കൽ ദംസ്ഗാർഡ് പിയർ എമിൽ ഹൊയ്ബ്‌യെർഗിൻ്റെ അസിസ്റ്റിൽ നിന്നാണ് ഗോൾ നേടിയത്. 50ആം മിനിട്ടിൽ റഷ്യയുടെ പ്രതിരോധപ്പിഴവ് ഡെന്മാർക്കിനു രണ്ടാം ഗോൾ സമ്മാനിച്ചു. റഷ്യൻ പ്രതിരോധ നിരയുടെ ബാക്ക് പാസ് ലഭിച്ച യൂസുഫ് പോൾസൺ അനായാസം റഷ്യൻ ഗോളിയെ കീഴ്പ്പെടുത്തി. 70ആം മിനിട്ടിൽ റഷ്യ ഒരു ഗോൾ തിരിച്ചടിച്ചു. അലക്സാണ്ടർ സോബലോവിനെ ജാനിക് വെസ്റ്റർഗാർഡ് ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽട്ടി ആർതം സ്യൂബ വലയിലാക്കി. 9 മിനിട്ടുകൾക്കുള്ളിൽ ഡെന്മാർക്ക് മൂന്നാം ഗോൾ കണ്ടെത്തി. ബോക്സിനു പുറത്തുനിന്ന് ആന്ദ്രേസ് ക്രിസ്തെൻസൺ എടുത്ത ഷോട്ട് വല തുളച്ചു. 82ആം മിനിട്ടിൽ ഡെന്മാർക്ക് നാലാം ഗോളും നേടി. ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ പിയർ എമിൽ ഹൊയ്ബ്‌യെർഗിൻ്റെ അസിസ്റ്റിൽ നിന്ന് ജോക്കിം മെയിൽ ആണ് ഗോൾ കണ്ടെത്തിയത്.

മൂന്നാം മത്സരത്തിൽ ഫിൻലൻഡിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് ബെൽജിയം പരാജയപ്പെടുത്തി. പഴുതടച്ച പ്രതിരോധവുമായി 75ആം മിനിട്ട് വരെ ബെൽജിയത്തെ തടഞ്ഞുനിർത്തിയ ഫിൻലൻഡിന് കളി അവസാനിക്കാൻ 15 മിനിട്ട് മാത്രം ഉണ്ടായിരുന്നപ്പോൾ അടി തെറ്റി. ഫിന്നിഷ് ഗോൾ കീപ്പർ റാഡെക്കിയുടെ സെൽഫ് ഗോളാണ് ഗോൾവരൾച്ചക്ക് വിരാമം കുറിച്ചത്. 81ആം മിനിട്ടിൽ രണ്ടാം ഗോൾ നേടിയ ലുക്കാക്കു ജയം ഉറപ്പിച്ചു. കെവിൻ ഡി ബ്രുയ്നെയുടെ പാസിൽ നിന്നായിരുന്നു ഗോൾ. ഈ കളിയിൽ സമനിലയെങ്കിലും നേടിയിരുന്നെങ്കിൽ ഡെന്മാർക്കിനെ മറികടന്ന് ഫിൻലൻഡിനു പ്രീക്വാർട്ടർ പ്രവേശനം നേടാമായിരുന്നു.

Story Highlights: Euro Cup Netherlands Belgium Denmark won

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here