ഇന്ത്യൻ വനിതകൾക്കെതിരായ ഏകദിന പരമ്പര; ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യൻ വനിതകൾക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ഓൾറൗണ്ടർ സോഫിയ ഡങ്ക്ലി ടീമിൽ ഇടം നേടിയിട്ടുണ്ട്. മുതിർന്ന താരം ഡാനിയൽ വയാട്ടിന് പകരമാണ് 22 വയസ്സുകാരിയായ താരം ടീമിലെത്തിയത്. യുവ പേസർ എമിലി ആർലോട്ടും ടീമിൽ ഇടം നേടി. ഹെതർ നൈറ്റ് ടീമിനെ നയിക്കും.
ന്യൂസീലൻഡിനെതിരായ പരമ്പരയിലെ മോശം ഫോമാണ് വയാട്ടിൻ്റെ സ്ഥാനം തെറിപ്പിച്ചത്. കിവീസിനെതിരെ മൂന്ന് മത്സരങ്ങളിൽ നിന്ന് 18 റൺസ് മാത്രമാണ് താരത്തിനു നേടാനായത്. അതേസമയം, ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തിൽ അരങ്ങേറിയ ഡങ്ക്‌ലി 74 റൺസെടുത്ത് പുറത്താവാതെ നിന്നത് ഇംഗ്ലണ്ട് സെലക്ടർമാർ പരിഗണനയിലെടുക്കുകയായിരുന്നു.
ഇംഗ്ലണ്ട് ടീം: ഹെതർ നൈറ്റ്, എമിലി ആർലോട്ട്, തമി ബ്യൂമോണ്ട്, കാതറിൻ ബ്രണ്ട്, കേറ്റ് ക്രോസ്, ഫ്രേയ ഡെവിസ്, സോഫിയ ഡങ്ക്‌ലി, സോഫി എക്ലെസ്റ്റൺ, ടാഷ് ഫറൻ്റ്, സാറ ഗ്ലെൻ, ഏമി ജോൺസ്, നാറ്റ് സിവർ, ആന്യ ശ്രബ്സോൾ, മാഡി വില്ല്യേഴ്സ്, ഫ്രാൻ വിൽസൺ, ലോറൻ വിൻഫീൽഡ്-ഹിൽ
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഫോളോ ഓൺ വഴങ്ങിയ ഇന്ത്യയാണ് അവസാനത്തിൽ സമനില പിടിച്ചത്. ഇംഗ്ലണ്ടിൻ്റെ 369/9 എന്ന സ്കോറിനു മറുപടിയുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഷഫാലി വർമ്മയും (96) സ്മൃതി മന്ദനയും (78) ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും മറ്റ് ബാറ്റർമാർക്ക് അത് മുതലെടുക്കാനായില്ല. അതിവേഗം വിക്കറ്റുകൾ നഷ്ടമായപ്പോൾ ഇന്ത്യ 231 റൺസിന് ഓൾഔട്ടായി. ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് വീണ്ടും ഷഫാലി (63) മികച്ച തുടക്കം നൽകി. ദീപ്തി ശർമ്മ (54), പൂനം റാവത്ത് (39) എന്നിവരും മികച്ച കളി കെട്ടഴിച്ചതോടെ ഇന്ത്യ ഇന്നിംഗ്സ് തോൽവി ഒഴിവാക്കി. എന്നാൽ 2 വിക്കറ്റ് നഷ്ടത്തിൽ 171 എന്ന നിലയിൽ നിന്ന ഇന്ത്യൻ മധ്യനിര തകർന്നടിയുകയും 199 റൺസിന് 7 വിക്കറ്റുകൾ നഷ്ടമാവുകയും ചെയ്തു. എന്നാൽ, 8, 9 വിക്കറ്റുകളിൽ ശിഖ പാണ്ഡെയ്ക്കും തനിയ ഭാട്ടിയയ്ക്കുമൊപ്പം അരങ്ങേറ്റ താരം സ്നേഹ് റാണ നടത്തിയ ചെറുത്തുനില്പ് ഇന്ത്യക്ക് സമനില സമ്മാനിക്കുകയായിരുന്നു. എട്ടാം വിക്കറ്റിൽ ശിഖ പാണ്ഡേയുമൊത്ത് 41 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ സ്നേഹ് 9ആം വിക്കറ്റിൽ വിക്കറ്റ് കീപ്പർ തനിയ ഭാട്ടിയയുമായിച്ചേർന്ന് കൂട്ടിച്ചേർത്തത് അപരാജിതമായ 104 റൺസ് ആയിരുന്നു. സ്നേഹ് റാണ (80), തനിയ ഭാട്ടിയ (44) എന്നിവർ പുറത്താവാതെ നിന്നു.
Story Highlights: England Women announce squad for ODI series against India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here