മുട്ടില്‍ മരം മുറിക്കല്‍; ചെക്ക് പോസ്റ്റുകളില്‍ മരത്തടി കടത്തിയ വാഹനം കടന്നുപോയതിന് രേഖയില്ല

വയനാട് മുട്ടിലില്‍ നിന്ന് മുറിച്ച ഈട്ടി മരങ്ങള്‍ എറണാകുളത്തെത്തിയത് യാതൊരു പരിശോധനയുമില്ലാതെ. ജില്ലയിലെ പ്രധാന വനം വകുപ്പ് ചെക്ക് പോസ്റ്റുകളിലൊന്നും വാഹനം കടന്നുപോയതിന്റെ രേഖയില്ല. ചെക്ക് പോസ്റ്റ് വാഹന രജിസ്റ്ററിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.
മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് അനധികൃതമായി മുറിച്ച ഈട്ടി മരങ്ങള്‍ ഫെബ്രുവരി ആറിന് രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് രഹസ്യമായി കടത്തിയത്. തടി കൊണ്ടുപോയ ലോറി കഴിഞ്ഞയാഴ്ച വനം വകുപ്പ് കോഴിക്കോട് നിന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. കെ.എല്‍-19 2765 നമ്പര്‍ ലോറി ജില്ലയിലെ വനം വകുപ്പ് ചെക്ക് പോസ്റ്റുകളിലൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഫെബ്രുവരി മൂന്ന് മുതല്‍ ആറ് വരെ 33 തടി വാഹനങ്ങള്‍ ലക്കിടി ചെക്ക് പോസ്റ്റ് വഴി കടന്നുപോയാതായാണ് ഔദ്യോഗിക രേഖ.
മരംകടത്തിയ ആറാം തിയതി മേല്‍പ്പറഞ്ഞ നമ്പറിലുള്ള ലോറി ചെക്ക് പോസ്റ്റുകളില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ ചുരമിറങ്ങി. ജില്ലാ അതിര്‍ത്തിയായ ലക്കിടിയിലെ വനം വകുപ്പ് ചെക്ക് പോസ്റ്റില്‍ ഫെബ്രുവരി ആറിനോ ഏഴിനോ മുഖ്യ പ്രതികള്‍ ഈട്ടി തടികള്‍ കടത്തിയ ലോറി കടന്നു പോയതായി രേഖപ്പെടുത്തിയിട്ടില്ല.
മുറിച്ച മരങ്ങള്‍ മില്ലുകളിലെത്തിക്കാന്‍ വനം വകുപ്പ് അനുവദിക്കുന്ന ഫോം 4 പാസ് പ്രതികള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ഇതിലൂടെ വ്യക്തമാണ്. തടി കടത്തിയ ലോറിക്ക് ചുരമിറങ്ങും വരെ പ്രതികള്‍ എസ്‌കോര്‍ട്ടൊരുക്കുകയും ചെയ്‌തെതെന്നാണ് വിവരം. ഇത്രയുമൊക്കെ ആയിട്ടും തടി മില്ലില്‍ എത്തുംവരെ ഒന്നും വനം വകുപ്പ് അറിഞ്ഞില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ദേശീയപാതയില്‍ പോലുമുള്ള പരിശോധന സംവിധാനങ്ങളുടെ അപരാപ്തതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
Story Highlights: muttil wood robbery, check post, wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here