‘അന്ന് കേസ് ഒത്തുതീര്‍പ്പാക്കിയത് കിരണിന്റെ അച്ഛനും സഹപ്രവര്‍ത്തകനും ഇടപെട്ട്; വിസ്മയയെ മര്‍ദിച്ച കേസില്‍ പുനഃരന്വേഷണം വേണമെന്ന് കുടുംബം

വിസ്മയയെ മുന്‍പ് കിരണ്‍ മര്‍ദിച്ച കേസില്‍ പുനഃരന്വേഷണം വേണമെന്ന് കുടുംബം. ജനുവരിയിലാണ് വിസ്മയയെ വീട്ടില്‍വച്ച് കിരണ്‍ മര്‍ദിച്ചത്. പുനഃരന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ അറിയിച്ചു.
അന്ന് കിരണിന്റെ അച്ഛനും സഹപ്രവര്‍ത്തകനും ഭാര്യാ സഹോദരനും ഇടപെട്ടാണ് കേസ് ഒത്തു തീര്‍പ്പാക്കിയത്. ഇനി ഇത്തരത്തില്‍ ഉണ്ടാകില്ലെന്ന് കിരണില്‍ നിന്ന് എഴുതി വാങ്ങിയിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്നും വിസ്മയയുടെ കുടുംബം ആരോപിച്ചു. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കുടുംബം തൃപ്തി പ്രകടിപ്പിച്ചു.
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മേല്‍നോട്ട ചുമതലയുള്ള ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് നേരിട്ടെത്തി തെളിവ് ശേഖരിക്കും. രാവിലെ 11 മണിക്ക് നിലമേല്‍ കൈതോടുള്ള വിസ്മയയുടെ വീട്ടിലാകും ആദ്യ സന്ദര്‍ശനം. പിന്നീട് ശാസ്താംകോട്ട പോരുവഴിയിലുള്ള കിരണിന്റെ വീട്ടിലേക്ക് 12.30 ന് പോകും. ഉദ്യോഗസ്ഥരുമായി ഇന്നലെ ഓണ്‍ലൈനിലൂടെ അന്വേഷണ പുരോഗതി വിലയിരുത്തിയ ഹര്‍ഷിത അട്ടല്ലൂരി ഇന്ന് ഇവരെ നേരില്‍ കാണും. ഉച്ചയ്ക്ക് ഒരു മണിക്കാണ് ഉദ്യോഗസ്ഥ യോഗം.
മരിച്ച വിസ്മയയുടെ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം പ്രതി കിരണിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് പൊലീസ് പദ്ധതിയിടുന്നത്. റിമാന്‍ഡിലുള്ള പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.
Story Highlights: vismaya, kiran kumar s
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here