ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഒത്തുചേർന്ന് ടെയ്‌ലറും വില്ല്യംസണും; ന്യൂസീലൻഡ് വിജയത്തിലേക്ക്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡ് വിജയത്തിലേക്ക്. ഇന്ത്യ മുന്നോട്ടുവച്ച 139 റൺസിൻ്റെ വിജയലക്ഷ്യത്തിലേക്ക് മുതിർന്ന താരങ്ങളായ കെയിൻ വില്ല്യംസൺ, റോസ് ടെയ്‌ലർ എന്നിവരിലൂടെ കിവീസ് കുതിയ്ക്കുകയാണ്. രണ്ട് വിക്കറ്റാണ് നിലവിൽ ന്യൂസീലൻഡിനു നഷ്ടമായിരിക്കുന്നത്. ഈ രണ്ട് വിക്കറ്റും അശ്വിനാണ് വീഴ്ത്തിയത്.
53 ഓവറിൽ 139 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡിനായി ഓപ്പണർമാരായ ടോം ലാതവും ഡെവോൺ കോൺവേയും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 33 റൺസാണ് കണ്ടെത്തിയത്. ലാതമിനെ (9) പുറത്താക്കി അശ്വിനാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക്‌ത്രൂ നൽകിയത്. അശ്വിനെ ക്രീസ് വിട്ടിറങ്ങി പ്രഹരിക്കാനൊരുങ്ങിയ ലാതമിനെ പന്ത് സ്റ്റമ്പ് ചെയ്യുകയായിരുന്നു. 11 റൺസ് എടുക്കുന്നതിനിടെ കോൺവേയും മടങ്ങി. 19 റൺസെടുത്ത താരത്തെ അശ്വിൻ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ന്യൂസീലൻഡ് 2 വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിലാണ്. ഇനി 55 റൺസ് കൂടിയാണ് ന്യൂസീലൻഡിന് വിജയിക്കാൻ സ്കോർ ചെയ്യേണ്ടത്. കെയിൻ വില്ല്യംസൺ (18), റോസ് ടെയിലർ (26) എന്നിവരാണ് ക്രീസിൽ.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 170 റൺസ് എടുക്കുന്നതിനിടെ ഓൾ ഔട്ടായിരുന്നു. 41 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രോഹിത് ശർമ്മ 30 റൺസെടുത്തു. ന്യൂസീലൻഡിനായി ടിം സൗത്തി 4 വിക്കറ്റ് വീഴ്ത്തി. ട്രെൻ്റ് ബോൾട്ടിന് മൂന്ന് വിക്കറ്റുണ്ട്.
Story Highlights: wtc final new zealand controls the game
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here