ഞങ്ങൾ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട രണ്ടാമത്തെ ക്രിക്കറ്റ് ടീമാണെന്ന് കരുതുന്നു: കെയിൻ വില്ല്യംസൺ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയെങ്കിലും തങ്ങൾ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട രണ്ടാമത്തെ ക്രിക്കറ്റ് ടീമാണെന്ന് കരുതുന്നു എന്ന് ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ. ഇന്ത്യയെ പരജയപ്പെടുത്തിയെങ്കിലും ഇന്ത്യക്കാർക്ക് തങ്ങളോടുള്ള ഇഷ്ടം അങ്ങനെ തന്നെ തുടരുമെന്ന് കരുതുന്നു എന്നും വില്ല്യംസൺ ഒരു ചോദ്യത്തിനു മറുപടിയായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയെ കീഴടക്കി ലോക കിരീടം നേടാനായത് വളരെ പ്രത്യേകതയുള്ള ഒരു വികാരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2015, 19 ഏകദിന ലോകകപ്പ് ഫൈനലുകളിൽ പരാജയപ്പെട്ട ടീമാണ് ന്യൂസീലൻഡ്. ആദ്യമായാണ് കിവീസിന് ഒരു ഐസിസി ലോക കിരീടം ലഭിക്കുന്നത്. 2000ൽ നേടിയ ചാമ്പ്യൻസ് ട്രോഫിയാണ് കിവീസിൻ്റെ ആദ്യ ഐസിസി ട്രോഫി. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാമത്തെ ഐസിസി കിരീടമാണ്.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ 8 വിക്കറ്റിനാണ് ന്യൂസീലൻഡ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. പൂർണമായും മഴ മാറിനിന്ന റിസർവ് ദിനത്തിൽ ഇന്ത്യ മുന്നോട്ടുവച്ച 139 റൺസിൻ്റെ വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ, 7.1 ഓവറുകൾ ബാക്കിനിർത്തി കിവീസ് മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ടെയ്‌ലറും വില്ല്യംസണും ചേർന്ന കൂട്ടുകെട്ടാണ് കിവീസിനെ ജയത്തിലേക്ക് നയിച്ചത്. വില്ല്യംസൺ 52 റൺസെടുത്തപ്പോൾ ടെയ്‌ലർ 47 റൺസ് നേടി. ഇന്ത്യക്കായി ആർ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
Story Highlights: Hope we can be India’s second favorite cricket team, says Williamson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here