ഐപിഎൽ രണ്ടാം പാദത്തിൽ ന്യൂസീലൻഡ് താരങ്ങൾ കളിച്ചേക്കും

ഐപിഎൽ രണ്ടാം പദത്തിൽ ന്യൂസീലൻഡ് താരങ്ങൾ കളിച്ചേക്കും. ഇംഗ്ലണ്ട്, ന്യൂസീലൻഡ് താരങ്ങൾ ഐപിഎലിനുണ്ടാവില്ല എന്ന റിപ്പോർട്ടുകൾക്കിടെയാണ് ഫ്രാഞ്ചൈസികൾക്ക് ആശ്വാസമായി പുതിയ റിപ്പോർട്ട്. ഒരു ഐപിഎൽ ഫ്രാഞ്ചൈസി ഒഫീഷ്യലിനെ ഉദ്ധരിച്ച് ക്രിക്കറ്റ് ഡോട്ട് കോമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
തങ്ങൾ ഐപിഎലിനുണ്ടാവുമെന്ന് ന്യൂസീലൻഡ് താരങ്ങൾ ഇതിനോടകം തന്നെ അതാത് ഫ്രാഞ്ചൈസികളെ അറിയിച്ചു എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഐപിഎലിൽ ആകെ 8 ന്യൂസീലൻഡ് താരങ്ങളാണ് കളിക്കുക. കെയിൻ വില്ല്യംസൺ, കെയിൽ ജമീസൺ, ട്രെൻ്റ് ബോൾട്ട്, മിച്ചൽ സാൻ്റ്നർ, ലോക്കി ഫെർഗൂസൻ, ജെയിംസ് നീഷം, ടിം സെയ്ഫെർട്ട്, ഫിൻ അലൻ എന്നിവരാണ് ഐപിഎൽ കളിക്കുന്ന ന്യൂസീലൻഡ് താരങ്ങൾ.
ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾ യുഎഇയിലാണ് നടക്കുക. സെപ്തംബർ 18 മുതൽ ഒക്ടോബർ 10 വരെയാവും മത്സരങ്ങളെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ 9നോ 10നോ ഫൈനൽ നടന്നേക്കും. 10 ഡബിൾ ഹെഡറുകളാണ് ഉണ്ടാവുക എന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ 8 വിക്കറ്റിന് ന്യൂസീലൻഡ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. പൂർണമായും മഴ മാറിനിന്ന റിസർവ് ദിനത്തിൽ ഇന്ത്യ മുന്നോട്ടുവച്ച 139 റൺസിൻ്റെ വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ, 7.1 ഓവറുകൾ ബാക്കിനിർത്തി കിവീസ് മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ടെയ്‌ലറും വില്ല്യംസണും ചേർന്ന കൂട്ടുകെട്ടാണ് കിവീസിനെ ജയത്തിലേക്ക് നയിച്ചത്. വില്ല്യംസൺ 52 റൺസെടുത്തപ്പോൾ ടെയ്‌ലർ 47 റൺസ് നേടി. ഇന്ത്യക്കായി ആർ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി. ന്യൂസീലൻഡിൻ്റെ ആദ്യ ഐസിസി ലോക കിരീടമാണ് ഇത്.
Story Highlights: New Zealand Cricket set to allow players for remainder of IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here