പ്രായം വെറും അക്കമാണ്; പി.എച്ച്.ഡി. എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കി അറുപത്തിയേഴുകാരി

പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഗുജറാത്തിലെ വഡോദര സ്വദേശിനിയായ ആറുപത്തിയേഴുകാരി. ദൃഢനിശ്ചയത്തിലൂടെയും കഠിന പ്രയത്നത്തിലൂടെയും പി.എച്ച്.ഡി. എന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ഉഷ ലോദയ.
ഇരുപതാം വയസിൽ, തന്റെ ബിരുദത്തിന്റെ ആദ്യ വർഷത്തിലാണ് ഉഷ വിവാഹിതയാകുന്നത്. ഒരു ഡോക്ടർ ആകണം എന്നത് ഉഷയുടെ എക്കാലത്തെയും സ്വപ്നമായിരുന്നു. വിവാഹ ശേഷം പഠനം തുടരണമെന്ന് ആഗ്രഹിച്ചെങ്കിലും സാഹചര്യങ്ങൾ അനുവദിച്ചില്ല. എന്നിരുന്നാലും താൻ ഇപ്പോൾ സംതൃപ്തയാണെന്ന് ഉഷ അറിയിച്ചു.
“മഹാരാഷ്ട്ര ആസ്ഥാനമായുള്ള ശത്രുഞ്ജയ് അക്കാദമിയിൽ ജൈനമതത്തെക്കുറിച്ചുള്ള ഒരു ബിരുദ കോഴ്‌സ് കണ്ടപ്പോൾ, മറ്റൊന്നും ചിന്തിക്കാതെ ആ കോഴ്‌സിന്റെ ആദ്യ വർഷത്തിൽ പ്രവേശനം നേടി. അത് ഒരു ഓൺലൈൻ കോഴ്‌സായിരുന്നു. ബിരുദം പൂർത്തിയാക്കിയ ശേഷം ഞാൻ ബിരുദാനന്തര ബിരുദവും പിന്നീട് എന്റെ മാർക്കിന്റെ അടിസ്ഥാനത്തിൽ പി.എച്ച്.ഡി.ക്ക് പ്രവേശനവും നേടി, ”ഉഷ കൂട്ടിച്ചേർത്തു.
ഒരു മുത്തശ്ശി എന്ന നിലയിൽ കൊച്ചുമക്കൾക്ക് ഉഷ നൽകുന്ന ഉപദേശം ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്നാണ്.
ജീവിതത്തിൽ ആദ്യം ഒരു ലക്ഷ്യം വെക്കുക എന്നതാണ് ഉഷയുടെ വിശ്വാസം, ധൈര്യം നഷ്ടപ്പെടാതെ ഒരാൾ കഠിനാധ്വാനം ചെയ്യുകയാണെങ്കിൽ, ഒരു ദിവസം അവൻ അല്ലെങ്കിൽ അവൾ തീർച്ചയായും ലക്ഷ്യം കൈവരിക്കും.
മരുമകൾ നിഷ ലോദയയുടെ സഹായത്തോടെയാണ് തന്റെ സ്വപ്നം നേടിയെടുത്തതെന്ന് ഉഷ വളരെ അഭിമാനത്തോടെ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here