വിസ്മയ കേസ് ; ഡോക്ടര്‍മാരുടെയും ഫൊറന്‍സിക് ഡയറക്ടറുടെയും മൊഴിയെടുത്തു

വിസ്മയ കേസില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെയും ഫൊറന്‍സിക് ഡയറക്ടറുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. വിസ്മയയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്നുള്ള സംശയങ്ങള്‍ക്കുള്ള ഉത്തരമാണ് ഡോക്ടര്‍മാരില്‍ നിന്ന് തേടിയത്. പ്രതി കിരണ്‍കുമാറിന്റെ സഹോദരീ ഭര്‍ത്താവ് മുകേഷിനെയും പൊലീസ് വീണ്ടും വിളിപ്പിച്ചു.
വിസ്മയയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്ന് ഡോക്ടര്‍മാരുടെ സംഘത്തില്‍ നിന്നാണ് അന്വേഷണസംഘം കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞത്. ഫൊറന്‍സിക് ഡയറക്ടര്‍ ശശികലയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
ശുചിമുറിയുടെ ജനാലയില്‍ ടവ്വല്‍ കഴുത്തില്‍ മുറുകി മരിച്ച നിലയിലാണ് വിസ്മയയെ കണ്ടത്. ഇത് വിസ്മയ സ്വയം ചെയ്തതാണോ അല്ലയോ എന്ന സംശയത്തിനുള്ള ഉത്തരമാണ് പൊലീസ് തേടിയത്. ഒരു മീറ്ററും 45 സെന്റീമീറ്ററുമാണ് ശുചിമുറിയിലെ തറയും ജനാലയും തമ്മിലുള്ള ഉയരം. ഇതിന്റെ പശ്ചാത്തലത്തില്‍ സംശയ ദൂരീകരണത്തിനാവശ്യമായ നൂറോളം ചോദ്യങ്ങളുടെ ഉത്തരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞത്.
ഇതിനിടെ വിസ്മയയുടെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. അടുത്ത സുഹൃത്തായ അശ്വതിയില്‍ നിന്നും കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. കിരണ്‍കുമാറിന്റെ സഹോദരീഭര്‍ത്താവായ മുകേഷിനെ രണ്ടാമതും പൊലീസ് വിളിപ്പിച്ചു.
അതേസമയം, വിസ്മ യുടെയും കിരണിന്റേയും വാട്സ്ആപ്പ് ചാറ്റുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കിരണിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് വിശദമായി പരിശോധിക്കും.
Story Highlights: Kollam Vismaya Case, Forensic
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here