ആയിഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്ത് ലക്ഷദ്വീപ് പൊലീസ്

രാജ്യദ്രോഹ കേസില്‍ ആയിഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്ത് ലക്ഷദ്വീപ് പൊലീസ്. ആയിഷയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും സാമ്പത്തിക ഇടപാടുകളില്‍ പൊരുത്തക്കേടുള്ളതായും കവരത്തി പൊലീസ് വ്യക്തമാക്കി. നേരത്തെ ചോദ്യം ചെയ്യലിനിടെ നല്കിയ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആയിഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
ആയിഷയുടെ ബാങ്ക് അക്കൗണ്ട് രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായി കവരത്തി പൊലീസ് പറയുന്നു. മാര്‍ച്ച് മാസം വിദേശത്ത് നിന്ന് ആയിഷയ്ക്ക് പണം എത്തിയിട്ടുണ്ട്. എന്നാല്‍ പണത്തിന്റെ സ്രോതസ് വിശദീകരിക്കാന്‍ ആയിഷയ്ക്ക് സാധിച്ചിട്ടില്ല. ലക്ഷദ്വീപ് വിവാദത്തിന് പിന്നാലെ ആയിഷയ്ക്ക് വന്ന ചില കോളുകളില്‍ വ്യക്തത വരുത്താനുണ്ടെന്നും കവരത്തി പോലീസ് വ്യക്തമാക്കി.
ഇതിനിടെ രാജ്യദ്രോഹ കേസില്‍ ആയിഷ സുല്‍ത്താനയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ആയിഷയ്ക്കെതിരായ രാജ്യദ്രോഹ കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആയിഷ ലക്ഷദ്വീപ് ഭരണകൂടത്തെയാണ് വിമര്‍ശിച്ചതായി കാണുന്നതെന്നും ബയോ വെപ്പണ്‍ എന്ന പദം മാത്രമെടുക്കാതെ പരാമര്‍ശത്തിന്റെ ആകെ ഉദ്ദേശം കണക്കിലെടുത്താല്‍ മതിയെന്നും കോടതി ചൂണ്ടിക്കാട്ടി. ആയിഷ ക്രിമിനല്‍ പശ്ചാത്തലം ഉള്ള വ്യക്തിയാണെന്ന് കാണുന്നില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ ആയതിനാല്‍ കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
Story Highlights: Lakshadweep, ayesha Sultana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here