Advertisement

‘നിയമസഭ കയ്യാങ്കളി കേസ് കേരളത്തിന് തീരാക്കളങ്കമുണ്ടാക്കി’; തടസഹര്‍ജി നല്‍കി ചെന്നിത്തല

June 26, 2021
Google News 1 minute Read

നിയമസഭയിലെ കയ്യാങ്കളി കേസ് ഒത്തുതീര്‍പ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമത്തിനെതിരെ സുപ്രിംകോടതിയില്‍ തടസഹര്‍ജി ഫയല്‍ ചെയ്ത് രമേശ് ചെന്നിത്തല. നിയമസഭാ കയ്യാങ്കളികേസ് ലോകത്തിന് മുന്നില്‍ തീരാക്കളങ്കമുണ്ടാക്കിയെന്ന് പറഞ്ഞ ചെന്നിത്തല കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണിതെന്ന് വിമര്‍ശിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും കേരള ഹൈക്കോടതിയിലും നടത്തിയ നിയമപോരാട്ടത്തിന്റെ തുടര്‍ച്ചയായിട്ടാണ് സുപ്രീംകോടതിയിലും ചെന്നിത്തല അപേക്ഷ നല്‍കിയിരിക്കുന്നത്.

രമേശ് ചെന്നിത്തലയുടെ വാക്കുകള്‍;

ലോകത്തിനു മുന്നില്‍ കേരളത്തിന് തീരാക്കളങ്കമുണ്ടാക്കിയ നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനു തടയിടുന്നതിനായി സുപ്രിംകോടതിയില്‍ തടസവാദ ഹര്‍ജി ഫയല്‍ ചെയ്തു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും കേരള ഹൈക്കോടതിയിലും നടത്തിയ നിയമപോരാട്ടത്തിന്റെ തുടര്‍ച്ചയായിട്ടാണ് സുപ്രിംകോടതിയിലും അപേക്ഷ നല്‍കിയിരിക്കുന്നത്.
ധനകാര്യ മന്ത്രി കെ എം മാണി സാര്‍ അവതരിപ്പിച്ച 2015 ലെ ബജറ്റ് തടസപ്പെടുത്താനായി അന്നത്തെ പ്രതിപക്ഷ എംഎല്‍എമാര്‍ അഴിഞ്ഞാടിയത് കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണ്. നിലവിലെ മന്ത്രി വി ശിവന്‍കുട്ടി, കെ ടി.ജലീല്‍ എംഎല്‍എ ഉള്‍പ്പെടെ അന്നത്തെ ആറു എംഎല്‍എമാര്‍ക്കെതിരെയാണ് പൊതുമുതല്‍ നശിപ്പിച്ചതിനു കുറ്റപത്രം സമര്‍പ്പിച്ചത്.

നിയമനിര്‍മാണത്തിന് ഉത്തരവാദിത്വമുള്ള സാമാജികര്‍ നിയമലംഘകരായി മാറുന്ന കാഴ്ചയ്ക്കാണ് 2015 മാര്‍ച്ച് 13 ന് നിയമസഭ സാക്ഷ്യം വഹിച്ചത്. സ്പീക്കറുടെ പോഡിയം, കമ്പ്യുട്ടര്‍, മൈക്ക്, ഫര്‍ണീച്ചര്‍ എന്നിവയടക്കം തല്ലിത്തകര്‍ത്തു. 2.20 ലക്ഷം രൂപയുടെ പൊതുമുതലാണ് നശിപ്പിച്ചത്. പ്രസംഗത്തിനോ വോട്ടിങ്ങിനോ സാമാജികര്‍ക്ക് നിയമ സഭയില്‍ ലഭിക്കുന്ന നിയമപരിരക്ഷ ക്രിമിനല്‍ പ്രവര്‍ത്തനം നടത്തിയാല്‍ ലഭിക്കില്ലെന്ന് സുപ്രീംകോടതി നേരത്തേ വിധിച്ചിട്ടുണ്ട്. എംഎല്‍എമാര്‍ പൊതുമുതല്‍ തല്ലിത്തകര്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അടക്കം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
കേസ് പിന്‍വലിക്കണം എന്ന ആവശ്യം കീഴ്‌ക്കോടതിയും ഹൈക്കോടതിയും തള്ളിക്കളഞ്ഞതാണ്.
വിചാരണ കൂടാതെ കേസ് പിന്‍വലിച്ചു പ്രതികളെ കുറ്റവിമുക്തരാക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെയാണ് നീങ്ങുന്നത്.

പാര്‍ലമെന്ററി ചരിത്രത്തില്‍ ഇത്രയേറെ കളങ്കമുണ്ടാക്കിയ കേസില്‍ നിയമ സഭയുടെ പരിരക്ഷ വേണം എന്ന വാദം അംഗീകരിച്ചാല്‍ നാട് ഗുരുതര പ്രത്യാഘാതമാണ് നേരിടേണ്ടി വരിക. നിയമ സഭയില്‍ അംഗങ്ങള്‍ തുറന്ന പോരാടിക്കുകയും വെട്ടിനുറുക്കുകയും ചെയ്താല്‍ ഈ പരിരക്ഷ നല്‍കാന്‍ കഴിയുമോ?
നിയമസഭാ സാമാജികര്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ കുറ്റങ്ങളില്‍ നിയമനടപടികള്‍ക്ക് സ്പീക്കറുടെ അനുമതി വേണം എന്ന വാദവും അപകടകരമാണ്. അങ്ങനെ സംഭവിച്ചാല്‍ സ്പീക്കര്‍ അംഗീകാരം കൊടുക്കാത്തടുത്തോളം കാലം ഏതു ഹീനകൃത്യത്തില്‍ ഉള്‍പ്പെട്ട എം.എല്‍.എ മാരേയും അറസ്റ്റ് ചെയ്യാന്‍ വയ്യാത്ത വിശേഷമല്ലേ സൃഷ്ടിക്കുക?
കേസ് പിന്‍വലിക്കാന്‍ ഹര്‍ജി കൊടുക്കാന്‍ അധികാരപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടര്‍, ഹര്‍ജി തള്ളിയ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്തു സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന് എന്താണ് അധികാരം?
ഈ കേസില്‍ വിചാരണയാണ് അടിയന്തരമായി ആരംഭിക്കേണ്ടത്. മറിച്ചു കേസ് പിന്‍വലിക്കണം എന്ന ആവശ്യവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ നിയമപരമായി പ്രതിരോധിക്കാന്‍ ഞാന്‍ എന്നും മുന്നിലുണ്ടാകും’.

Story Highlights: ramesh chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here