Advertisement

ഗാർഹിക പീഡനത്തിന്​ ഇരയാകുന്നുണ്ടൊ? പോസ്റ്റ്ഓഫീസിലെത്തി തപാൽ എന്ന് പറയൂ; ചർച്ചയായി രക്ഷാദൂത് പദ്ധതി

June 26, 2021
Google News 1 minute Read

വിസ്​മയയുടെ മരണത്തോടെ സ്​​ത്രീധനത്തിന്‍റെ പേരിലും മറ്റുമുള്ള ഗാർഹിക പീഡന സംഭവങ്ങൾ തുടരെ തുടരെ റി​പ്പോർട്ട്​ ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ‘രക്ഷാദൂത്​’ പദ്ധതി ചർച്ചയാകുന്നു. ഗാര്‍ഹികപീഡനത്തില്‍നിന്ന് വനിതകളെ സംരക്ഷിക്കാന്‍ സംസ്ഥാന വനിതാ ശിശുവികസന വകുപ്പും തപാല്‍വകുപ്പുമായി ചേര്‍ന്ന് ‘നടപ്പാക്കിയ പദ്ധതിയാണ് ‘രക്ഷാദൂത്’. സ്ത്രീധന പീഡനങ്ങൾ വർധിച്ചുവരുന്ന കാലത്ത് ഈ വർഷം മാർച്ചിൽ നടപ്പാക്കിയ പദ്ധതിക്ക് പരമാവധി പ്രചാരം നൽകാനുള്ള ശ്രമത്തിലാണ്​ വനിത ശിശുവികസന വകുപ്പ്.

അതിക്രമങ്ങളില്‍പ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലളിതമായി പരാതിപ്പെടാനുള്ള പദ്ധതിയാണിത്. അതിക്രമത്തിനിരയായ വനിതകള്‍ക്കോ കുട്ടികള്‍ക്കോ അവരുടെ പ്രതിനിധിക്കോ പദ്ധതി പ്രയോജനപ്പെടുത്താം. ദുരിത സാഹചര്യത്തിൽ പീഡനം നേരിടുന്നുവെന്ന് സംസ്ഥാന വനിത‑ശിശു വികസന വകുപ്പിനെ അറിയിക്കാന്‍ ഈ സംവിധാനം സഹായിക്കും . ഈ പദ്ധതി പ്രകാരം കാര്യങ്ങള്‍ പൂര്‍ണമായി എഴുതി അറിയിക്കണമെന്നില്ല. തപാല്‍ ചെലവും ഇല്ല. അടുത്തുള്ള പോസ്റ്റ്ഓഫീസിലെത്തി ‘തപാല്‍’ എന്ന കോഡ് പറഞ്ഞാല്‍ പോസ്റ്റ്മാസ്റ്റര്‍/പോസ്റ്റ്മിസ്ട്രസിന്റെ സഹായത്തോടുകൂടി പിന്‍കോഡ് സഹിതമുള്ള സ്വന്തം മേല്‍വിലാസമെഴുതിയ പേപ്പര്‍ ലെറ്റര്‍ബോക്സില്‍ നിക്ഷേപിക്കാം.

പീഡനമനുഭവിക്കുന്ന സ്ത്രീക്കോ കുട്ടിക്കോ പോസ്റ്റ്ഓഫീസ് അധികൃതരുടെ സഹായമില്ലാതെയും ഇതു ചെയ്യാം. കവറിന് പുറത്ത് ‘തപാൽ’ എന്ന് രേഖപ്പെടുത്തണം എന്ന് മാത്രം. സ്റ്റാമ്പ് പതിക്കേണ്ടതില്ല.

ഇത്തരം പരാതികൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിനു തപാൽ വകുപ്പിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന മേല്‍വിലാസമെഴുതിയ പേപ്പറുകള്‍ പോസ്റ്റ്മാസ്റ്റര്‍ സ്‌കാന്‍ചെയ്ത് വനിതാ ശിശുവികസന വകുപ്പിന് ഇ-മെയില്‍ വഴി അയച്ചുകൊടുക്കും. ഗാര്‍ഹിക അതിക്രമവുമായി ബന്ധപ്പെട്ട പരാതികള്‍ അതത് ജില്ലകളിലെ വനിതാ സംരക്ഷണ ഓഫീസര്‍മാരും കുട്ടികള്‍ക്കെതിരേയുള്ള പരാതികള്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍മാരും അന്വേഷിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.

വളരെ രഹസ്യമാണ് ഈ നടപടികള്‍ കൈകാര്യം ചെയ്യുകയെന്നതിനാല്‍ ഏറെ പേര്‍ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് അധികൃതർക്ക് ഉള്ളത്. സര്‍ക്കിള്‍ പോസ്റ്റ്മാസ്റ്റര്‍ ജനറലുമായി വനിതാ ശിശുവികസന വകുപ്പ് ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here