വാൽപ്പാറ: തമിഴ്‌നാട്ടിലെ മലയാളികളുടെ സ്വർഗം
തിരക്കുകളിൽ നിന്ന് ഒരു ഇടവേളയെടുത്ത് ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നവരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ചില സ്ഥലങ്ങളുണ്ട്, അതിലൊരിടമാണ് വാൽപ്പാറ. വാൽപ്പാറ തമിഴ്‌നാടിന് സ്വന്തമാണെങ്കിലും അവിടെയെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും മലയാളികളാണ്. വാൽപ്പാറയെ കുറിച്ച് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കടും മലകയം ഹെയർപിൻ വളവുകളും താണ്ടി വേണം വലപ്പാറയിൽ എത്തി ചേരാൻ. കോയമ്പത്തൂരിൽ നിന്ന് 100 കിലോമീറ്ററും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്റർ ദൂരത്തിലാണ് ഈ സ്ഥലം.
കേരളത്തിലേക്ക് വാൽപ്പാറയിലേക്ക് പോകാൻ അധികമൊന്നും ചുറ്റി കറങ്ങേണ്ട ആവശ്യമില്ല. കേരളത്തിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൂടി കടന്ന് വേണം വാൽപ്പാറയിലേക്ക് എത്താൻ. ഈ യാത്രയിലെ ഏറ്റവും വലിയ ആകർഷണവും ഈ അങ്ങോട്ടേക്കുള്ള യാത്ര തന്നെയാണ്.
കേരളത്തിൽ നിന്ന് പ്രധാനമായി മൂന്ന് വഴികളിലൂടെ വാൽപ്പാറയിൽ എത്തിച്ചേരാനാകും. പാലക്കാട് – പൊള്ളാച്ചി – ആളിയാർ വഴി, ചാലക്കുടി – അതിരപ്പിള്ളി – മലക്കപ്പാറ വഴി. അല്ലെങ്കിൽ മൂന്നാർ – മറയൂർ – ചിന്നാർ – ആനമല വഴി വാൽപ്പാറ. ചാലക്കുടി- അതിരപ്പിള്ളി- മലക്കപ്പാറ വഴി വാൽപ്പാറ പോകുന്നതാണ് ഏറ്റവും സുന്ദരമായ വഴി. മനോഹരമായ വെള്ളച്ചാട്ടങ്ങളും മറ്റും ആസ്വദിച്ചുള്ള യാത്ര. അതിരപ്പള്ളി കഴിഞ്ഞാൽ പിന്നെ വാഴച്ചാലാണ്, കുറച്ച് സമയം അവിടെയും ചെലവഴിക്കാം. പിന്നീടുള്ള യാത്ര വനത്തിലൂടെയാണ്, ആനകൾ ഇറങ്ങുന്ന വഴികളിലൂടെ. വന്യ മൃഗങ്ങളുടെ സ്വൈര്യ വിഹാരത്തിന് തടസ്സമാകാതിരിക്കാൻ രാത്രിയാത്രയ്ക്ക് നിരോധനം കൽപിച്ചിരിക്കുകയാണ് അവിടെ.
മലക്കപ്പാറ വരെയുള്ള കൊടുംകാട്ടിലൂടെയുള്ള യാത്ര ആസ്വാദകരമാണ്. കെഎസ്ആർടിസി ചാലക്കുടിയിൽ നിന്നും മലക്കപ്പാറ വരെ സർവീസ് നടത്തുന്നുണ്ട്. ആനവണ്ടിയിൽ വാൽപാറയിലേക്ക് യാത്രതിരിച്ചാലും ഗംഭീരമായിരിക്കും.
സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുന്നവർ എവിടെയും വണ്ടി നിർത്താതിരിക്കാൻ ശ്രമിക്കണം, കാരണം വന്യ മൃഗങ്ങൾ ഉള്ളതിനാൽ ഒട്ടും സുരക്ഷിതമായിരിക്കില്ല. വാൽപ്പാറ എന്നത് മൂന്നാറിന്റെ പകുതി വലിപ്പമുള്ള ഒരു കൊച്ച് ടൗണാണ്. വാൽപ്പാറയെ വ്യത്യസ്തമാക്കുന്നതും സഞ്ചാരികൾക്കിടയിൽ പ്രിയങ്കരമാക്കുന്നതും ഇവിടുത്തെ കാലാവസ്ഥയാണ്. വാൽപ്പാറയിലെ ചിന്നക്കല്ലാർ എന്ന സ്ഥലം ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ്. 12 ഡാമുകളും ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷനുകളുമുള്ള ലോകത്തിലെ ഒരേയൊരു ഹിൽ സ്റ്റേഷൻ എന്ന റെക്കോർഡും വാൽപ്പാറയ്ക്കുണ്ട്.
കാപ്പിത്തോട്ടങ്ങളുടെയും തേയിലത്തോട്ടങ്ങളും പൂത്ത് നിൽക്കുന്ന വാൽപ്പാറ ഏറെ മനോഹാരിയാണ്. മനം കുളിർപ്പിക്കുന്ന കാഴ്ചകളാണ് വാൽപ്പാറയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. നീരാർ ഡാം, ഷോളയാർ ഡാം, നല്ലമുടി പൂഞ്ചോല, മാനാമ്പള്ളി പവർഹൗസ് ബാലാജി ക്ഷേത്രം തുടങ്ങി കാഴ്ചകളും ഇവിടെയുണ്ട്.
മറ്റൊരു ആകർഷണം എന്ന് പറയുന്നത് 40 ഹെയർപിൻ വളവുകളുള്ള ചുരമാണ്. ചുരത്തിലെ ചില വ്യൂ പോയിന്റുകളിൽ നിന്ന് താഴേക്ക് നോക്കിയാൽ ആളിയാർ ഡാമും റിസർവോയറുമെല്ലാം വളരെ മനോഹരമായി കാണാവുന്നതാണ്. അനമലൈ നാഷണൽ പാർക്കിന്റെ ഭാഗമാണ് വാൽപ്പാറ. അതുകൊണ്ട് ആനകളെ മാത്രമല്ല കാട്ടുപോത്ത്, പുലി തുടങ്ങിയവയെല്ലാം ഇവിടെ കാണാം.
തെയിലതോട്ടങ്ങൾ, വരയാടുകൾ, കാട്ടുപോത്ത്, കാട്ടാന, കോടമഞ്ഞ് ഇതിലെല്ലാമുപരി തിങ്ങി നിറഞ്ഞ കാടിന്റെ സൗന്ദര്യം ഇവയെല്ലാം ഒരുമിച്ച് ആസ്വദിക്കണമെങ്കില്‍ വാൽപാറയിലേക്ക് തിരിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here