‘ഇൻ കാർ ഡൈനിങ്ങ്’ പദ്ധതിയുമായി കെ.ടി.ഡി.സി.; ഇനി മുതൽ സ്വന്തം വാഹനത്തിലിരുന്ന് ഭക്ഷണം കഴിക്കാം

റെസ്റ്റോറന്റിൽ കയറാതെ പുറത്ത് കാറിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമൊരുക്കി കെ.ടി.ഡി.സി. കൊവിഡ് കാലത്ത് യാത്രയ്ക്കിടെ സുരക്ഷിതമായി ഭക്ഷണം കഴിക്കാനുള്ള അവസരമൊരുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ കെ.ടി.ഡി.സി. ലക്ഷ്യമിടുന്നത്. ഹോട്ടലുകളിൽ കയറാതെ കാറിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം കെ.ടി.ഡി.സി.യുടെ തെരഞ്ഞെടുക്കപ്പെട്ട ആഹാർ റെസ്റ്റോറൻ്റുകളിലാണ് തയാറാകുന്നത്. ‘ഇൻ കാർ ഡൈനിങ്ങ്’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഇൻ കാർ ഡൈനിങ്ങ് പദ്ധതിയുടെ ഉദ്‌ഘാടനം ജൂൺ 30 ന് കായംകുളം ആഹാർ റെസ്റ്റോറൻ്റിൽ പൊതുമരാമത്ത് – ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. കൊട്ടാരക്കര, കുറ്റിപ്പുറം, കണ്ണൂർ ധർമ്മശാല എന്നിവിടങ്ങളിലെ ആഹാർ റസ്റ്റോറൻ്റുകളിലും ഇതോടൊപ്പം ‘ ഇന്‍ കാര്‍ ഡൈനിംഗ് ‘ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്ന ‘ഇൻ-കാർ ഡൈനിംഗ്’ പദ്ധതിക്ക് കീഴിൽ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം, ലഘുഭക്ഷണം എന്നിവ നൽകും. തുടക്കത്തിൽ, സംസ്ഥാനത്തെ തിരഞ്ഞെടുത്ത കെ.ടി.ഡി.സി. റെസ്റ്റോറന്റുകളിൽ മാത്രമാകും പദ്ധതി നടപ്പിലാക്കുക. പാർക്കിംഗ് സൗകര്യമുള്ള ഹോട്ടലുകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഹോട്ടലുകളിൽ എത്തുന്നവര്‍ക്ക് സ്വന്തം വാഹനങ്ങളില്‍ തന്നെ ഭക്ഷണം ലഭ്യമാക്കും. വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങുകയോ ഹോട്ടലുകളിൽ കയറുകയോ ചെയ്യേണ്ട. ആവശ്യമായ കോവിഡ് പ്രതിരോധ സംവിധാനങ്ങളും നടപ്പാക്കും. ഇതു വഴി കോവിഡ് വ്യാപിക്കുന്ന സാഹചര്യം കുറയ്ക്കാനുമാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
കൊവിഡ് കാലത്ത് ജനങ്ങൾക്ക് മികച്ച ഭക്ഷണം സുരക്ഷിതമായി നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് കെ.ടി.ഡി.സി. ഹോട്ടലുകളിൽ ഇപ്പോൾ ഈ പദ്ധതി നടപ്പിലാക്കിയതെന്നും, പദ്ധതി വിജയിച്ചാൽ കൂടുതൽ സ്ഥലങ്ങളിൽ ഇൻ കാർ ഡൈനിങ്ങ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
കെ.ടി.ഡി.സി. ഹോട്ടൽ ശൃംഖലകളെ മുൻഗണനാടിസ്ഥാനത്തിൽ തരംതിരിച്ച് ‘മിഷൻ ഫെയ്‌സ്‌ലിഫ്റ്റ്’ പദ്ധതി പ്രകാരം നവീകരിക്കും. തിരുവനന്തപുരത്തെ വേളിയിൽ കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലോട്ടിംഗ് റെസ്റ്റോറന്റുകൾ സ്ഥാപിക്കും. ആദ്യത്തേത് കോഴിക്കോട് ജില്ലയിലെ കടലുണ്ടിയിൽ വരുമെന്നും, മന്ത്രി വപറഞ്ഞു.
പ്രതിസന്ധി കാലത്ത് ഹോട്ടല്‍ ടൂറിസം മേഖലയെ കൈപിടിച്ചുയര്‍ത്താനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here