മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റം; അപൂർവ റെക്കോർഡുമായി ഷഫാലി

ഇന്ത്യൻ വനിത ക്രിക്കറ്റിലെ പുത്തൻ താരോദയം ഷഫാലി വർമക്ക് മറ്റൊരു റെക്കോർഡ് കൂടി. ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റിലും കളിച്ച ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്ററായി മാറിയിരിക്കുകയാണ് വനിതാ ടീമിലെ ഓപ്പണറായ ഷഫാലി വര്‍മ. ഇംഗ്ലണ്ടിനെതിരേ ഞായറാഴ്‌ച നടന്ന ആദ്യ ഏകദിനത്തില്‍ ക്യാപ്പണിഞ്ഞതോടെയാണ് പുരുഷ, വനിതാ ക്രിക്കറ്റില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടം ഷഫാലിയെ തേടിയെത്തിയത്.
17 വർഷവും 150 ദിവസവും മാത്രം പ്രായമുള്ള ഹരിയാനക്കാരി ഇതിനിടെ ടെസ്റ്റ്, ട്വൻറി20 ഫോർമാറ്റുകളിൽ അരങ്ങേറ്റം നടത്തിയിരുന്നു. പുരുഷ, വനിതാ വിഭാഗങ്ങളിലായി മൂന്നു ഫോര്‍മാറ്റിലും കളിച്ച പ്രായം കുറഞ്ഞ താരങ്ങളുടെ ഓവറോള്‍ ലിസ്റ്റില്‍ ഷഫാലി അഞ്ചാമതെത്തുകയും ചെയ്തു. അഫ്ഗാനിസ്താന്‍ പുരുഷ ടീമിലെ സ്പിന്നറായ മുജീബുര്‍ റഹ്മാനാണ് ഈ ലിസ്റ്റിലെ ഒന്നാമന്‍. 17 വയസും 78 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു മുജീബ് ദേശീയ ടീമിനായി എല്ലാ ഫോര്‍മാറ്റുകളിലും കളിച്ചത്. ഇംഗ്ലണ്ടിൻറെ സാറാ ടെയ്ലർ (17 വർഷം 86 ദിവസം), ആസ്ട്രേലിയയുടെ എലീസ് പെറി (17 വർഷം 104 ദിവസം), പാകിസ്താൻറെ മുഹമ്മദ് ആമിർ (17 വർഷം 108 ദിവസം) എന്നിവരാണ് പട്ടികയിലെ ആദ്യത്തെ നാലു സ്ഥാനക്കാര്‍.
റെക്കോര്‍ഡ് കുറിച്ചതിനു പിന്നാലെ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ കളിച്ച ഷഫാലിക്കു പക്ഷെ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. 14 ബോളില്‍ 15 റണ്‍സെടുത്ത താരത്തെ കാതറിന്‍ ബ്രെന്‍ട് പുറത്താക്കുകയായിരുന്നു. നേരത്തേ ഇംഗ്ലണ്ടിനെതിരായ ഒരേയൊരു ടെസ്റ്റില്‍ ഷഫാലി മിന്നുന്ന പ്രകടനം നടത്തിയിരുന്നു. അരങ്ങേറ്റ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 96ഉം രണ്ടാമിന്നിങ്‌സില്‍ 63ഉം റണ്‍സ് ഷഫാലി അടിച്ചെടുത്തിരുന്നു. വനിതാ ക്രിക്കറ്റില്‍ അരങ്ങേറ്റ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റിയടിച്ച ആദ്യ താരമെന്ന റെക്കോര്‍ഡ് അന്നു ഷഫാലി കുറിച്ചിരുന്നു.
മല്‍സരം സമനിലയില്‍ കലാശിച്ചെങ്കിലും ഷഫാലിയടക്കം ഇന്ത്യക്കു വേണ്ടി അരങ്ങേറിയ ചില താരങ്ങളുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യക്കു വേണ്ടി 22 ട്വന്റി20കൾ കളിച്ച താരം മൂന്നു ഫിഫ്റ്റികളടക്കം അടിച്ചെടുത്തത് 617 റണ്‍സാണ്. 2019 സപ്തംബറിലായിരുന്നു ഷഫാലിയുടെ അരങ്ങേറ്റം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here