ലോക തോല്‍വികളെ അണ്‍ഫോളോ ചെയ്യുക; ലങ്കന്‍ ടീമിനെതിരെ ക്യാമ്പയിനുമായി ആരാധകര്‍

ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ തുടർച്ചയായ പരാജയങ്ങളിൽ അസ്വസ്ഥരായി ആരാധകർ. സതാംപ്റ്റണില്‍ ഇംഗ്ലണ്ടിനോട് 89 റണ്‍സിന് തോറ്റ് ട്വന്‍റി20 പരമ്പര 3-0ത്തിന് അടിയറവ് വെച്ചതോടെ ആരാധകരുടെ കലി ഇരട്ടിയായി. ഇതോടെ സമ്പൂർണ പരാജയമായി നില്‍ക്കുന്ന ടീമിനെതിരെ സോഷ്യല്‍ മീഡിയ ക്യാമ്പയിന് തുടക്കമിട്ടിരിക്കുകയാണ് ശ്രീലങ്കന്‍ ആരാധകര്‍.
‘അണ്‍ഫോളോ ക്രിക്കറ്റേഴ്സ്’ ഹാഷ് ടാഗ് ഫേസ്ബുക്കിലടക്കം ട്രന്‍ഡിങ്ങായി മാറി. ആയിരക്കണക്കിന് ആരാധകര്‍ ഉപനായകന്‍ കുശാല്‍ മെന്‍ഡിസ്, ഓപണര്‍ ധനുഷ്ക ഗുണതിലക എന്നിവരടമടക്കമുള്ള താരങ്ങളുടെ ഫേസ്ബുക്ക് പേജുകള്‍ അണ്‍ഫോളോ ചെയ്തു.
പരാജിതരായ ലങ്കന്‍ ക്രിക്കറ്റ് താരങ്ങളുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുള്ള ഔദ്യോഗിക അക്കൗണ്ടുകള്‍ അണ്‍ഫോളോ ചെയ്യുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് റിപ്പോര്‍റ്റുകൾ പറയുന്നു.
ദേശീയ ടീമിന്റെ മത്സരങ്ങള്‍ ആരും ടി.വിയില്‍ കാണരുതെന്ന സന്ദേശമുള്ള മീമുകളും പങ്കുവെക്കപ്പെടുന്നുണ്ട്. ട്വന്‍റി20യില്‍ ഇത് തുടര്‍ച്ചയായി അഞ്ചാം പരമ്പരയാണ് ലങ്ക തോൽക്കുന്നത്. സീനിയര്‍ താരങ്ങളാരും ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെയിലുള്ള ഏറ്റവും മോശം പ്രകടനമാണ് ലങ്കന്‍ ടീം നടത്തുന്നതെന്നാണ് വിലയിരുത്തല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here