Advertisement

വിസ്മയയുടെത് തൂങ്ങിമരണമെന്ന് ആവര്‍ത്തിച്ച് കിരണ്‍; ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

June 29, 2021
Google News 1 minute Read
vismaya death

വിസ്മയ കേസില്‍ മൊഴി ആവര്‍ത്തിച്ച് പ്രതി കിരണ്‍ കുമാര്‍. വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് കിരണ്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നത് പ്രതി സമ്മതിച്ചു. ഇന്ന് മരണം നടന്ന വീട്ടില്‍ കിരണിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.

വിസ്മയയെ ആശുപത്രിയില്‍ എത്തിച്ച ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭയന്ന് അവിടെ നിന്നു കടന്നു കളഞ്ഞുവെന്നാണ് കിരണ്‍ പറയുന്നത്. ഭാര്യയുടേത് തൂങ്ങി മരണമാണെന്ന് പ്രതി ആവര്‍ത്തിച്ചു. എന്നാല്‍ ഏറെ നേരം വിസ്മയയെ കാണാതിരുന്നിട്ടും അന്വേഷിക്കാത്തത് എന്തെന്നതിനും ടവ്വലുമായി പെണ്‍കുട്ടി പോയത് കണ്ടോ എന്ന ചോദ്യത്തിനും കിരണ്‍ മറുപടി നല്‍കിയില്ല.

പുലര്‍ച്ചെ മൂന്നരയ്ക്ക് വഴക്കുണ്ടായപ്പോള്‍ മാതാപിതാക്കള്‍ എത്തി ഇടപെട്ടു. ആ ദിവസം താന്‍ ഭാര്യയെ മര്‍ദിച്ചിട്ടില്ല. മൊബൈല്‍ ഫോണ്‍ അമിതമായി വിസ്മയ ഉപയോഗിക്കാറുണ്ടായിരുന്നു. ഇതിന്റെ പേരില്‍ മൂന്ന് ഫോണുകള്‍ തല്ലി തകര്‍ത്തു. എന്നാല്‍ പിന്നീട് ഫോണ്‍ വാങ്ങി നല്‍കുകയും ചെയ്തുവെന്നാണ് കിരണിന്റെ മൊഴി.

കൂടുതല്‍ എതിര്‍പ്പുണ്ടായിരുന്നത് വിസ്മയയുടെ കുടുംബത്തോടാണ്. കാറിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ കുടുംബം പല കാര്യങ്ങളിലും വിശ്വാസ വഞ്ചന കാട്ടി. തന്റെ എതിര്‍പ്പ് അവഗണിച്ച് വിസ്മയ സ്വന്തം കുടുംബത്തോട് അടുപ്പം കാണിച്ചതില്‍ കടുത്ത അമര്‍ഷമുണ്ടായിരുന്നു. ഇതാണ് പലപ്പോഴും മര്‍ദനത്തില്‍ കലാശിച്ചത്. വിസ്മയക്ക് സഹോദരന്റെ വിവാഹ സമയത്ത് സ്വര്‍ണം നല്‍കാത്തതും ഇതുകൊണ്ടായിരുന്നു.

വിവാഹത്തില്‍ താനും തന്റെ കുടുംബമോ പങ്കെടുത്തില്ലെന്നും കിരണ്‍ സമ്മതിച്ചു. വിസ്മയയുടെ ബന്ധുക്കള്‍ അധിക്ഷേപിച്ച് സംസാരിച്ചത് കൊണ്ടാണ് ജനുവരി രണ്ടിന് പെണ്‍കുട്ടിയുടെ വീടിന് മുന്‍പില്‍ സംഘര്‍ഷമുണ്ടാക്കേണ്ടി വന്നത് എന്നും കിരണ്‍ പൊലീസിന്റെ ചോദ്യം ചെയ്യലിന് മറുപടി നല്‍കി. എന്നാല്‍ തൂങ്ങി മരണമെന്നത് അന്വേഷണ സംഘം ഇപ്പോഴും വിശ്വസിക്കുന്നില്ല. പൊലീസ് സര്‍ജന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് നേരിട്ടെത്തി പരിശോധിക്കണമെന്ന ആവശ്യം അന്വേഷണ സംഘത്തിനുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വരേണ്ടതുമുണ്ട്.

Story Highlights: vismaya, kollam, suicide, domestic violence, dowry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here