Advertisement

സെല്‍ഫി എ‌ടുത്താൽ കുടുങ്ങും! സെല്‍ഫി നിരോധനം ഏര്‍പ്പെ‌ടുത്തിയ നാ‌ട്

June 30, 2021
0 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സെൽഫികൾ ഇപ്പോ നമ്മുടെ ജീവിത്തത്തിന്റെ ഒരു ഭാഗമായി മാറി കഴിഞ്ഞിരിക്കുകയാണ്. സെല്ഫികൾക്ക് യാത്രയുമായും നല്ല ബന്ധമുണ്ട്. പുത്തന്‍ കാലത്തെ യാത്രകള്‍ പൂര്‍ത്തിയാക്കുവാന്‍ പോയ സ്ഥലത്തു നിന്നുള്ള ഒരു സെല്‍ഫി നിര്‍ബന്ധമാണ്. സെൽഫികൾ ഒരു അടയാളപ്പെടുത്തലാണ്, ഓർമകളുടെ അടയാളപ്പെടുത്തൽ. എന്നാൽ സെൽഫികൾ ഒരു ട്രെൻഡായി മാറി തുടങ്ങിയതോടെ കൂടെ അപകടങ്ങളും പരിധി വിട്ട് തുടങ്ങി. പല പൊതു ഇടങ്ങളിലും സെൽഫി നിരോധിച്ച് കൊണ്ടുള്ള ഉത്തരവുകളും പുറത്തിറങ്ങിയിട്ടുണ്ട്.ഇപ്പോഴിതാ ഗുജറാത്തിലെ ഡാങ് ജില്ലയും ഇത്തരത്തിലൊരു ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ്.

സപുതാര ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെ‌ടുന്ന ഡാങ് ജില്ലയിലാണ് സെല്‍ഫിക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ജൂൺ 23 ന് പുറത്തിറക്കിയ പൊതു വിജ്ഞാപന പ്രകാരം അപകടങ്ങൾ തടയാൻ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സെൽഫികൾ ക്ലിക്കുചെയ്യുന്നത് ജില്ലാ ഭരണകൂടം വിലക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ധാരാളം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങളിൽ ആണ് നിരോധനം കർശനമാക്കിയിരിക്കുന്നത്. അശ്രദ്ധമായ സെൽഫി എടുപ്പ് കാരണം നിരവധി അപകടങ്ങളും മറ്റും ഉണ്ടായ സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്.

നിരോധിക്കപ്പെട്ട സ്ഥലങ്ങളിൽ സെൽഫി എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പോലീസ് ഇതിനെ കുറ്റകൃത്യമായി തന്നെയാവും പരിഗണിക്കുക. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ടി കെ ദാമർ ജൂൺ 23 ന് പ്രസിദ്ധീകരിച്ച പരസ്യ വിജ്ഞാപനം അനുസരിച്ച് ഈ ഉത്തരവ് ലംഘിച്ച് ആരെങ്കിലും പിടിക്കപ്പെട്ടാൽ, ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 188 (പൊതുസേവകൻ കൃത്യമായി പ്രഖ്യാപിച്ച ഉത്തരവിനോടുള്ള അനുസരണക്കേട്) പ്രകാരം കേസെടുക്കുമെന്ന് വിജ്ഞാപനത്തിൽ മുന്നറിയിപ്പ് നൽകുന്നു.

സെൽഫിയെടുക്കുന്നത് മാത്രമല്ല മഴക്കാലത്ത് കുളിക്കാനോ വസ്ത്രങ്ങൾ കഴുകാനോ, ജോലി ചെയ്യാനോ പ്രദേശവാസികൾ ഏതെങ്കിലും നദിയിലേക്കോ ജലാശയങ്ങളിലേക്കോ പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

മഴക്കാലം ആരംഭിച്ചതോടെ ഡാങ്ങിൽ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായിട്ടുണ്ട്. എന്നാൽ ഇവിടെ എത്തിച്ചേരുന്നവർ പലരും നിരുത്തരവാദപരമായി സെൽഫികൾ എടുക്കുന്നതിലൂടെ അപകടത്തിൽപ്പെടുന്നത് പതിവാണ്, മരണം വരെ കാരണമാകുന്നതാണ് ചില സെൽഫി അപകടങ്ങൾ. അത്തരം സംഭവങ്ങൾ തടയുക എന്നതാണ് ഈ ഉത്തരവിന്റെ പ്രധാന ലക്ഷ്യം.

സെൽഫികൾ എടുക്കുന്നത് വിനോദസഞ്ചാരികളുടെ ഹോട്ട്‌സ്‌പോട്ടുകളിൽ മാത്രമായി പരിമിതപ്പെടുന്നില്ലെന്നും പാറക്കൂട്ടങ്ങൾ, റോഡുകൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും ഇത് വ്യാപകമാണെന്നും അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് വിശദീകരിച്ചു. ആളുകളുടെ ഇത്തരം അപകടകരമായ പെരുമാറ്റം കണക്കിലെടുത്ത് ജില്ല മുഴുവൻ നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement