Advertisement

സംവിധായകൻ ആന്റണി ഈസ്റ്റ്മാൻ അന്തരിച്ചു

July 3, 2021
Google News 1 minute Read
director antony eastman more

സംവിധായകനും തിരക്കഥാകൃത്തുമായ ആൻ്റണി ഈസ്റ്റ്മാൻ അന്തരിച്ചു. 75 വയസ്സായിരുന്നു. തിരക്കഥാകൃത്ത് ജോൺ പോൾ ആണ് തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ വിവരം പങ്കുവച്ചത്. ഹൃദയാഘാതം മൂലം തൃശൂർ മെഡിക്കൽ കോളജിൽ വച്ചാണ് മരണം.

അറുപതുകളുടെ മധ്യത്തോടെ ഫോട്ടോഗ്രാഫറായി ജീവിതം ആരംഭിച്ച അദ്ദേഹം എറണാകുളത്തേക്കു മാറി ഈസ്റ്റ്മാൻ എന്ന പേരിൽ സ്റ്റുഡിയോ ആരംഭിച്ചു. അങ്ങനെയാണ് ആന്റണി ഈസ്റ്റ്മാൻ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. പത്രങ്ങൾക്കായാണ് ആദ്യ ഫോട്ടോ എടുത്ത് തുടങ്ങിയത്. പിന്നീട് വാരികകൾക്ക് വേണ്ടി സിനിമാക്കാരുടെ ചിത്രങ്ങൾ എടുത്തു തുടങ്ങി. അങ്ങനെയാണ് സിനിമാ മേഖലയിൽ എത്തുന്നത്.

നിശ്ചല ഛായാഗ്രാഹകനായി സിനിമാജീവിതം തുടങ്ങിയ അദ്ദേഹം പിന്നീട് സംവിധാനം, നിർമ്മാണം, തിരക്കഥ, കഥ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങി. നടി സിൽക്ക് സ്മിതയെ സിനിമാ രംഗത്തെത്തിച്ചയാളാണ് ആൻ്റണി ഈസ്റ്റ്മാൻ. 1979ൽ പുറത്തിറങ്ങിയ ഇണയെത്തേടി എന്ന ചിത്രത്തിനു നായികയെത്തേടി കോടമ്പാക്കത്ത് എത്തിയ അദ്ദേഹം വിജയലക്ഷ്മി എന്ന 19കാരിയെ കാണുകയും ആ പേര് മാറ്റി സ്മിത എന്നാക്കി സിനിമയിലെ നായികയാക്കുകയും ചെയ്തു. ആൻ്റണി ആദ്യമായി സംവിധാനം ചെയ്ത സിനിമയയായിരുന്നു ഇണയെത്തേടി.

അമ്പട ഞാനേ, വർണ്ണത്തേര്, ഐസ്ക്രീം തുടങ്ങി ആറ് സിനിമകൾ സംവിധാനം ചെയ്ത അദേഹം ഈ ലോകം ഇവിടെ കുറേ മനുഷ്യർ, തസ്കര വീരൻ തുടങ്ങി 9 സിനിമകൾക്ക് കഥ എഴുതി. മൃദുലയുടെ തിരക്കഥ ഒരുക്കിയതും അദ്ദേഹമാണ്. പിജി വിശ്വംഭരൻ്റെ പാർവതീ പരിണയം എന്ന സിനിമ നിർമ്മിച്ചതും ആൻ്റണി ഈസ്റ്റ്മാൻ ആണ്.

Story Highlights: director antony eastman is no more

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here