Advertisement

തനിക്കെതിരെ സംഘടിത ആക്രമണം നടക്കുന്നു; വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച വിഷയത്തില്‍ എം മുകേഷ് എംഎല്‍എ

July 4, 2021
Google News 1 minute Read

വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച വിഷയത്തില്‍ വിശദീകരണവുമായി എം മുകേഷ് എംഎല്‍എ. തെരഞ്ഞെടുപ്പിന് ശേഷം തന്നെ നിരന്തരം ഫോണ്‍ വിളിച്ച് ചിലര്‍ ശല്യപ്പെടുത്തി. പാലക്കാട് എംഎല്‍എ ആരെന്നറിയില്ലെന്ന കുട്ടിയുടെ മറുപടി തന്നെ ചൊടിപ്പിച്ചു. വിഷയത്തില്‍ പൊലീസിനും സൈബര്‍ സെല്ലിനും പരാതി നല്‍കുമെന്നും എം മുകേഷ് എംഎല്‍എ വ്യക്തമാക്കി.

എംഎല്‍എയുടെ വാക്കുകള്‍;
കേരളത്തില്‍ എന്റെ അത്രയും ഫോണ്‍ കോളുകള്‍ അറ്റന്റ് ചെയ്യുന്നവര്‍ വേറെയില്ല. ഫോണെടുത്തില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ തിരിച്ച് വിളിക്കുന്നതും ഞാനായിരിക്കും. ഇലക്ഷന്‍ കഴിഞ്ഞ് ഫലം വന്നതിന് ശേഷം മുതല്‍ ഇന്നുമുതല്‍ നിരന്തരം ഫോണ്‍ വിളികള്‍ വന്നുകൊണ്ടിരിക്കുകയാണ്. നിരന്തരമായ വേട്ടയാടല്‍ എന്നുതന്നെ പറയാം. ഫോണ്‍ ചാര്‍ജ് ചെയ്താല്‍ ഒരു മണിക്കൂറിനുള്ളില്‍ ചാര്‍ജ് തീരുന്നത് വരെ തുടര്‍ച്ചയായ കോളുകള്‍ വരുന്നത് അസ്വസ്ഥമാകുന്നുണ്ട്.

വീഡിയോയില്‍ പരമാര്‍ശിച്ചിട്ടുള്ള ആ കുട്ടി നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ഞാനൊരു സൂം മീറ്റിങ്ങിലാണ്, അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞു. തുടര്‍ച്ചയായി ആറ് തവണ വിളി വന്നപ്പോള്‍ സൂം മീറ്റിംഗ് കട്ടായി പോയി. അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞില്ലേ. അത്യാവശ്യമുള്ള സൂം മീറ്റിങ്ങായിരുന്നു എന്ന് ആ കുട്ടിയോട് പറഞ്ഞു.

പിന്നെയാണ് സ്ഥലം പറഞ്ഞപ്പോള്‍ ഒറ്റപ്പാലം എംഎല്‍എയെ വിളിച്ചുകൂടായിരുന്നോ എന്ന് ചോദിച്ചത്‌. അദ്ദേഹത്തിനോട് പറഞ്ഞ ശേഷം നടപടി എന്താകുമെന്ന് അറിഞ്ഞ ശേഷം എന്നോട് പറയാമായിരുന്നു. അതാണ് എന്റെ രീതി. എന്നാല്‍ വിളിച്ച കുട്ടിക്ക് ഒറ്റപ്പാലം എംഎല്‍എയുടെ പേര് അറിയില്ല. എന്റെ നമ്പര്‍ കിട്ടിയത് ഫ്രണ്ട് തന്നിട്ടാണെന്നും പറഞ്ഞു. അപ്പോള്‍ തന്നെ നമുക്ക് മനസിലാക്കാം. അത് ഫ്രണ്ടല്ല, ശത്രുവാണെന്ന്. അവന്റെ മാത്രമല്ല, ഈ നാടിന്റെയും ശത്രുവാണ്.

പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി അവിടുത്തെ എംഎല്‍എയെ അറിയില്ലെന്ന് പറയുമ്പോള്‍ ദേഷ്യം വന്നു. അപ്പോഴും ഞാന്‍ പറഞ്ഞത് എംഎല്‍എ ആരാണെന്ന് അറിഞ്ഞിരിക്കണം എന്നാണ്. എന്നെ വിളിച്ച മോന്‍ അത്ര നിഷ്‌കളങ്കനായിരുന്നെങ്കില്‍, ഇതൊന്നുമറിയില്ലെങ്കില്‍ എന്തിനാണ് അവന്‍ കോള്‍ റെക്കോര്‍ഡ് ചൈയ്തത് ? എന്തിനാണ് ആറു പ്രാവശ്യം വിളിച്ചത്. ആറാം തവണ ഫോണ്‍ എടുക്കുന്നതിന് മുന്‍പുണ്ടായ സംഭാഷണങ്ങള്‍ എന്തുകൊണ്ട് റെക്കോര്‍ഡ് ചെയ്തില്ല? ഇതെല്ലാം പ്ലാന്‍ ചെയ്തതാണ്.

ഇതിന് മുന്‍പും ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ കേസ് കൊടുത്ത സാഹചര്യവുമുണ്ടായിട്ടുണ്ട്. പിന്നെ കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയെന്ന് എന്നെ ആരും പഠിപ്പിക്കേണ്ടതില്ല. ചൂരല്‍ കൊണ്ട് അടിച്ചെന്ന് പറയുന്നത് ആലങ്കാരികമായി പറഞ്ഞതാണ്. അതൊരു പ്രയോഗമാണ്. ഇപ്പോഴുണ്ടായതെല്ലാം ആസൂത്രിതമാണ്’.

Story Highlights: m mukesh mla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here