ഇന്നത്തെ പ്രധാന വാർത്തകൾ (05-07-2021)

ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു
മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു. 84 വയസായിരുന്നു. ബാദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഭീമ കൊറേഗാവ് കേസില്‍ എന്‍ ഐ എ അറസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സ്റ്റാന്‍ സ്വാമിക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലുമുണ്ടായിരുന്നു. മുംബൈയിലെ തലോജ ജയിലില്‍ നിന്ന് സ്റ്റാന്‍ സ്വാമിയെ മെയ് 28നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും; ഇളവുകളിൽ തീരുമാനം നാളെ
സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ തുടരാന്‍ ധാരണ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം. നിലവിലുള്ള നിയന്ത്രണങ്ങള്‍ രണ്ടാഴ്ച കൂടി തുടരാനാണ് സാധ്യത. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന സമിതിയോഗമാണ് തീരുമാനമെടുത്തത്.
ടിപി കേസ് പ്രതികള്‍ സംരക്ഷണം നല്‍കുമെന്ന് അര്‍ജുന്‍ ആയങ്കി പറഞ്ഞതായി കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി ഷെഫീഖ്. ജയിലില്‍ വധഭീഷണി നേരിട്ടെന്നും ഷെഫീഖ് കോടതിയെ അറിയിച്ചു. പരാതി എഴുതി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
മുകേഷ് എംഎൽഎയുമായി ബന്ധപ്പെട്ട ഫോൺവിളി വിവാദത്തിൽ പ്രതികരിച്ച് ഒറ്റപ്പാലത്തെ കുട്ടി. മുകേഷ് എംഎൽഎയെ വിളിച്ചത് കൂട്ടുകാരന് വേണ്ടിയാണെന്ന് കുട്ടി പറഞ്ഞു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഫോൺ ലഭ്യമാക്കാനാണ് വിളിച്ചത്. സിനിമാ നടനായതുകൊണ്ടാണ് കോൾ റെക്കോർഡ് ചെയ്തത്. സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും കുട്ടി വ്യകത്മാക്കി.
മുകേഷ് എംഎൽഎയെ വിളിച്ച വിദ്യാർത്ഥിയെ കണ്ടെത്തി
മുകേഷ് എംഎൽഎയെ വിളിച്ച ഒറ്റപ്പാലം സ്വദേശിയായ വിദ്യാർത്ഥിയെ കണ്ടെത്തി. ട്വന്റിഫോർ സംഘമാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. കുട്ടിയെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും കുട്ടി അവിടെ ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ എട്ട് മണിയോടെ സിപിഐഎം പ്രവർത്തകർ കുട്ടിയെ മാറ്റിയെന്നാണ് വിവരം. മീറ്റ്‌ന സ്വദേശിയാണ് കുട്ടി.
വണ്ടിപ്പെരിയാറിൽ ആറുവയസുകാരി പീഡനത്തിനിരയായത് മൂന്ന് വർഷം; പ്രതി അശ്ലീല വിഡിയോകൾക്ക് അടിമ
ഇടുക്കി വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസുകാരിയെ പ്രതിയായ അർജുൻ പീഡിപ്പിച്ചത് മൂന്ന് വർഷമെന്ന് പൊലീസ്. കൊലയ്ക്ക് ശേഷം ഇയാൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് ഇയാൾ കുട്ടിയെ ദുരുപയോഗം ചെയ്തതെന്നും പൊലീസ് പറയുന്നു.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി ഈ മാസം 16 ന് അവസാനിക്കും. നിലവിൽ ശിവശങ്കറിന് സർവ്വീസിൽ തിരിച്ചു വരുന്നതിന് സാങ്കേതിക തടസ്സങ്ങളില്ല. എന്നാൽ വിവാദമാകാൻ സാധ്യതയുള്ളതിനാൽ നിയമോപദേശത്തിന് ശേഷമായിരിക്കും സർക്കാർ തീരുമാനം.
Story Highlights: todays news headlines july 5
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here