യൂറോ കപ്പ്; ഇന്ന് ആദ്യ സെമി; ഇറ്റലിയും സ്പെയിനും മുഖാമുഖം

യൂറോ കപ്പ് സെമിഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ഇറ്റലി സ്പെയിനെ നേരിടും. വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം അർദ്ധരാത്രി 12.30നാണ് മത്സരം. 32 മത്സരങ്ങളായി തോൽവി അറിയാതെ കുതിയ്ക്കുന്ന ഇറ്റലി തന്നെയാണ് കരുത്തരെങ്കിലും ലൂയിസ് എൻറിക്കെ എന്ന മികച്ച ടാക്ടീഷ്യൻ പരിശീലിപ്പിക്കുന്ന സ്പെയിനെ തള്ളിക്കളയാനാവില്ല.
ലോക ഒന്നാം നമ്പർ താരം ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കെട്ടുകെട്ടിച്ചാണ് റോബർട്ടോ മാൻസീനിയുടെ സ്വപ്ന സംഘം സെമി ഉറപ്പിച്ചത്. 2018 ലോകകപ്പ് യോഗ്യത നേടാനാവാതെ നിന്ന ഇറ്റലി ഇന്ന് ലോക ഫുട്ബോളിലെ തന്നെ ഏറ്റവും അപകടകാരികളായ സംഘമാണ്. ഗ്രൂപ്പ് പോരാട്ടങ്ങളെല്ലാം വിജയിച്ച ഇറ്റലി പ്രീക്വാർട്ടറിൽ ഓസ്ട്രിയയെയും പരാജയപ്പെടുത്തി. പ്രതിരോധത്തിനും ആക്രമണത്തിനുമിടയിലെ കണ്ണിയായി നിൽക്കുകയും കളി നിയന്ത്രിക്കുകയും ചെയ്യുന്ന ജോർജീഞ്ഞോ മുതൽ സിറോ ഇമ്മോബ്‌ലെ, മാർക്കോ വെറാറ്റി, ജോർജിയോ ചിയെല്ലിനി, ഫെഡെറിക്കോ ചിയേസ എന്നിങ്ങനെ ഏത് പൊസിഷനെടുത്താലും വളരെ കൃത്യമായ താരങ്ങൾ ഇറ്റലിക്കുണ്ട്. അതുകൊണ്ട് തന്നെ ഇറ്റലിക്ക് ഈ കളി കൃത്യമായ മുൻതൂക്കവുമുണ്ട്.
അതേസമയം, ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങൾക്കു ശേഷം തകർപ്പൻ ഫോമിലെത്തിയ സ്പെയിൻ സ്വിറ്റ്സർലൻഡിനെതിരെ നടന്ന ക്വാർട്ടർ ഫൈനൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയിച്ചത്. സ്വിസ് ഗോളി യാൻ സോമ്മറുടെ അവിശ്വസനീയ സേവുകളാണ് കളി ഷൂട്ടൗട്ടിലേക്ക് നീട്ടിയതെന്ന യാഥാർത്ഥ്യം സത്യത്തിൽ സ്പെയിന് ആശ്വാസമാണ്. 18 വയസ്സുകാരൻ പെഡ്രിയാണ് സ്പാനിഷ് ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. അസാമാന്യ പന്തടക്കവും ഡിസ്ട്രിബ്യൂഷനും വിഷനുമൊക്കെ പ്രകടമാക്കുന്ന കൗമാര താരം അടുത്ത സൂപ്പർ സ്റ്റാർ എന്ന വിശേഷണങ്ങൾക്കും അർഹനാണ്. പെഡ്രിക്കൊപ്പം സെർജിയോ ബുസ്കറ്റ്സും സ്പാനിഷ് ടീമിലെ സുപ്രധാന താരമാണ്. 18കാരനും 32കാരനും ചേർന്ന് നിയന്ത്രിക്കുന്ന സ്പെയിനിൽ ഫെറാൻ ടോറസ്, ജോർഡി ആൽബ, കോക്കെ തുടങ്ങിയ മികച്ച താരങ്ങളും അണിനിരക്കും.
ടീമുകൾക്കപ്പുറം, മികച്ച രണ്ട് പരിശീലകർ തമ്മിലുള്ള ഏറ്റുമുട്ടൽ കൂടിയാവും മത്സരം.
Story Highlights: euro cup semifinal italy vs spain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here