ചിരവൈരികളുടെ കലാശപോര്; ഫൈനലില്‍ കാണാം ബ്രസീലേ എന്ന് ആശാന്; തീ പാറുമെന്ന്ശിവന്കുട്ടി; പുതു ചരിത്രം കുറിക്കും-കടകംപള്ളി
ബ്രസീലിലെ മാറക്കാന സ്റ്റേഡിയം ലോകം കാത്തിരിക്കുന്ന സ്വപ്ന ഫൈനലിനായി ഒരുങ്ങുകയാണ്. കോപ അമേരിക്ക ഫൈനലിൽ ബ്രസീലും അര്‍ജന്റീനയും നേർക്കുനേർ എത്തുന്നതോടെ കേരളത്തിലെ കാല്പന്ത് ആരാധകര്‍ ആവേശത്തിലാണ്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോപ്പയുടെ ചരിത്രത്തില്‍ ബ്രസീല്‍ – അര്‍ജന്റീന ഫൈനല്‍ വീണ്ടുമെത്തുന്നത്.
കേരളത്തിലും ആരാധക സ്നേഹം അണപൊട്ടിയൊഴുകുകയാണ്. പരസ്പ്പരം വെല്ലുവിളിച്ചും ട്രോളുകളും സ്റ്റാറ്റസ് വിഡിയോകളുമായി ആവേശക്കാഴ്ചകളുമൊരുക്കുമ്പോൾ രാഷ്ട്രീയ നേതാക്കളും ഒപ്പം കൂടുകയാണ്. പ്രഖ്യാപിത അര്‍ജന്റീന ആരാധകനായ മുന്‍ മന്ത്രി എം.എം മണി ‘അപ്പോ ഫൈനലില്‍ കാണാം ബ്രസീലേ’ എന്നാണ് കൊളംബിയക്കെതിരായ സെമിഫൈനല്‍ വിജയത്തിന് ശേഷം ഫേസ്ബുക്കില്‍ കുറിച്ചത്.
‘കോപ്പ അമേരിക്ക ഫൈനലില്‍ തീപാറും.. ബ്രസീല്‍ അര്‍ജന്റീനയെ നേരിടും…മണി ആശാനേ മറക്കാനയില്‍ കാണാം’ കടുത്ത ബ്രസീല്‍ ആരാധകനായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എഫ്.ബിയിലൂടെ തന്നെ മറുപടി നല്കി.
ചരിത്രമുറങ്ങുന്ന മറക്കാനയില്‍ ഞായറാഴ്ച പുതിയ ഫുട്ബാള്‍ ചരിത്രം കുറിക്കുമെന്നാണ് മണിയാശാനെ മെന്‍ഷന്‍ ചെയ്ത് സ്വപ്ന ഫൈനലിനെ കുറിച്ച് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് എഴുതിയത്.
ഏതായാലും മൂവരുടെയും പോസ്റ്റുകള്‍ക്ക് താഴെ ആരാധകര്‍ വാക്യുദ്ധവും സ്കോര്‍ പ്രവചനവും തുടങ്ങി കഴിഞ്ഞു. ഞായറാഴ്ച രാവിലെ 5.30 നാണ് ചിരവൈരികളുടെ കലാശപോരാട്ടം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here