Advertisement

ആമയിഴഞ്ചാന്‍ തോടിന് ശാപമോക്ഷം; നവീകരണത്തിന് 25 കോടി

July 8, 2021
Google News 0 minutes Read

ആമയിഴഞ്ചാന്‍ തോടിന് ശാപമോക്ഷത്തിനുള്ള വഴി തെളിയുന്നു. തോടിന്റെ ശുദ്ധീകരണത്തിനും നവീകരണത്തിനുമായി ജലവിഭവ വകുപ്പ് സമര്‍പ്പിച്ച 25 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. കണ്ണമൂല മുതല്‍ ആക്കുളം വരെയുള്ള ഭാഗത്തെ പുനര്‍നിര്‍മാണത്തിനും ചെളി നീക്കുന്നതിനുമുള്ള നടപടികളാണ് ഉടന്‍ ആരംഭിക്കുക.

ആമയിഴഞ്ചാനിലെ ഉള്‍പ്പെടെ വിവിധ തോടുകളിലെ എക്കല്‍ നീക്കുന്നതിനായി സില്‍റ്റ് പുഷര്‍ മെഷീന്‍ വാങ്ങുന്നതിനും തീരുമാനമായി. മുന്‍പ് വെള്ളത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന എസ്‌കവേറ്റര്‍ ഉപയോഗിച്ച് ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ തോട്ടില്‍ എസ്‌കവേറ്റര്‍ ഉപയോഗിക്കുന്നത് പ്രായോഗികമല്ലെന്ന് കണ്‍സള്‍ട്ടന്റ് ആയിരുന്ന ബാര്‍ട്ടണ്‍ ഹില്‍ എഞ്ചിനിയറിങ് കോളജിലെ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് സില്‍റ്റ് പുഷര്‍ വാങ്ങുന്നതിന് തീരുമാനമായത്.

രണ്ടു വര്‍ഷത്തേക്ക് ഇതു പ്രവര്‍ത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്. തോട്ടില്‍ നിന്ന് ചെളി നീക്കം ചെയ്യുന്നതിനു പുറമേ സംരക്ഷണ ഭിത്തി കെട്ടുന്നതിനും അതിര്‍ത്തി കെട്ടി സംരക്ഷിക്കുന്നതിനും അടക്കം പദ്ധതിയില്‍ തുക നീക്കി വയ്ക്കും. കോര്‍പറേഷന്‍ പരിധിയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട തോടുകളിലൊന്നാണ് ആമയിഴഞ്ചാന്‍ തോട്. കോര്‍പറേഷനിലൂടെ ഒഴുകുന്ന പ്രധാനപ്പെട്ട തോടുകളെല്ലാം ആമയിഴഞ്ചാനിലാണ് വന്നു ചേരുന്നത്.

കേരള ജലവകുപ്പിന്റെ ജല ശുദ്ധീകരണ പ്ലാന്റിലെ ഒബ്‌സര്‍വേറ്ററി ഹില്ലില്‍ നിന്ന് ഉത്ഭവിച്ച് കണ്ണമ്മൂല വഴി ആക്കുളം കായലില്‍ ചേരുന്ന ആമയിഴഞ്ചാന്‍ തോടിന് 12 കിലോമീറ്ററാണ് നീളം. ആമയിഴഞ്ചാന്‍ തോട്ടിലെ പ്രധാന മാലിന്യങ്ങള്‍ പ്ലാസ്റ്റിക്കും ഇറച്ചി അവശിഷ്ടങ്ങളുമാണ്. മാലിന്യം വലിച്ചെറിയുന്നതു തടയാന്‍ ഉയരത്തില്‍ സ്ഥാപിച്ച കമ്പിവേലികളില്‍ പലതും നശിപ്പിച്ച നിലയിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here