‘കൊല നടന്ന ദിവസം പ്രതി 50 രൂപയ്ക്ക് മിഠായി വാങ്ങി’; വണ്ടിപ്പെരിയാർ കേസിൽ മൊഴി

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസുകാരിക്ക് പ്രതി അർജുൻ സ്ഥിരമായി മിഠായി വാങ്ങി നൽകാറുണ്ടായിരുന്നുവെന്ന് പൊലീസ്. കൊല നടന്ന ദിവസം അൻപത് രൂപയ്ക്കാണ് മിഠായി വാങ്ങിയത്. പ്രതി മിഠായി നൽകിയാണ് കുട്ടിയെ വശത്താക്കിയിരുന്നതെന്നും പൊലീസ് പറയുന്നു.
പ്രതി സ്ഥിരമായി മിഠായി വാങ്ങാറുള്ള വണ്ടിപ്പെരിയാറിലെ കടയിലെത്തി പൊലീസ് തെളിവെടുത്തു. സംഭവ ദിവസം പ്രതി അൻപത് രൂപയ്ക്ക് മിഠായി വാങ്ങിയതായി കടയുടമ പൊലീസിന് മൊഴി നൽകി. കടയുടമയെ പ്രധാന സാക്ഷിയാക്കാനാണ് പൊലീസിന്റെ തീരുമാനം.
കഴിഞ്ഞ മാസം 30 നാണ് വണ്ടിപ്പെരിയാറിൽ ആറുവയസുകാരി കൊല്ലപ്പെട്ടത്. സംഭവ ദിവസം വീട്ടിലെത്തിയ പ്രതി കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. ബോധരഹിതയായ പെൺകുട്ടി മരിച്ചു എന്നുകരുതി പ്രതി കെട്ടിത്തൂക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് അർജുൻ ഉൾപ്പെടെയുള്ള സമീപവാസികളെ ചോദ്യം ചെയ്തു. അർജുന്റെ മൊഴികളിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പെൺകുട്ടിയെ പ്രതി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും ഇയാൾ അശ്ലീല വിഡിയോകൾക്ക് അടിമയായിരുന്നുവെന്നും പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
Story Highlights: Vandiperiyar murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here