Advertisement

അമ്പലപ്പുഴയിലെ പരിശോധന വ്യക്തിപരമല്ലെന്ന് എ വിജയരാഘവന്‍; പരാതിയുടെ നിജസ്ഥിതിയാണ് പരിശോധിക്കുന്നത്

July 10, 2021
Google News 1 minute Read

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പാലാ, കല്‍പ്പറ്റ മണ്ഡലങ്ങളിലെ തോല്‍വി ഗൗരവമുള്ളതെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ഇരുമണ്ഡലങ്ങളിലെയും തോല്‍വി സംബന്ധിച്ച് വിശദമായ പരിശോധന നടത്തും. അമ്പലപ്പുഴയിലെ പരാതി സംസ്ഥാന കമ്മിറ്റി പരിശോധിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. പരിശോധന വ്യക്തിപരമല്ല, പരാതിയുടെ നിജസ്ഥിതിയാണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എ വിജയരാഘവന്റെ വാക്കുകള്‍:
‘തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും മുന്നണി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ ചില മണ്ഡലങ്ങളില്‍ പോരായ്മകളുണ്ടായി, അത്തരം കാര്യങ്ങള്‍ ഗൗരവമുള്ളതാണ്. ജയിക്കേണ്ടിയിരുന്ന സ്ഥലങ്ങളില്‍ സംഘടനാപരമായ പരിമിതികളുണ്ടായി. ഇക്കാര്യങ്ങളില്‍ പാര്‍ട്ടി സൂക്ഷ്മ പരിശോധന നടത്തും. പാലായിലെയും കല്‍പ്പറ്റയിലെയും തോല്‍വി ഗൗരവമുള്ളതാണ്. അമ്പലപ്പുഴയിലെ പരാതി സംസ്ഥാന കമ്മിറ്റി പരിശോധിക്കും. പരിശോധന വ്യക്തിപരമല്ല, പരാതിയുടെ നിജസ്ഥിതിയാണ് അന്വേഷിക്കുന്നത്’.
അതേസമയം ജി സുധാകരന്‍ സംസ്ഥാന സമിതിയില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്നറിയില്ല എന്നാണ് എ വിജയരാഘവന്‍ പ്രതികരിച്ചത്. കുറ്റ്യാടിയില്‍ കുഞ്ഞമ്മദ് മാസ്റ്റര്‍ക്കെതിരെ ജില്ലാ കമ്മിറ്റി നടപടി സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ ഗുണപരമായ മികവും അടിത്തറയും മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പാര്‍ട്ടി വിദ്യാഭ്യാസ പരിപാടികള്‍ വിപുലപ്പെടുത്താനും രാഷ്ട്രീയവും സംഘടനാപരവുമായ കുറവുകളെ പരിഹരിച്ച് തിരുത്തും. സമൂഹത്തില്‍ യുക്തിബോധവും ശാസ്ത്രബോധവും വളര്‍ത്തുന്നതിന് വേണ്ടിയുള്ള പ്രവര്‍്തതനങ്ങളെ മുന്നോട്ടുകൊണ്ടുപോകും. ഒപ്പം സമൂഹത്തിന്റെ പൊതുബോധത്തെ വലതുപക്ഷവത്ക്കരിക്കാനുള്ള പരിശ്രമങ്ങള്‍ പരാജയപ്പെടുത്തും. തെരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിക്കും മുന്നണിക്കും മികച്ച വിജയമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. യുഡിഎഫും ബിജെപിയും കേന്ദ്ര ഏജന്‍സികളും സര്‍ക്കാരിനെതിരെ ഒരുമിച്ചു. എല്ലാ വിഭാഗങ്ങളും യുഡിഎഫിന് വിപുലമായ പിന്തുണ നല്‍കിയെന്നും എ വിജയരാഘവന്‍ പറഞ്ഞു.

Story Highlights: a vijayaraghavan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here