പോസ്റ്റ്‌മോർട്ടം ടേബിളിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ച് വന്ന അബ്ദുൾ ജബ്ബാർ അന്തരിച്ചു

പോസ്റ്റ്‌മോർട്ടത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ച് വന്ന കൊച്ചി സ്വദേശി, മാഹി പുത്തലത്ത് താമസിക്കുന്ന അബ്ദുൾ ജബ്ബാർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ജബ്ബാറിന്റെ അന്ത്യം.
1973 ജനുവരിയിലാണ് സംഭവം നടന്നത്. ദുബായിൽ ഇലക്ട്രോണിക് ടെക്‌നീഷ്യനായിരുന്നു അബ്ദുൾ ജബ്ബാർ. നാട്ടിൽ വന്ന ശേഷം 30 ന് ദുബായ്ക്ക് മടങ്ങാൻ അദ്ദേഹം വണ്ടി പിടിച്ചു. മംഗളൂരുവിൽ നിന്ന് ബസിൽ മുംബൈയിൽ എത്തിയ ശേഷം അവിടെ നിന്ന് ദുബായ്ക്ക് വിമാനത്തിൽ പോകാനായിരുന്നു തീരുമാനിച്ചത്. മംഗളൂരുവിൽ നിന്ന് മുംബൈയ്ക്കുള്ള യാത്രയ്ക്കിടെ അബ്ദുൾ ജബ്ബാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ലോറിയുമായി ഇടിച്ചുണ്ടായ അപകടത്തിൽ ബസിലുണ്ടായിരുന്ന രണ്ട് പേർ മരിക്കുകയും നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരുക്കേറ്റ അബ്ദുൾ ജബ്ബാറിനെ സാംഗ്‌ലി ജില്ലയിലെ വാൻലെസ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 31 ന് അബ്ദുൾ ജബ്ബാറിന്റെ മരണം ഡോക്ടർമാർ സ്ഥരീകരിച്ചു. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ്‌മോർട്ടത്തിന്റ ഭാഗമായി തലയോട്ടിയിൽ കണ്ണിന് മുകളിൽ പതിഞ്ഞ ആദ്യ അടിയിൽ കൈവിരൽ ചെറുതായൊന്ന് ചലിച്ചതായി ഡോക്ടർ കണ്ടെത്തി. ഉടൻ വേണ്ട ചികിത്സ നൽകി ജീവൻ രക്ഷിച്ചെടുക്കുകയായിരുന്നു. തലയോട്ടിയിലെ ആ അടിയിൽ അബ്ദുൾ ജബ്ബാറിന്റെ ഒരു കണ്ണിന്റെ കാഴ്ച എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരുന്നു.
Story Highlights: postmortem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here