‘ഇത്രയും നാൾ ആരും കോളനിയിലേക്ക് വന്നില്ലലോ, പെട്ടെന്ന് പോസ്റ്റുമോർട്ടം ചെയ്യണം’; മൃതദേഹം കൊണ്ടുപോകുന്നത് തടഞ്ഞ എംപിക്കെതിരെ അംബികയുടെ ബന്ധുക്കൾ

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അംബികയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനെതിരെ കോൺഗ്രസിന്റെ പ്രതിഷേധം. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ നിന്നാണ് മൃതദേഹം മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയത്. ബെന്നി ബെഹനാൻ എം പി അടക്കമുള്ള നേതാക്കൾ മൃതദേഹവുമായി പുറപ്പെട്ട ആംബുലൻസിന് വട്ടം നിന്ന് പ്രതിഷേധിച്ചു. കളക്ടർ എത്താതെ പിന്മാറില്ലെന്ന നിലപാടായിരുന്നു പ്രാദേശിക നേതാക്കൾ അടക്കം സ്വീകരിച്ചിരുന്നത്. എന്നാൽ പ്രതിഷേധക്കാരെ പൊലീസ് ഇടപെട്ട് മാറ്റി നിർത്തിയ ശേഷമായിരുന്നു മൃതദേഹവുമായി ആംബുലൻസ് മുന്നോട്ട് എടുത്തത്.
അതേസമയം, അംബികയുടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ കോൺഗ്രസ് എം പിക്കെതിരെയും പ്രാദേശിക നേതാക്കൾക്കെതിരെയും ബന്ധുക്കൾ രംഗത്തെത്തി. മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കാത്തത് ശരിയല്ലെന്നും കൂടുതൽ പരിശോധനകൾ നടത്തി മരണകാരണം എന്തെന്ന് അറിയേണ്ടതുണ്ട്. മുൻപ് കാട്ടാനയാക്രമണം ഉണ്ടായപ്പോൾ ഇടപെടാത്ത എംപി ഇപ്പോൾ മൃതദേഹം കൊണ്ടുപോകുന്നത് തടയുന്നത് എന്തിനാണെന്നും ബന്ധുക്കൾ ചോദിച്ചു.
ഒരാവശ്യത്തിന് പോലും കോളനിയിലേക്ക് വരാത്ത, കാട്ടാനക്രമണം ഉണ്ടായപ്പോൾ ഇടപെടാത്ത എംപിയാണ് ഇപ്പോൾ മൃതദേഹം കൊണ്ടുപോകുന്നത് തടയുന്നത്. പെട്ടെന്ന് തന്നെ പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നും നടപടികൾ കഴിഞ്ഞ് മൃതദേഹം വിട്ടു നല്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
Story Highlights : Athirappilly wildelephant attack; Ambika’s body taken to Thrissur Medical College
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here