“ക്യാപ്റ്റന്‍ ഈ വിജയം നിങ്ങളുടേതാണ്”; മെസിക്ക് കിരീടം സമര്‍പ്പിച്ച് മാര്‍ട്ടിനെസ്സ്

കോപ അമേരിക്ക കിരീടം ഉയര്‍ത്തി ചരിത്രമെഴുതിയതിന് പിന്നാലെ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് കിരീടം സമര്‍പ്പിച്ച് അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്സ്. “ക്യാപ്റ്റന്‍ ഈ വിജയം നിങ്ങളുടേതാണ്, നിങ്ങള്‍ക്ക് വേണ്ടി ഈ ജയം സമര്‍പ്പിക്കുന്നു”- എമി മാര്‍ട്ടിനെസ്സ് മാധ്യമങ്ങളോട് പറഞ്ഞു.
ലയണല്‍ മെസ്സി തന്റെ ജീവിതത്തില്‍ ഏറ്റവുമധികം ആഗ്രഹിച്ചതും അര്‍ജന്റീനക്ക് വേണ്ടി ഒരു കിരീടമാണ്. ആ സ്വപ്നം യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. കോപ അമേരിക്കയിലെ അര്‍ജന്റീനയുടെ ജയത്തിന്റെ ചാലക ശക്തിയായിരുന്നു മാര്‍ട്ടിനെസ്സ്.
കോപ അമേരിക്കയിലെ ഗോള്‍ഡന്‍ ഗ്ലോവ് സ്വന്തമാക്കിയ എമിലിയാനോ മാര്‍ട്ടിനെസ് ഫൈനലിലും ക്ലീന്‍ ഷീറ്റ് കീപ്പ് ചെയ്തു. ടൂര്‍ണമെന്റില്‍ നാല് ക്ലീന്‍ ഷിറ്റുകള്‍ കീപ്പ് ചെയ്ത മാര്‍ട്ടിനെസ്സ് മൂന്ന് ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. സെമിയിലെ ഐതിഹാസിക ജയം നേടാന്‍ അര്‍ജന്റീനയെ സഹായിച്ചത് മാര്‍ട്ടിന്‍സിന്റെ മൂന്ന് പെനാല്‍റ്റി സേവുകളാണ്. മാര്‍ട്ടിനെസിന്റെ പെര്‍ഫോമന്‍സിനെ ഇന്‍സ്റ്റഗ്രാമിലൂടെ ലയണല്‍ മെസ്സിയും പുകഴ്ത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here