Advertisement

ജി.സുധാകരനെ മാത്രം സിപിഎം വിചാരണ ചെയ്യുന്നതിന് കാരണമുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വചസ്പതി

July 11, 2021
Google News 0 minutes Read

തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ ഭാഗമായി മുൻ മന്ത്രി ജി.സുധാകരനെ മാത്രം സിപിഎം വിചാരണ ചെയ്യുന്നതിൽ കാരണമുണ്ടെന്ന് ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന സന്ദീപ് വചസ്പതി. ആലപ്പുഴയിൽ വോട്ട് കുറഞ്ഞിട്ടും അത്ര വോട്ട് കുറയാത്ത അമ്പലപ്പുഴയിൽ മാത്രം സിപിഎം ഇഴകീറി പരിശോധിക്കുന്നത് സംശയാസ്പദമാണ്.

എച്ച്.സലാമിനെതിരെ ചന്ദ്രാനന്ദൻ സ്മാരകത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ കൂടി ഇതിനൊപ്പം കൂട്ടിവായിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പാർട്ടിയെ ഒറ്റിയവൻ എന്ന ലേബലിലേക്ക് ജി. സുധാകരനെ ചുരുക്കാനാണ് ചിലരുടെ നീക്കം. തനിക്ക് പിന്നിൽ ചില രാഷ്ട്രീയ ക്രിമിനലുകൾ ഉണ്ടെന്ന സുധാകര വചനത്തിന്റെ അർത്ഥം മനസിലാക്കാൻ അൽപ്പം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് സാരം. ഫെയ്സ്ബുക്കിലൂടെയാണ് സന്ദീപിന്റെ പ്രതികരണം.

സന്ദീപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എന്തുകൊണ്ട് ജി.സുധാകരൻ മാത്രം വിചാരണ ചെയ്യപ്പെടുന്നു. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തവുമുണ്ട്.
അമ്പലപ്പുഴയേക്കാൾ ദയനീയ പ്രകടനം നടന്ന ആലപ്പുഴയെ ഒഴിവാക്കി അമ്പലപ്പുഴ മാത്രം ഇഴകീറി പരിശോധിക്കുന്ന സിപിഎമ്മിന്റെ നയം സംശയാസ്പദമാണ്. കണക്കുകൾ കഥ പറയും.

2016 ൽ ഡോ. തോമസ് ഐസക് 83,211 വോട്ടുകൾ നേടിയപ്പോൾ 2021 ൽ പി.പി ചിത്തരഞ്ജന് 73,412 വോട്ടുകൾ മാത്രമാണ് നേടാനായത്. 9799 വോട്ടുകളുടെ കുറവ്. അതേ സമയം അമ്പലപ്പുഴയിൽ ജി സുധാകരൻ നേടിയ 63,069 വോട്ടുകളേക്കാൾ വെറും 1704 വോട്ടുകൾ മാത്രമാണ് എച്ച്. സലാമിന് കുറഞ്ഞത്. 2016 നേക്കാൾ 6.96% വോട്ടുകൾ 2021 ൽ ആലപ്പുഴയിൽ സിപിഎമ്മിന് നഷ്ടമായപ്പോൾ അമ്പലപ്പുഴയിൽ വെറും 2.53% ശതമാനം വോട്ടുകളേ കുറഞ്ഞുള്ളൂ.

ഭൂരിപക്ഷം പരിശോധിച്ചാലും അമ്പലപ്പുഴയിലെ പ്രകടനാണ് മികച്ചത്. ആലപ്പുഴയിലെ ഭൂരിപക്ഷത്തിൽ 19,388 വോട്ടുകളുടെ കുറവുണ്ടായപ്പോൾ അമ്പലപ്പുഴയിൽ ഭൂരിപക്ഷത്തിൽ 11,496 വോട്ടുകളേ കുറവുണ്ടായുള്ളൂ. പിന്നെന്തു കൊണ്ട് സുധാകരൻ മാത്രം ക്രൂശിക്കപ്പെടുന്നു? ആലപ്പുഴയിലെ വോട്ട് ചോർച്ചയേക്കാൾ അമ്പലപ്പുഴയിലെ പ്രകടനം മാത്രം വിലയിരുത്തിയാൽ മതിയെന്ന ചിന്തയ്ക്ക് പിന്നിലെ വികാരം എന്താണ്?.

എസ്.ഡി.പി.ഐ വോട്ടുകൾ കിട്ടിയില്ലായിരുന്നെങ്കിൽ സലാം 11,125 വോട്ടുകളുടെ ഭൂരിപക്ഷത്തിലെങ്കിലും ജയിക്കില്ലായിരുന്നു എന്ന വിലയിരുത്തലിലാണ് സിപിഎം. അതായത് കണക്കിൽ കാണുന്നതിലുമപ്പുറം പാർട്ടി വോട്ടുകൾ ചോർന്നിട്ടുണ്ടെന്ന് ചുരുക്കം. എച്ച്. സലാം എസ്.ഡി.പി.ഐക്കാരൻ ആണെന്ന് പ്രഖ്യാപിച്ച് ചന്ദ്രാനന്ദൻ സ്മാരകത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ കൂടി ഇതിനൊപ്പം കൂട്ടിവായിക്കണം. പാർട്ടിയെ ഒറ്റിയവൻ എന്ന ലേബലിലേക്ക് ജി. സുധാകരനെ ചുരുക്കാനാണ് ചിലരുടെ നീക്കം. തനിക്ക് പിന്നിൽ ചില രാഷ്ട്രീയ ക്രിമിനലുകൾ ഉണ്ടെന്ന സുധാകര വചനത്തിന്റെ അർത്ഥം മനസിലാക്കാൻ അൽപ്പം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് സാരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here