പ്ളേറ്റ്ലറ്റ് കൗണ്ട് വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

രക്തത്തിലെ ഒരു പ്രധാന ഘടകമാണ് പ്ളേറ്റ്ലറ്റ്. നമ്മുടെ ശരീരത്തിൽ ചെറുതോ വലുതോ ആയ മുറിവുകൾ പറ്റിയാൽ രക്തം കട്ടപ്പിടിക്കാൻ സഹായിക്കുന്ന ചെറിയ കോശങ്ങളാണിവ. ഇവ അമിതമായി രക്തം നഷ്ടപ്പെടുന്നതിനെ തടയുന്നു. ഒരു മൈക്രോലിറ്റർ രക്തത്തിൽ ഏകദേശം 1,50,000 – 4,50,000 പ്ളേറ്റ്ലറ്റ് ഉണ്ട്. എന്നാൽ വൈറൽ രോഗങ്ങൾ, കാൻസർ, ചില ജനിതക രോഗങ്ങൾ എന്നിവ മൂലം പ്ളേറ്റ്ലറ്റിൻറെ എണ്ണം വളരെ കുറയാം. വൈദ്യ സഹായത്തിനൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് വഴിയും രക്തത്തിലെ പ്ളേറ്റ്ലറ്റിൻറെ എണ്ണം കൂട്ടം. പ്ളേറ്റ്ലറ്റ് കൗണ്ട് കൂട്ടുന്ന ചില ഭക്ഷണങ്ങൾ ഇതാ;
മാതളം
ആന്റി ഓക്സിഡന്റും ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ധാരാളം ഉള്ളതിനാൽ രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ കഴിവ് മാതളത്തിനുണ്ട്. അതിനാൽ ഇത് പ്ളേറ്റ്ലറ്റ് കൗണ്ട് വർധിപ്പിക്കാനും സഹായിക്കും. മാതളം ജ്യൂസായോ അല്ലെങ്കിൽ സലാഡിലോ സ്മൂത്തിയിലോ ചേർത്ത് പ്രഭാത ഭക്ഷണമായും കഴിക്കാവുന്നതാണ്.

പപ്പായയും പപ്പായ ഇലയും
പപ്പായയും പപ്പായ ഇലയും പ്ളേറ്റ്ലറ്റ് കൗണ്ട് കൂട്ടാൻ നല്ലതാണ്. പപ്പായ കഴിക്കുകയും പപ്പായ ഇല കഷായം വച്ചും കുടിക്കാവുന്നതാണ്. ഡെങ്കിപ്പനി ബാധിച്ചവരിൽ പ്ളേറ്റ്ലറ്റ് കൗണ്ട് കൂട്ടാൻ പപ്പായ ഇല സത്ത് ഫലപ്രദമാണെന്ന്, മലേഷ്യയിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയായിരുന്നു. പപ്പായ ഇല വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് രണ്ട്‍ ദിവസം കുടിക്കുക. ഇതോടൊപ്പം പപ്പായയും കഴിക്കുക. പപ്പായ ഇല കഴിക്കുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടാവുന്നതാണ്.

മത്തങ്ങ
വിറ്റാമിൻ എ ധാരാളം അടങ്ങിയ മത്തങ്ങ പ്ളേറ്റ്ലറ്റുകളുടെ എണ്ണം കൂട്ടും. ശരീര കോശങ്ങളിലെ പ്രോട്ടീനുകളെ നിയന്ത്രിക്കാനും മത്തങ്ങ സഹായിക്കും. അര ഗ്ലാസ് മത്തങ്ങ ജ്യൂസിൽ ഒരു ടീ സ്പൂൺ തേൻ ചേർത്ത് ദിവസവും റാണാഡോ മൂന്നോ തവണ കുടിക്കാവുന്നതാണ്.

ഇലക്കറികൾ
പച്ച ചീര, ഉലുവ തുടങ്ങിയ ജീവകം കെ ധാരാളം അടങ്ങിയ ഇലക്കറികൾ പ്ളേറ്റ്ലറ്റുകളുടെ എണ്ണം വർധിപ്പിക്കും. സലാഡിൽ ചേർത്തോ, കറി വെച്ചോ ഇവ കഴിക്കാവുന്നതാണ്.

ഗോതമ്പ് പുല്ല്
വീറ്റ് ഗ്രാസ് അഥവാ ഗോതമ്പ് പുല്ലിന് പ്ളേറ്റ്ലറ്റ് കൗണ്ട് വർധിപ്പിക്കാൻ കഴിയും എന്ന് ഇന്റർനാഷണൽ ജേർണൽ ഓഫ് യൂണിവേഴ്‌സൽ ഫാർമസി ആൻഡ് ലൈഫ് സയൻസ് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അരുണ രക്ത കോശങ്ങൾ, ഹീമോഗ്ലോബിൻ, ശ്വേത രക്താണുക്കൾ എന്നിവയുടെ എണ്ണം കൂട്ടാനും ഗോതമ്പ് പുല്ലിന് കഴിയും. ക്ലോറോഫിൽ ധാരാളമായി അടങ്ങിയതും ഹീമോഗ്ലോബിന്റെ അതേ തന്മാത്രാ ഘടന ആയതുകൊണ്ടുമാണ് ഗോതമ്പു പുല്ലിന് ഈ ഗുണം ഉള്ളത്. അര കപ്പ് ഗോതമ്പ് പുല്ല് ജ്യൂസിൽ ഏതാനം തുള്ളി ചെറു നാരങ്ങ പിഴിഞ്ഞത് ചേർത്ത് ദിവസവും കുടിക്കാം.

ജീവകം സി അടങ്ങിയ ഭക്ഷണങ്ങൾ
ജീവകം സി അടങ്ങിയ ഭക്ഷണം പതിവായി കഴിക്കുന്നത് പ്ളേറ്റ്ലറ്റുകളുടെ കൗണ്ട് വർധിപ്പിക്കും. ഫ്രീറാഡിക്കലുകളുടെ നാശം തടയാതെ ഇത് സഹായിക്കും. മയോക്ലിനിക്കിന്റെ നിർദേശമനുസരിച്ച്, ദിവസവും 65 മുതൽ 90 മി.ഗ്രാം. വരെ ജീവകം സി വേണം. ഓറഞ്ച്, നാരങ്ങ, കാപ്സിക്കം, കിവി, പച്ചച്ചീര, ബ്രൊക്കോളി തുടങ്ങിയവയെല്ലാം കഴിക്കാം.
പാൽ
കാൽസ്യം, ജീവകം ഡി, ഫോളേറ്റ്, ജീവകം കെ എന്നിവയുടെ ഉറവിടമാണ് പാൽ. ജീവകം കെ. യുടെ അഭാവം രക്തം കട്ടപിടിക്കുന്നതിനെ തടയും. അതിനാൽ ദിവസവും ഭക്ഷണത്തിൽ പാൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. രോഗ പ്രതിരോധശക്തി വർധിപ്പിക്കാനും പ്ളേറ്റ്ലറ്റ് കൗണ്ട് കൂട്ടാനും പാൽ വളരെ നല്ലതാണ്. രാവിലെയോ രാത്രി കിടക്കുന്നതിന് മുമ്പോ ഒരു ഗ്ലാസ് പാൽ കുടിക്കുക.

കാരറ്റ്, ബീറ്റ്റൂട്ട്
വിളർച്ച ബാധിച്ചവർക്ക് ബീറ്റ്റൂട്ട് ഒരു മികച്ച ഭക്ഷണമാണ്. ആഴ്ചയിലേക് രണ്ട് തവണ വീതം കാരറ്റും ബീറ്റ്‌റൂട്ടും കഴിക്കുന്നത് പ്ളേറ്റ്ലറ്റ് കൗണ്ട് കൂട്ടും. ജ്യൂസായോ സാലഡിൽ ചേർത്തോ കഴിക്കാവുന്നതാണ്.

നെല്ലിക്ക
നെല്ലിക്ക പ്ളേറ്റ്ലറ്റ് കൗണ്ട് കൂട്ടാനും രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും മികച്ചതാണ്. ദിവസവും മൂന്നോ നാലോ നെല്ലിക്ക വീതം വെറും വയറ്റിൽ കഴിക്കാവുന്നതാണ്. നെല്ലിക്ക ജ്യൂസാക്കി ദിവസവും രണ്ടോ മൂന്നോ തവണയായി കുടിക്കാവുന്നതാണ്.

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here