നിലപാടില്‍ അയവ് വരുത്തി ട്വിറ്റര്‍; റസിഡന്റ് ഗ്രീവന്‍സ് ഓഫീസറെ നിയമിച്ചു

കേന്ദ്ര സര്‍ക്കാറുമായുള്ള നിയമ പോരാട്ടത്തിനൊടുവില്‍ ഐടി ഭേദഗതി നിയമം നടപ്പിലാക്കാനൊരുങ്ങി ട്വിറ്റര്‍. നടപടിയുടെ ഭാഗമായി ഇന്ത്യയില്‍ റസിഡന്റ് ഗ്രീവന്‍സ് ഓഫീസറെ ട്വിറ്റര്‍ നിയമിച്ചു. വിനയ് പ്രകാശാണ് പുതിയ റസിഡന്റ് ഗ്രീവന്‍സ് ഓഫിസര്‍. ഐടി ഭേദഗതി നിയമ പ്രകാരമാണ് ട്വിറ്റര്‍ ഇന്ത്യന്‍ സ്വദേശിയെ റസിഡന്റ് ഗ്രീവന്‍സ് ഓഫീസറായി നിയമിച്ചത്. ഉപയോക്താക്കള്‍ക്ക് ഇദ്ദേഹവുമായി ബന്ധപ്പെടാന്‍ ഇ-മെയില്‍ ഐഡി ട്വിറ്ററിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഉപയോക്താക്കള്‍ക്ക് ഇമെയില്‍ വഴി പരാതികള്‍ നല്‍കാം.
നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഉടന്‍ പരാതിപരിഹാര റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു.നിയമപ്രകാരം മുഖ്യ പരാതി പരിഹാര ഓഫിസര്‍, നോഡല്‍ ഓഫിസര്‍, റസിഡന്റ് ഗ്രീവന്‍സ് ഓഫിസര്‍ എന്നിവരെ സ്ഥിരമായി നിയമിക്കേണ്ടത് നിര്‍ബന്ധമാണ്. ഈ നിയമനങ്ങള്‍ നടത്താന്‍ കൂട്ടാക്കാത്തതിനാല്‍ ട്വിറ്ററിന്റെ നിയമപരിരക്ഷ ഇന്ത്യ പിന്‍വലിച്ചിരിക്കുകയാണ്. എട്ടാഴ്ചക്കുള്ളില്‍ പൂര്‍ണരീതിയില്‍ നിയമം നടപ്പിലാക്കാമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ട്വിറ്റര്‍ വ്യാഴാഴ്ച ഉറപ്പ് നല്‍കിയിരുന്നു.
നിയമം നടപ്പിലാക്കുന്നത് വരെ കേന്ദ്ര സര്‍ക്കാറിന് ട്വിറ്ററിനെതിരെ നടപടിയെടുക്കാമെന്നും ട്വിറ്ററിന് സംരക്ഷണം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ട്വിറ്റര്‍ നടപടികള്‍ വേഗത്തിലാക്കിയത്. ഐടി ഭേദഗതി നിയമം നടപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ചതായി ട്വിറ്റര്‍ അടുത്ത ദിവസം ഡല്‍ഹി ഹൈക്കോടതിയെ അറിയിക്കും.
Story Highlights: twitter, it act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here