അർജന്റൈൻ മാലാഖ ഡിമരിയക്ക് ഊഷ്മള വരവേല്പ് നൽകി കുടുംബവും നാട്ടുകാരും: വിഡിയോ

കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെതിരെ അർജൻ്റീനയുടെ വിജയഗോൾ നേടി കളിയിലെ താരമായ ഏഞ്ചൽ ഡി മരിയക്ക് ഊഷ്മള വരവേല്പ് നൽകി കുടുംബവും നാട്ടുകാരും. വീട് മുഴുവൻ അലങ്കരിച്ചാണ് കുടുംബം ഡി മരിയയെ വരവേറ്റത്. വീടിനു പുറത്ത് കൂടിനിന്ന നാട്ടുകാർ കയ്യടിച്ച് തങ്ങളുടെ ഹീറോയെ എതിരേൽക്കുകയും ചെയ്തു. ഡി മരിയക്ക് ലഭിച്ച ഈ വരവേല്പിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഭാര്യ ജോർജെലിന കാർഡോസോ ഡി മരിയയെ ആലിംഗനം ചെയ്താണ് സ്വീകരിക്കുന്നത്. അല്പ സമയത്തിനു ശേഷം മക്കളെ ഇരു കൈകളിലും കോരിയെടുത്ത് താരം വീടിനുള്ളിലേക്ക് കയറുമ്പോൾ പുറത്ത് കൂടിനിൽക്കുന്ന ആളുകൾ ഡി മരിയയുടെ പേര് മുദ്രാവാക്യമായി മുഴക്കുന്നതും വിഡിയോയിൽ കാണാം.
ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും കൂട്ടരും തോല്പിച്ചത്. 22ആം മിനിട്ടിലായിരുന്നു ഡി മരിയയുടെ വിജയഗോൾ. റോഡ്രിഗോ ഡി പോൾ ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. ഒരു ലോംഗ് ബോൾ ക്ലിയർ ചെയ്യാൻ ബ്രസീൽ പ്രതിരോധം പരാജയപ്പെട്ടപ്പോൾ പന്ത് ലോബ് ചെയ്ത് ഡി മരിയ ബ്രസീൽ ഗോൾവല തുളയ്ക്കുകയായിരുന്നു. 28 വർഷത്തിനു ശേഷമാണ് കോപ്പയിൽ അർജൻ്റീനയുടെ കിരീടധാരണം. 1993ലായിരുന്നു അവർ അവസാനമായി കോപ്പ നേടിയത്. മത്സരത്തിൽ ആദ്യാവസാനം കളം നിറഞ്ഞുകളിച്ച റോഡ്രിഗോ ഡിപോൾ ആണ് അർജൻ്റീനയ്ക്ക് ജയമൊരുക്കിയത്.
Story Highlights: Angel Di Maria gets warm welcome
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here